ഇന്തോനേഷ്യയിൽ മാസങ്ങളായി തുടരുന്ന കാട്ടുതീ കാരണം ആകാശം ഓറഞ്ചും ചുവപ്പും നിറത്തിലായിരിക്കുകയാണ്. വായു മലിനീകരണം രൂക്ഷമായതോടെ ജനങ്ങൾ ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾ നേരിടുന്നു. എൽ നിനോ പ്രതിഭാസവും കൃഷിക്കായുള്ള ഭൂമി വെട്ടിത്തെളിക്കലുമാണ് ഈ വലിയ പ്രതിസന്ധിക്ക് കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.

ഇന്തോനേഷ്യയുടെ പല ഭാഗങ്ങളിലും ആകാശം ഓറഞ്ചും തവിട്ടും കലർന്ന നിറത്തിലാണ്. മാസങ്ങളായി രാജ്യത്ത് തുടരുന്ന കാട്ടുതീയിൽ നിന്നുള്ള പുകയും മലിനീകരണവുമാണ് ഈ അസാധാരണ കാഴ്ചയ്ക്ക് പിന്നിലെന്നാണ് റിപ്പോർട്ടുകൾ. ബോർണിയോ ദ്വീപിലെ സെൻട്രൽ കലിമന്താൻ പ്രവിശ്യയെയാണ് പ്രതിസന്ധി രൂക്ഷമായി ബാധിച്ചിരിക്കുന്നത്. കാട്ടുതീയെ തുടർന്ന് കട്ടിയുള്ള പുകമഞ്ഞ് കെട്ടിടങ്ങളെയും റോഡുകളെയും മറയ്ക്കുന്ന ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്.

View post on Instagram
 

കാട്ടുതീ, പിന്നാലെ ചുവന്ന് തുടുത്ത് ആകാശം

കാട്ടുതീയിൽ നിന്നുള്ള സൂക്ഷ്മ പുകകണങ്ങൾ സൂര്യപ്രകാശത്തെ ചിതറിക്കുന്നതാണ് ആകാശത്തിന് ഓറഞ്ച്, ചുവപ്പ്, തവിട്ട് നിറങ്ങൾ നൽകുന്നത്. എന്നാൽ, വെറും കാഴ്ചയിലെ മാറ്റത്തേക്കാൾ അപകടകരമാണ് വായുവിന്‍റെ ഗുണനിലവാരത്തകർച്ചയെന്ന് റിപ്പോർട്ടുകൾ പറയുന്നു. പുക മഞ്ഞും വിഷ വാതകവും ശ്വസിച്ച് ഗുരുതരമായ ശ്വാസതടസ്സം, ചുമ, കണ്ണെരിച്ചിൽ, തലവേദന തുടങ്ങിയ പ്രശ്നങ്ങളും ജനങ്ങളെ അലട്ടുന്നു. കുട്ടികൾക്കും പ്രായമായവർക്കും ശ്വാസകോശരോഗമുള്ളവർക്കും മലിനവായു വലിയ പ്രശ്നങ്ങളാണ് സൃഷ്ടിച്ചിരിക്കുന്നത്.

View post on Instagram
 

പ്രശ്നം വഷളാക്കുന്ന എൽ നിനോ

കൃഷിക്കായി ഭൂമി വെട്ടിത്തെളിച്ച് കത്തിക്കുന്ന രീതിയും വാണിജ്യ ആവശ്യങ്ങൾക്കായുള്ള ഭൂമി വൃത്തിയാക്കലുമാണ് തീപിടിത്തങ്ങൾക്ക് കാരണങ്ങളായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. തണ്ണീർത്തടങ്ങളിലെ ജൈവസമ്പുഷ്ട മണ്ണായ പീറ്റ്‌ലാൻഡിൽ തീപിടിച്ചാൽ ഉപരിതലത്തിനടിയിലും തീ തുടരുന്നതിനാൽ അണയ്ക്കുക ഏറെ ദുഷ്കരമാകും. എൽ നിനോയുടെ സ്വാധീനത്തിലുള്ള വരണ്ട കാലാവസ്ഥയും കാട്ടുതീ പടരുന്നതിനും പ്രതിസന്ധി രൂക്ഷമാക്കുന്നതിനും കാരണമാണ്.

View post on Instagram
 

ജൂലൈയിലെ ഔദ്യോഗിക കണക്കുകൾ പ്രകാരം ഏകദേശം 2.02 ലക്ഷം ഹെക്ടർ ഭൂമിയാണ് ഇന്തോനേഷ്യയിൽ മാത്രം കത്തിയമർന്നത്. പരിസ്ഥിതി സംഘടനയായ ഔറിഗയുടെ കണക്ക് പ്രകാരം ജനുവരി മുതൽ ഓഗസ്റ്റ് വരെ 6.37 ലക്ഷം ഹെക്ടറിലധികം പ്രദേശത്തെ തീ ബാധിച്ചു. തീപിടിത്തവുമായി ബന്ധമുണ്ടെന്ന സംശയത്തിൽ 26 കമ്പനികളുടെ പ്രവർത്തനാനുമതി സർക്കാർ റദ്ദാക്കിയെന്നും റിപ്പോർട്ടിൽ പറയുന്നു.

Scroll to load tweet…

Scroll to load tweet…

അതിർത്തി കടക്കുന്ന പുക മഞ്ഞ്

ഇതിനിടെ പുകമഞ്ഞ് സിംഗപ്പൂർ, മലേഷ്യ തുടങ്ങിയ അയൽരാജ്യങ്ങളിലേക്കും വ്യാപിച്ചെന്നും റിപ്പോർട്ടുകൾ പറയുന്നു. പുകമഞ്ഞ് കുറയ്ക്കാൻ ഡ്രൈ ഐസ് ഉപയോഗിച്ചുള്ള പരീക്ഷണവും ഇന്തോനേഷ്യ നടത്തുന്നുണ്ട്. എന്നാൽ തീ നിയന്ത്രണവിധേയമാക്കാതെ പ്രതിസന്ധിക്ക് ശാശ്വത പരിഹാരം കണ്ടെത്താനാകില്ലെന്നാണ് പെതുവെയുള്ള വിലയിരുത്തൽ.