ഗുരുതരമായ വാഹനാപകടത്തെ അതിജീവിച്ച ഇന്ത്യയുടെ "പുഷ്-അപ്പ് മാൻ" രോഹ്താശ് ചൗധരി, 27.21 കിലോഗ്രാം ഭാരവുമായി ഒരു മണിക്കൂറിൽ 847 പുഷ്-അപ്പുകൾ പൂർത്തിയാക്കി പുതിയ ഗിന്നസ് ലോക റെക്കോർഡ് സ്ഥാപിച്ചു. വർഷങ്ങൾക്കു മുമ്പുണ്ടായ അപകടത്തിൽ പരിക്കേറ്റ് കിടപ്പിലായിരുന്ന അദ്ദേഹം, കഠിന പ്രയത്നത്തിലൂടെയാണ് ഈ അവിശ്വസനീയ നേട്ടം കൈവരിച്ചത്.
ഗുരുതരമായ വാഹനാപകടത്തെയും ദീർഘകാലത്തെ കിടപ്പിനെയും അതിജീവിച്ച് വീണ്ടും ഗിന്നസ് ലോക റെക്കോർഡ് സ്വന്തമാക്കി ഇന്ത്യയുടെ "പുഷ്-അപ്പ് മാൻ" രോഹ്താശ് ചൗധരി. 27.21 കിലോഗ്രാം ഭാരമുള്ള ബാഗും പേറി ഒരു മണിക്കൂറിൽ 847 പുഷ്-അപ്പുകൾ പൂർത്തിയാക്കിയാണ് 41-കാരനായ രോഹ്താശ് പുതിയ ചരിത്രം കുറിച്ചത്, ഒപ്പം ഗിന്നസ് വേൾഡ് റെക്കാർഡ് ബുക്കിലും ഇടം നേടി.
'മനുഷ്യന്‍റെ കഴിവിന് അതിരുകളില്ല'
ന്യൂദില്ലിയിലെ ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ കാണികളെയും ഗിന്നസ് അധികൃതരെയും സാക്ഷി നിർത്തിയായിരുന്നു ഈ അവിശ്വസനീയ പ്രകടനം. 2023 -ൽ സിറിയൻ താരം സാമി ജൊമ ഹസ്സൻ സ്ഥാപിച്ച റെക്കോർഡാണ് രോഹ്താശ് ഇതോടെ പഴങ്കഥയാക്കിയത്. “റെക്കോർഡുകൾ തകർക്കാൻ മാത്രമല്ല, മനുഷ്യന്‍റെ കഴിവിന് അതിരുകളില്ലെന്ന് നമ്മെ ഓർമ്മിപ്പിക്കാൻ കൂടിയുള്ളതാണ്. നിങ്ങളിൽ വിശ്വസിക്കുകയും സ്ഥിരത പുലർത്തുകയും ചെയ്താൽ അസാധ്യമായതെന്തും നേടിയെടുക്കാം,” റെക്കോർഡ് സ്വന്തമാക്കിയ ശേഷം രോഹ്താശ് പറഞ്ഞു.
അതിജീവനത്തിന്‍റെ പ്രചോദനകഥ
വർഷങ്ങൾക്ക് മുമ്പ് ഉണ്ടായ ഒരു വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ രോഹ്താശ് രണ്ട് വർഷത്തോളം പൂർണ്ണമായും കിടപ്പിലായിരുന്നു. എന്നാൽ, പരിക്കുകൾക്ക് മുന്നിൽ തോറ്റുകൊടുക്കാൻ തയ്യാറാകാതിരുന്ന അദ്ദേഹം, ദീർഘ നാളത്തെ ചികിത്സയിലൂടെയും കഠിന പ്രയത്നത്തിലൂടെയും തന്‍റെ നഷ്ടപ്പെട്ട കായികക്ഷമത വീണ്ടെടുക്കുകയായിരുന്നു. മാസങ്ങൾ നീണ്ട കഠിന പരിശീലനമാണ് ഈ നേട്ടത്തിന് പിന്നിൽ.
ദിവസവും അതിരാവിലെ വെയിറ്റഡ് പുഷ്-അപ്പുകൾ ഉൾപ്പെടുന്ന കൃത്യമായ ദിനചര്യയും പ്രോട്ടീൻ സമൃദ്ധമായ ഭക്ഷണക്രമവും മാനസിക പരിശീലനവും അദ്ദേഹം പിന്തുടർന്നു. തുടർച്ചയായി ലോക റെക്കോർഡുകൾ തിരുത്തിക്കുറിക്കുന്ന രോഹ്താശ് ചൗധരിയുടെ തുടർച്ചയായ പത്താം വർഷമാണ് ഇതെന്ന് ഗിന്നസ് അധികൃതർ വ്യക്തമാക്കി. റെക്കോർഡ് നേട്ടത്തിന് ശേഷം കേന്ദ്ര കായിക - യുവജനക്ഷേമ മന്ത്രി മൻസുഖ് മാണ്ഡവ്യ, ഗിന്നസ് അഡ്ജുഡിക്കേറ്റർ ഐനി തൂറാബല്ലി എന്നിവരിൽ നിന്ന് അദ്ദേഹം ഗിന്നസ് വേൾഡ് റെക്കോർഡ് സർട്ടിഫിക്കറ്റ് ഏറ്റുവാങ്ങി.


