മാനന്തവാടിയിൽ നിന്ന് 20 കിലോമീറ്റർ അകലെയാണ് ഈ സങ്കേതം സ്ഥിതി ചെയ്യുന്നത്.
വയനാടിന്റെ പ്രകൃതിഭംഗി ആസ്വദിക്കാനായി നിരവധിയാളുകളാണ് ദിനംപ്രതി ചുരം കയറുന്നത്. പൂക്കോട് തടാകവും ഇടക്കൽ കേവും ബാണാസുര ഡാമുമെല്ലാം വയനാട്ടിലെത്തുന്നവർ പതിവായി സന്ദർശിക്കുന്ന സ്ഥലങ്ങളാണ്. എന്നാൽ, വയനാട്ടിൽ ഒരിക്കലും മിസ്സാക്കാൻ പാടില്ലാത്ത ഒരു സ്ഥലമാണ് തോൽപ്പെട്ടി വന്യജീവി സങ്കേതം.
മാനന്തവാടിയില്‍ നിന്ന് 20 കിലോമീറ്റര്‍ കിഴക്ക് മാനന്തവാടി - കുടക് റോഡിലാണ് തോല്‍പ്പെട്ടി വന്യജീവി സങ്കേതം സ്ഥിതി ചെയ്യുന്നത്. വന്യജീവികളും പക്ഷിലതാദികളും ചേർന്ന് സമ്പന്നമായ ഇടമാണിത്. തോല്‍പ്പെട്ടിയുടെ വടക്കും പടിഞ്ഞാറും ബ്രഹ്മഗിരിക്കുന്നുകള്‍ കാവല്‍ നില്‍ക്കുന്നു. പ്രസിദ്ധമായ തിരുനെല്ലി ക്ഷേത്രം തോല്‍പ്പെട്ടി വന്യജീവി സങ്കേതത്തോട് ചേര്‍ന്നാണുള്ളത്.
തോൽപ്പെട്ടിയിലെ ജീപ്പ് സഫാരിയാണ് പ്രധാന ആകർഷണം. ഒരു നിശ്ചിത ദൂരം വരെയേ സഞ്ചാരികള്‍ക്ക് പോകാന്‍ അനുവാദമുള്ളൂ. ഈ മേഖലയിലൂടെയുള്ള യാത്ര ജീവിതത്തിൽ ഒരിക്കലും മറക്കാനാകാത്ത കാഴ്ചകൾ സമ്മാനിക്കും. ആന, കാട്ടുപോത്ത്, മാൻ, കുരങ്ങുകൾ, കടുവ, കരടി, പുലി, ഉരഗങ്ങൾ, ചിത്രശലഭങ്ങൾ, പക്ഷികൾ എന്നിവയെ ഇവിടെ കാണാൻ കഴിഞ്ഞേക്കും. രാവിലെ 7 മണി മുതല്‍ 10 മണി വരെയും ഉച്ചക്ക് 2 മണി മുതല്‍ 5 മണി വരെയുമാണ് സന്ദർശന സമയം.
മാനന്തവാടി ബസ് സ്റ്റാൻഡിൽ നിന്ന് ഏകദേശം 24 കി.മീ സഞ്ചരിച്ചാൽ തോൽപ്പെട്ടിയിലെത്താം. കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ നിന്ന് ഏകദേശം 120 കി.മീറ്ററും തലശ്ശേരി റെയിൽവേ സ്റ്റേഷനിൽ നിന്ന് 60 കി.മീറ്ററുമാണ് തോൽപ്പെട്ടയിലേയ്ക്കുള്ള ദൂരം. തലശ്ശേരിയാണ് ഏറ്റവും അടുത്തുള്ള റെയിൽവേ സ്റ്റേഷൻ. കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് ഏകദേശം 131 കി.മീ ദൂരവുമുണ്ട്.
