99-ാം വയസ്സിൽ വിമാനത്തിന്റെ ചിറകിൽ ബന്ധിക്കപ്പെട്ട് ആകാശത്ത് പറന്ന് ഹെൽഗ ഡഫി ഗിന്നസ് വേൾഡ് റെക്കോർഡ് സ്വന്തമാക്കി. ലോകത്തിലെ ഏറ്റവും പ്രായം കൂടിയ വനിതാ വിങ് വാക്കർ എന്ന നേട്ടമാണ് ഇവർ കൈവരിച്ചത്. ഈ സാഹസിക പ്രകടനത്തിലൂടെ ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി പണം കണ്ടെത്താനും ഹെൽഗയ്ക്ക് സാധിച്ചു.
പ്രായം 99, പക്ഷേ സാഹസികതയ്ക്ക് ഒട്ടും കുറവില്ല! വിമാനത്തിന്റെ ചിറകിൽ സുരക്ഷാ ബെൽറ്റുകൾ ഉപയോഗിച്ച് ബന്ധിക്കപ്പെട്ട് ആകാശത്ത് പറന്ന് ലോക റെക്കോർഡ് സ്വന്തമാക്കിയിരിക്കുകയാണ് ജർമനിയിൽ ജനിച്ച ഹെൽഗ ഡഫി. ലോകത്തിലെ ഏറ്റവും പ്രായം കൂടിയ വനിതാ വിങ് വാക്കർ എന്ന ഗിന്നസ് വേൾഡ് റെക്കോർഡാണ് ഇംഗ്ലണ്ടിൽ താമസിക്കുന്ന ഹെൽഗ ഇതുവഴി സ്വന്തമാക്കിയത്.
99 വയസ്സും 21 ദിവസവും പ്രായം!
97 -കാരിയായ ബെറ്റി ബ്രോമേജ് സമാനമായ സാഹസിക പ്രകടനം നടത്തുന്നത് ടെലിവിഷനിൽ കണ്ടതാണ് ഹെൽഗയ്ക്ക് പ്രചോദനമായത്. തനിക്കും ഇത്തരമൊരു അനുഭവം വേണമെന്ന ആഗ്രഹമാണ് ഒടുവിൽ ലോക റെക്കോർഡിലേക്ക് നയിച്ചതെന്ന് റിപ്പോർട്ടുകൾ പറയുന്നു. 2026 ഒക്ടോബർ 16 -ന് ഇംഗ്ലണ്ടിലെ ഗ്ലോസ്റ്റർഷെയറിലുള്ള സിറൻസെസ്റ്ററിലെ ആർഎഫ്സി റെൻഡ്കോംബ് എയർഫീൽഡിലായിരുന്നു ഹെൽഗയുടെ റെക്കോർഡ് പ്രകടനം നടന്നത്. 99 വയസ്സും 21 ദിവസവും പ്രായമുള്ളപ്പോഴാണ് ഹെൽഗ ഡഫി നേട്ടം കൈവരിച്ചതെന്ന് ഗിന്നസ് വേൾഡ് റെക്കോർഡ്സ് സ്ഥിരീകരിച്ചു.
ഭയത്തേക്കാൾ ആവേശം
വിൽറ്റ്ഷെയറിലെ ഡെവൈസിലുള്ള കെയർ ഹോമിലാണ് ഹെൽഗ ഇപ്പോൾ താമസിക്കുന്നത്. പറക്കലിന്റെ അനുഭവം വിചിത്രമായിരുന്നെങ്കിലും ഭയത്തേക്കാൾ ആവേശമായിരുന്നു തനിക്കെന്ന് അവർ ബിബിസിയോട് പറഞ്ഞു. നേട്ടത്തിന് അംഗീകാരമായി ഗിന്നസ് അധികൃതർ സർട്ടിഫിക്കറ്റും ഹെൽഗയ്ക്ക് സമ്മാനിച്ചു. സാഹസിക പ്രകടനത്തിനൊപ്പം ജീവകാരുണ്യ പ്രവർത്തനത്തിനും ഹെൽഗ പ്രാധാന്യം നൽകുന്നു. വിൽറ്റ്ഷെയർ ആൻഡ് ബാത്ത് എയർ ആംബുലൻസ് ചാരിറ്റിക്കായി 1,300 പൗണ്ടിലധികം സമാഹരിക്കാനും അവർക്ക് സാധിച്ചു. കുടുംബവുമായി വ്യക്തിപരമായ ബന്ധമുള്ള ഈ സേവനത്തിന് സഹായം നൽകാനായതിൽ പ്രത്യേക സന്തോഷമുണ്ടെന്ന് അവർ പറഞ്ഞു. ഏഴ് മക്കളുള്ള കുടുംബത്തിലെ മൂത്തയാളാണ് ഹെൽഗ. ഈ നേട്ടത്തിൽ പിതാവ് അഭിമാനിക്കുമായിരുന്നുവെന്നും അവർ പറഞ്ഞു.


