ഏപ്രിൽ 22-ന് പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തെ തുടർന്ന് ജമ്മു കശ്മീരിലെ വിനോദ സഞ്ചാര കേന്ദ്രങ്ങൾ അടിച്ചിരുന്നു. 

ശ്രീനഗർ: ഏപ്രിൽ 22-ന് പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തെ തുടർന്ന് അടച്ചിട്ട ജമ്മു കശ്മീരിലെ വിനോദ സഞ്ചാര കേന്ദ്രങ്ങൾ വീണ്ടും തുറക്കുന്നു. 16 വിനോദ സഞ്ചാര കേന്ദ്രങ്ങളാണ് തുറക്കുന്നത്. കശ്മീർ താഴ്‌വരയിലെയും ജമ്മു മേഖലയിലെയും 8 വീതം വിനോദ സഞ്ചാര കേന്ദ്രങ്ങൾ തുറക്കുമെന്ന് ലെഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹ അറിയിച്ചു. ജൂൺ 17 മുതലാണ് സഞ്ചാരികൾക്ക് ഇവിടേയ്ക്ക് പ്രവേശനം അനുവദിക്കുക.

1983ൽ പുറത്തിറങ്ങിയ ബോളിവുഡ് ചിത്രം ബേതാബ് പ്രശസ്തമാക്കിയ ബേതാബ് വാലിയാണ് ഇടവേളയ്ക്ക് ശേഷം വീണ്ടും തുറക്കുന്ന വിനോ​ദ സഞ്ചാര കേന്ദ്രങ്ങളിൽ ശ്രദ്ധേയം. ട്രെക്കിം​ഗ് താത്പ്പര്യമുള്ളവർക്കും ഫോട്ടോ​ഗ്രാഫർമാർക്കും ഒരുപോലെ പ്രിയപ്പെട്ടയിടമാണിത്. അനന്ത്നാഗിലെ പ്രശസ്തമായ വെരിനാഗ്, കൊക്കർനാഗ്, അച്ചബാൽ എന്നീ മുഗൾ ശൈലിയിലുള്ള ഉദ്യാനങ്ങളും തുറക്കും. ശ്രീനഗറിലെ ബദാംവാരി ഗാർഡൻ, ഡക്ക് പാർക്ക്, ഹസ്രത്ത്ബാൽ ദേവാലയത്തിനടുത്തുള്ള തക്ദീർ പാർക്ക് എന്നിവയും തുറക്കും.

കത്വയിലെ സർത്താൽ, ധഗ്ഗർ, ദേവിപിണ്ടി, സിയാദ് ബാബ, സുല പാർക്ക്, ജയ് വാലിയിലെ ആൽപൈൻ പുൽമേടുകൾ, ഉദംപൂരിലെ ശാന്തമായ കുന്നിൻ ഗ്രാമമായ പഞ്ചേരി എന്നിവയും സഞ്ചാരികളെ വീണ്ടും വരവേൽക്കാനൊരുങ്ങുകയാണ്. ജൂലൈ 3 മുതൽ ഓഗസ്റ്റ് 9 വരെ നടക്കാനിരിക്കുന്ന അമർനാഥ് യാത്ര ജമ്മു കശ്മീരിനെ സംബന്ധിച്ചിടത്തോളം നിർണായകമാണ്. എല്ലാ വർഷവും ആയിരക്കണക്കിന് തീർത്ഥാടകരാണ് അമർനാഥ് യാത്രയിൽ പങ്കെടുക്കാനായി കശ്മീരിലേയ്ക്ക് എത്തുന്നത്.

ടൂർ ഓപ്പറേറ്റർമാർ, ഹോട്ടൽ അസോസിയേഷനുകൾ, പഹൽഗാമിലെ തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികൾ എന്നിവരുമായി കൂടിക്കാഴ്ച നടത്തിയ ശേഷം കൂടുതൽ സ്ഥലങ്ങൾ ക്രമേണ വീണ്ടും തുറക്കുമെന്ന് ലെഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹ ഉറപ്പ് നൽകി. ടൂറിസം വകുപ്പുമായി സഹകരിച്ച് ഈ പ്രക്രിയയ്ക്ക് മേൽനോട്ടം വഹിക്കാൻ ഡിവിഷണൽ കമ്മീഷണർമാരും മുതിർന്ന പൊലീസ് ഉദ്യോഗസ്ഥരും ഉൾപ്പെടുന്ന ഒരു സമിതിയും രൂപീകരിച്ചിട്ടുണ്ട്.