'നിങ്ങള്‍ ഇന്ത്യയിലാണെങ്കില്‍ ഒരു രാജാവിനെപ്പോലെ ജീവിക്കാം. 940 രൂപയ്ക്ക് നല്ലൊരു പിസ്സയും അതിലധികവും നിങ്ങള്‍ക്ക് എളുപ്പത്തില്‍ വാങ്ങാം. സ്വന്തം നാട്ടില്‍ നില്‍ക്കുമ്പോള്‍ ആ രാജകീയ ജീവിതം ആസ്വദിക്കണമെന്ന് ഈ അനുഭവം നമ്മെ ഓര്‍മ്മിപ്പിക്കും.'
സ്വിറ്റ്‌സര്‍ലാൻഡിൽ കുറച്ച് ഫ്രഞ്ച് ഫ്രൈസിന് നൽകേണ്ടി വന്നത് 940 രൂപ, ഞെട്ടൽ മാറാതെ ഇന്ത്യന്‍ ഫ്ലൈറ്റ് അറ്റന്‍ഡന്റ്. യൂറോപ്യന്‍ രാജ്യങ്ങളിലെ ഉയര്‍ന്ന ജീവിതച്ചെലവിനെക്കുറിച്ചും സ്വന്തം രാജ്യത്തെ വിലക്കുറവിനെക്കുറിച്ചും ഓര്‍മ്മിപ്പിച്ചുകൊണ്ട് മാധുരി ഭുവന്‍ പങ്കുവെച്ച ഇന്‍സ്റ്റഗ്രാം വീഡിയോയാണ് ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നത്. സ്വിറ്റ്‌സര്‍ലാൻഡില്‍ ജീവിക്കണമെങ്കില്‍ ഒരു 'സ്വിസ് ശമ്പളം' തന്നെ വേണമെന്നാണ് മാധുരി പറയുന്നത്.
'സുഹൃത്തുക്കളെ, ഞാന്‍ ഇപ്പോള്‍ സ്വിറ്റ്‌സര്‍ലാൻഡിലാണുള്ളത്. ഈ ഫ്രെഞ്ച് ഫ്രൈസിന് ഞാന്‍ എത്ര രൂപ നല്‍കി എന്നറിയാമോ? 940 രൂപ! അതെ, ഇത്രയും ചെറിയ ഒരു പോർഷൻ ഫ്രൈസിന് 940 രൂപ. വില കേട്ടപ്പോള്‍ ഞാന്‍ ശരിക്കും ഞെട്ടിപ്പോയി. ഈ രാജ്യത്ത് ജീവിക്കാന്‍ വളരെ ചെലവാണ്, എന്തുപറയണമെന്ന് എനിക്കറിയില്ല. ഇന്ത്യയിലാണെങ്കില്‍ ഇതിലും എത്രയോ വലിയ പോർഷൻ ഫ്രൈസ് വെറും 200 രൂപയ്ക്ക് ലഭിക്കും. ആ തുകയ്ക്ക് നമുക്ക് മോമോസ് വരെ കഴിക്കാം' വീഡിയോയില്‍ മാധുരി പറയുന്നു.
'നിങ്ങള്‍ ഇന്ത്യയിലാണെങ്കില്‍ ഒരു രാജാവിനെപ്പോലെ ജീവിക്കാം. 940 രൂപയ്ക്ക് നല്ലൊരു പിസ്സയും അതിലധികവും നിങ്ങള്‍ക്ക് എളുപ്പത്തില്‍ വാങ്ങാം. സ്വന്തം നാട്ടില്‍ നില്‍ക്കുമ്പോള്‍ ആ രാജകീയ ജീവിതം ആസ്വദിക്കണമെന്ന് ഈ അനുഭവം നമ്മെ ഓര്‍മ്മിപ്പിക്കും. സ്വിറ്റ്‌സര്‍ലാൻഡിലെ ഉയര്‍ന്ന വില ഈ രാജ്യത്തെ ഏറ്റവും ചെലവേറിയ ഇടങ്ങളിലൊന്നാക്കി മാറ്റുന്നു. ഈ വിലയ്ക്ക് ആരെങ്കിലും ഫ്രൈസ് വാങ്ങുമോ എന്ന് ഞാന്‍ ഇപ്പോഴും ചിന്തിക്കുകയാണ്' അവര്‍ കൂട്ടിച്ചേര്‍ത്തു.
അപൂര്‍വ്വ സൗന്ദര്യമുള്ള രാജ്യമാണെങ്കിലും സ്വിറ്റ്‌സര്‍ലാൻഡിലെ വില തന്റെ ശമ്പളത്തെപ്പോലും ചോദ്യം ചെയ്യുന്നതാണെന്ന് വീഡിയോയുടെ ക്യാപ്‌ഷനില്‍ മാധുരി കുറിച്ചു. 'ഇത്രയും ചെലവേറിയ മറ്റൊരു രാജ്യം ഞാന്‍ കണ്ടിട്ടില്ല! സ്വിറ്റ്‌സര്‍ലാൻഡില്‍ എത്തിയപ്പോള്‍ എന്റെ ശമ്പളം എത്രയെന്ന് ഞാന്‍ ഒന്നു ആലോചിച്ചുപോയി. എല്ലാം അത്രയധികം വിലകൂടിയതാണ്. സ്വിറ്റ്‌സര്‍ലാൻഡില്‍ ഒരു യാത്ര പോകണമെങ്കില്‍ ഒരു 'സ്വിസ് ശമ്പളം' തന്നെ വേണം' എന്നും അവര്‍ എഴുതി. നിരവധി പേരാണ് വീഡിയോയ്ക്ക് താഴെ കമന്റുകളുമായി എത്തിയത്. സ്വിറ്റ്‌സര്‍ലാൻഡിലെ ഉയര്‍ന്ന വില കണ്ട് പലരും അമ്പരപ്പ് പ്രകടിപ്പിച്ചിരിക്കുന്നതും കാണാം.
