ശാരദ സാഗർ അണക്കെട്ടിനും ശാരദ കനാലിനും ഇടയിലുള്ള മഹോഫ് വനമേഖലയുടെ കീഴിലാണ് ചുക ബീച്ച് സ്ഥിതി ചെയ്യുന്നത്.
ലക്നൌ: ബീച്ച് എന്ന് കേട്ടാൽ ഒട്ടുമിക്കവരുടെയും മനസിലേയ്ക്ക് ആദ്യമെത്തുന്നത് ഗോവയായിരിക്കും. എന്നാൽ, ഗോവൻ ബീച്ചുകളെക്കാൾ ഏറെ സവിശേഷതകളുള്ള മറ്റൊരു ബീച്ച് ഇന്ത്യയിലുണ്ട്. ബീച്ചുകളില്ലാത്ത സംസ്ഥാനമായ ഉത്തർപ്രദേശിലാണ് മറഞ്ഞിരിക്കുന്ന ഒരു ബീച്ചുള്ളത്! ഗോവയിലെ പല ബീച്ചുകളിൽ നിന്നും വ്യത്യസ്തമായി ബീച്ച് വസ്ത്രങ്ങൾ ധരിച്ച് സൂര്യപ്രകാശം ആസ്വദിക്കാൻ പറ്റിയ സ്ഥലമല്ല ഇത് എന്നതാണ് പ്രധാന സവിശേഷത.
ഉത്തർപ്രദേശിലെ ഹിമാലയൻ വനങ്ങൾക്ക് സമീപമുള്ള ചുക ബീച്ചിൽ വിനോദസഞ്ചാരികൾക്ക് ആസ്വദിക്കാൻ ആവശ്യമായതെല്ലാമുണ്ട്. വടക്കേ ഇന്ത്യയിലെ ടൂറിസ്റ്റ് സർക്യൂട്ടിൽ ഒരു വിനോദസഞ്ചാര കേന്ദ്രമായി വളരാൻ ശക്തമായ സാധ്യതയുള്ള സ്ഥലമാണ് ചുക ബീച്ച്. ഇത് യഥാർത്ഥത്തിൽ ശാരദ നദിയിലെ തടയണയുടെ ഒരു ജലസംഭരണിയാണ്. പിലിഭിത് ജില്ലയിലെ ശാരദ സാഗർ അണക്കെട്ടിനും ശാരദ കനാലിനും ഇടയിലുള്ള മഹോഫ് വനമേഖലയുടെ കീഴിലാണ് ചുക ബീച്ച് വരുന്നത്. ചുക ബീച്ചിന് ചുറ്റുമുള്ള പ്രദേശം സംസ്ഥാന സർക്കാരാണ് സംരക്ഷിക്കുന്നത്. ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിനായി ചുക ബീച്ചിനെ ഒരു പിക്നിക് സ്ഥലമാക്കി സർക്കാർ മാറ്റിയിരിക്കുകയാണ്. പിലിഭിത്ത് കടുവ സംരക്ഷണ കേന്ദ്രത്തിന്റെ ബഫർ സോണിന്റെ ഭാഗമാണ് ഈ പ്രദേശം.
ഐ.എഫ്.എസ് ഓഫീസറായിരുന്ന രമേശ് പാണ്ഡെയ്ക്കാണ് ചുക്ക ബീച്ചിന്റെ ക്രെഡിറ്റ്. 2002 ഡിസംബറിൽ ശാരദ സാഗർ അണക്കെട്ടിനും ശാരദ കനാലിനും നടുവിലുള്ള ഈ വനപ്രദേശത്തെ കടുവ സംരക്ഷണത്തെ പിന്തുണയ്ക്കുന്ന ഒരു ഇക്കോ ടൂറിസം മാതൃകയാക്കി മാറ്റുന്നതിനുള്ള വെല്ലുവിളി അദ്ദേഹം ഏറ്റെടുത്തു. ഇതിന് ആവശ്യമായ ഫണ്ടില്ലെങ്കിലും പദ്ധതി ആരംഭിക്കുന്നതിനായി തന്റെ സഹ ഉദ്യോഗസ്ഥരോട് ശമ്പളത്തിന്റെ ഒരു ചെറിയ ഭാഗം സംഭാവന ചെയ്യാൻ അദ്ദേഹം ആവശ്യപ്പെട്ടു. തദ്ദേശീയ സമൂഹങ്ങളുമായി സംസാരിക്കാനും, കാടിന്റെ പ്രാധാന്യത്തെക്കുറിച്ച് അവരെ ബോധവൽക്കരിക്കാനും അദ്ദേഹം സമയം ചെലവഴിച്ചു. ഒടുവിൽ അദ്ദേഹത്തിന്റെ ശ്രമങ്ങൾ ഫലം കണ്ടു. 2014ൽ ചുക ബീച്ച് വിനോദസഞ്ചാര കേന്ദ്രമായി തുറന്നു.
സമാധാനവും ശാന്തതയും നിറഞ്ഞതാണ് ചുക ബീച്ചിന് ചുറ്റുമുള്ള പ്രദേശം. ഇടതൂർന്ന വനത്തിലൂടെ രണ്ട് കിലോമീറ്റർ സഞ്ചരിച്ചാൽ ചുക ബീച്ചിലെത്താം. കാട്ടുപൂച്ചകൾ, കുറുക്കൻ തുടങ്ങി നിരവധി മൃഗങ്ങൾ ഇവിടെയുണ്ട്. സർക്കാർ ഇവിടെ നടത്തുന്ന കാന്റീനിൽ സന്ദർശകർക്ക് ചായയും ലഘുഭക്ഷണവും ലഭിക്കും. വിനോദസഞ്ചാരികൾക്ക് താമസിക്കാൻ വ്യത്യസ്ത തരം സൗകര്യങ്ങൾ ഈ പ്രദേശത്ത് ലഭ്യമാണ്. ബാംബു ഹൗസുകൾ, ട്രീ ഹട്ടുകൾ തുടങ്ങിയവ വിനോദസഞ്ചാരികൾക്ക് ലഭ്യമാണ്. ഈ താമസ സൗകര്യങ്ങൾക്കുള്ള ബുക്കിംഗ് ഓൺലൈനായി ചെയ്യാം. അടിസ്ഥാന സൗകര്യങ്ങളുടെ അഭാവം കാരണം ഇവിടെ രാത്രി താമസം അത്ര ആസ്വാദ്യകരമായിരിക്കില്ല. ചുക ഇക്കോ ടൂറിസം സെന്ററിലേക്കുള്ള സന്ദർശനത്തിന് വിനോദസഞ്ചാരികൾ മുൻകൂട്ടി ബുക്ക് ചെയ്യേണ്ടതുണ്ട്. ചുക ബീച്ച് സന്ദർശിക്കാൻ ഏറ്റവും അനുയോജ്യമായ സമയം ഏപ്രിൽ മുതൽ ഒക്ടോബർ വരെയാണ്.
ചുക്ക ബീച്ചിൽ എങ്ങനെ എത്തിച്ചേരാം
റോഡ് മാർഗം: ബറേലിയിൽ നിന്ന് ഏകദേശം 70 കിലോമീറ്റർ അകലെയാണ് ചുക.
ട്രെയിൻ മാർഗം: ഏറ്റവും അടുത്തുള്ള റെയിൽവേ സ്റ്റേഷൻ പിലിഭിത്ത് ജംഗ്ഷൻ.
വിമാനമാർഗ്ഗം: ഏറ്റവും അടുത്തുള്ള വിമാനത്താവളം പന്ത്നഗർ (110 കിലോമീറ്റർ).


