ഗ്ലോബൽ ട്രാവൽ സേഫ്റ്റി ഇൻഡക്സ് പ്രകാരമുള്ള കണക്കുകൾ പുറത്തുവിട്ടിരിക്കുകയാണ് ഹലോസേഫ്. 

ദില്ലി: അന്താരാഷ്ട്ര യാത്രകൾ പ്ലാൻ ചെയ്യുന്നവർ ഏറെയാണ്. വിവിധ രാജ്യങ്ങളിലെ വ്യത്യസ്തമായ സംസ്കാരവും ഭൂപ്രകൃതിയും ഭക്ഷണങ്ങളുമെല്ലാം നേരിട്ട് ആസ്വദിക്കുക എന്നത് പലർക്കും വലിയ ആവേശം നൽകാറുണ്ട്. എന്നാൽ, അന്താരാഷ്ട്ര യാത്രകൾ നടത്തുമ്പോൾ ആ രാജ്യങ്ങളിലെ നിലവിലുള്ള സാ​ഹചര്യങ്ങൾ യാത്ര നടത്താൻ അനുയോജ്യമാണോ എന്ന് പരിശോധിക്കേണ്ടതുണ്ട്. അത്തരത്തിൽ ഈ വർഷം സുരക്ഷിതമായി യാത്ര നടത്താൻ സാധിക്കുന്ന 5 രാജ്യങ്ങളുടെ പട്ടിക പുറത്തുവിട്ടിരിക്കുകയാണ് ഫിനാൻഷ്യൽ പ്ലാറ്റ്‌ഫോമായ ഹലോസേഫ് (HelloSafe).

ഹലോസേഫ് പുറത്തുവിട്ട ​ഗ്ലോബൽ ട്രാവൽ സേഫ്റ്റി ഇൻഡക്സ് പ്രകാരം ലോകത്തിലെ ഏറ്റവും സുരക്ഷിതമായ രാജ്യം ഐസ്‌ലാൻഡാണ്. 18.23 എന്ന വളരെ കുറഞ്ഞ ഡേഞ്ചർ സോണാണ് ദ്വീപ് രാഷ്ട്രമായ ഐസ്‌ലാൻഡിനുള്ളത്. സിംഗപ്പൂർ (19.99), ഡെൻമാർക്ക് (20.05), ഓസ്ട്രിയ (20.31), സ്വിറ്റ്സർലൻഡ് ( 20.51) എന്നീ രാജ്യങ്ങളാണ് ആദ്യ 5 സ്ഥാനങ്ങളിലുള്ളത്. വിനോദസഞ്ചാരികളുടെ താത്പ്പര്യത്തിന്റെയോ യാത്രാ വിലക്കുകളുടെയോ പ്രതിഫലനമല്ല ഹലോസേഫിന്റെ സൂചിക എന്നത് ശ്രദ്ധേയമാണ്.

അതേസമയം, ലോകത്തിലെ ഏറ്റവും സുരക്ഷിതമായ ഇടമായി എപ്പോഴും കണക്കാക്കപ്പെടുന്ന ഒരു രാജ്യമാണ് ഐസ്‌ലാൻഡ്. ഐസ്‌ലാൻഡിലെ ടൂറിസം മേഖല അനുദിനം വളർന്നുകൊണ്ടിരിക്കുകയാണ്. 2017ലെ മാത്രം കണക്കുകൾ പരിശോധിച്ചാൽ സന്ദർശകരുടെ എണ്ണം അന്ന് 20 ലക്ഷത്തിലധികമായിരുന്നു. ഇത് ഐസ്‌ലാൻഡിന്റെ ജനസംഖ്യയുടെ ആറിരട്ടിയിലധികമാണ് എന്നത് തന്നെയാണ് ടൂറിസം മേഖലയുടെ വളർച്ചയെ അടയാളപ്പെടുത്തുന്നത്.

​ഗ്ലോബൽ പീസ് ഇൻഡക്സ് പ്രകാരം ലോകത്തിലെ ഏറ്റവും സമാധാനപരമായ രാജ്യം ഐസ്‌ലാൻഡാണ്. പത്ത് വർഷത്തിലേറെയായി ഐസ്‌ലാൻഡ് ഈ പദവി നിലനിർത്തിവരുന്നു. കുറ്റകൃത്യങ്ങൾ വളരെ കുറവാണെന്നതാണ് ഐസ്‌ലാൻഡിനെ മറ്റ് രാജ്യങ്ങളിൽ നിന്ന് വ്യത്യസ്തമാക്കുന്നത്. സായുധ പൊലീസ് നടപടിയിൽ ഐസ്‌ലാൻഡിൽ ഒരാൾ ആദ്യമായി മരിച്ചത് 2013 ലാണ് എന്നതാണ് ഇതിന് ഏറ്റവും മികച്ച ഉദാഹരണം. ഐസ്‌ലാൻഡിൽ കൊലപാതകങ്ങളും വളരെ കുറവാണ്. 2016ൽ രാജ്യത്താകെ നടന്നത് ഒരേയൊരു കൊലപാതകം മാത്രമാണ്.