കനത്ത മഴ കാരണം ഫ്ലൈറ്റ് ഷെഡ്യൂളിൽ താത്ക്കാലിക തടസ്സങ്ങൾ ഉണ്ടായേക്കാമെന്ന് ഇൻഡി​ഗോ.

മുംബൈ: മുംബൈയിൽ കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ യാത്രക്കാർക്ക് മാർ​ഗനിർദ്ദേശങ്ങളുമായി വിമാനക്കമ്പനിയായ ഇൻഡി​ഗോ. മുംബൈയിലെ ഛത്രപതി ശിവാജി മഹാരാജ് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കും തിരിച്ചും യാത്ര ചെയ്യുന്നവർക്കാണ് കമ്പനിയുടെ പ്രത്യേക അറിയിപ്പ് ലഭിച്ചിരിക്കുന്നത്. മേഖലയിലെ കനത്ത മഴ കാരണം ഫ്ലൈറ്റ് ഷെഡ്യൂളിൽ താൽക്കാലിക തടസ്സങ്ങൾ ഉണ്ടായേക്കാമെന്ന് ഇൻഡി​ഗോ അറിയിച്ചു. യാത്രക്കാർ ഇൻഡി​ഗോ ആപ്പിലോ വെബ്സൈറ്റിലോ (http://bit.ly/31paVKQ) അവരുടെ ഫ്ലൈറ്റ് സ്റ്റാറ്റസ് പരിശോധിക്കണമെന്നും അതനുസരിച്ച് യാത്രകൾ ആസൂത്രണം ചെയ്യണമെന്നുമാണ് അറിയിപ്പ്.

മുംബൈയിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഓറഞ്ച് അലർട്ട് പുറപ്പെടുവിച്ചിരുന്നു. മുംബൈ നഗരത്തിൽ ശക്തമോ അതിശക്തമോ ആയ മഴയുണ്ടാകുമെന്നാണ് മുന്നറിയിപ്പ്. കനത്ത മഴയെത്തുടർന്ന് തെക്കൻ മേഖലകളും പടിഞ്ഞാറൻ പ്രദേശങ്ങളും ഉൾപ്പെടെ മുംബൈയുടെ പല ഭാഗങ്ങളിലും വെള്ളക്കെട്ട് രൂപപ്പെട്ടിട്ടുണ്ട്. കനത്ത മഴ ഗതാഗതക്കുരുക്കിനും കാരണമായി. പല സ്ഥലങ്ങളിലും വെള്ളക്കെട്ട് നിലനിൽക്കുന്നതിനാൽ ​ഗതാ​ഗത തടസമുണ്ടാകുമെന്നും അതിനാൽ വിമാനത്താവളത്തിലേക്കുള്ള യാത്രകൾ ഇതിനനുസരിച്ച് ആസൂത്രണം ചെയ്യണമെന്നും ഇൻഡി​ഗോ അറിയിച്ചു. വീടുകളിൽ നിന്ന് വിമാനത്താവളത്തിലേക്ക് പുറപ്പെടുന്നതിന് മുമ്പ് ഫ്ലൈറ്റ് സ്റ്റാറ്റസ് പരിശോധിക്കാനും വിമാന ഷെഡ്യൂളുകളിൽ എന്തെങ്കിലും മാറ്റങ്ങളുണ്ടെങ്കിൽ അത് അറിഞ്ഞിരിക്കണമെന്നും ഇൻഡിഗോ അറിയിച്ചു.

ഇന്ന് രാവിലെ മുംബൈ, പൂനെ, നവി മുംബൈ എന്നിവയുൾപ്പെടെ മഹാരാഷ്ട്രയുടെ ചില ഭാഗങ്ങളിൽ ശക്തമായ മഴ പെയ്തിരുന്നു. ജൂൺ 18 മുതൽ 21 വരെ, ഗോവ ഉൾപ്പെടെയുള്ള കൊങ്കൺ മേഖലയിലും മഹാരാഷ്ട്രയുടെ മധ്യഭാഗത്തെ ചിലയിടങ്ങളിലും ഒറ്റപ്പെട്ട ശക്തമോ അതിശക്തമായതോ ആയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം.