ദില്ലി സ്വദേശിയായ ഹീന ഡോഗ്ര എന്ന യുവതി വർക്ക് ഫ്രം ഹോം ജീവനക്കാർ നേരിടുന്ന വെല്ലുവിളികളെക്കുറിച്ച് പങ്കുവെച്ച വീഡിയോ വൈറലായി. ഓഫീസിൽ പോകുന്ന സഹോദരനേക്കാൾ കൂടുതൽ ജോലി ചെയ്തിട്ടും വീട്ടിൽ ബഹുമാനം ലഭിക്കുന്നില്ലെന്നും, വീട്ടുജോലികൾ ചെയ്യേണ്ടി വരുന്നതായും അവർ പറയുന്നു. ഈ വീഡിയോയ്ക്ക് സമാനമായ അനുഭവങ്ങളുള്ള നിരവധി പേർ പിന്തുണയുമായി എത്തി.

ർക്ക് ഫ്രം ഹോം ജീവനക്കാർ അഭിമുഖീകരിക്കുന്ന ദൈനംദിന വെല്ലുവിളികളെ രസകരമായി അവതരിപ്പിക്കുന്ന ദില്ലി സ്വദേശിയായ യുവതിയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി. ഓഫീസുകളിലേക്കുള്ള യാത്രയും ഗതാഗതക്കുരുക്കും ഒഴിവാക്കാമെങ്കിലും, വീട്ടിലിരുന്ന് ജോലി ചെയ്യുന്നവരെ വീട്ടുജോലികൾ ചെയ്യാനും അതിഥികളെ സൽക്കരിക്കാനും എപ്പോഴും ലഭ്യമായവരായിട്ടാണ് വീട്ടുകാർ കാണുന്നതെന്ന് ഹീന ഡോഗ്ര എന്ന യുവതി ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച വീഡിയോയിൽ പറയുന്നു.

'എന്നേക്കാൾ കുറഞ്ഞ ശമ്പളം, എന്നിട്ടും ബഹുമാനം കൂടുതൽ'

ദിവസവും ഓഫീസിൽ പോകുന്ന സഹോദരന്‍റെ സാഹചര്യവുമായി സ്വന്തം അനുഭവങ്ങളെ താരതമ്യം ചെയ്തുകൊണ്ടാണ് ഹീനയുടെ തുറന്നുപറച്ചിൽ."അവൻ കുറഞ്ഞ ശമ്പളക്കാരൻ, എങ്കിലും വീട്ടിൽ വലിയ ബഹുമാനം" വീട്ടിലിരുന്ന് ജോലി ചെയ്യുന്നവർക്ക് ലഭിക്കുന്ന പരിഗണനയെക്കുറിച്ച് ഹീന വീഡിയോയിൽ പറയുന്നത് ഇങ്ങനെയാണ്: "ഒരു വർക്ക് ഫ്രം ഹോം ജീവനക്കാരന് ദിവസക്കൂലിയ്ക്ക് പണിയെടുക്കുന്ന ഒരാളെക്കാൾ കുറഞ്ഞ ബഹുമാനമാണ് വീട്ടിൽ കിട്ടുന്നത്. എന്‍റെ സഹോദരൻ ദിവസവും ഓഫീസിൽ പോകുന്നുണ്ട്, എന്നെക്കാൾ കുറഞ്ഞ ശമ്പളമാണ് അവന് ലഭിക്കുന്നത്. എങ്കിലും നല്ല വസ്ത്രങ്ങളൊക്കെ ധരിച്ച് ഓഫീസിലേക്ക് പോകുന്നതുകൊണ്ട് മാത്രം അവന് വീട്ടിൽ വലിയ ബഹുമാനം കിട്ടുന്നു. എന്നാൽ, ഞാൻ ദിവസം മുഴുവൻ വീട്ടിൽ ചുറ്റിക്കറങ്ങി നടക്കുകയാണെന്നാണ് കുടുംബക്കാരുടെ വിചാരം."

സഹോദരന് രാവിലെ 9 മുതൽ വൈകുന്നേരം 5 മണി വരെയാണ് ജോലിയെങ്കിൽ, തന്‍റെ ജോലി സമയം പലപ്പോഴും രാവിലെ 9 മുതൽ രാത്രി 9 മണി വരെ നീളാറുണ്ടെന്ന് ഹീന പറയുന്നു. എന്നാൽ, ഇതിനിടയിലും താൻ വീട്ടുജോലികൾ ചെയ്യണമെന്നാണ് കുടുംബാംഗങ്ങൾ പ്രതീക്ഷിക്കുന്നത്. ലാപ്‌ടോപ്പിൽ എന്തോ ചെറിയ കാര്യങ്ങൾ ചെയ്ത് വീട്ടിൽ ഇരിക്കുകയാണെന്നാണ് അവരുടെ ധാരണയെന്നും ഹീന വിഷമത്തോടെ കൂട്ടിച്ചേർത്തു.

View post on Instagram

‘അതിഥികൾ വന്നാൽ മീറ്റിംഗ് മാറ്റിവെക്കണം!’

വീട്ടിൽ അതിഥികൾ എത്തുമ്പോൾ ജോലി നിർത്തിവെച്ച് ചായയും വെള്ളവും ബിസ്‌ക്കറ്റും നൽകേണ്ടി വരാറുണ്ട്. "നീ എന്തായാലും വീട്ടിലിരുന്നല്ലേ ജോലി ചെയ്യുന്നത്, മീറ്റിംഗ് അല്പം കഴിഞ്ഞ് അറ്റൻഡ് ചെയ്താൽ പോരേ" എന്നാണ് വീട്ടുകാരുടെ ഉപദേശം. വർക്ക് ഫ്രം ഹോം വളരെ റിലാക്സ്ഡ് ആണെന്നാണ് അവർ കരുതുന്നത്. എന്നാൽ ഓഫീസിൽ പോകുന്നവർക്ക് ജോലി സമയം കഴിഞ്ഞാൽ കൃത്യമായ വിശ്രമം ലഭിക്കുമ്പോൾ, തനിക്ക് അടിമപ്പണി ചെയ്യുന്നതുപോലെയാണ് അനുഭവപ്പെടുന്നതെന്നും അവർ വ്യക്തമാക്കി. "ബ്രോ, വീട്ടിലിരുന്ന് ജോലി ചെയ്യുന്നവർക്ക് ഒരു ബഹുമാനവും കിട്ടുന്നില്ല" എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്.

പിന്തുണയുമായി സോഷ്യൽ മീഡിയ

വീഡിയോ വൈറലായതോടെ സമാനമായ അനുഭവങ്ങൾ നേരിടുന്ന നിരവധി റീമോട്ട് ജീവനക്കാർ കമന്‍റുകളുമായി രംഗത്തെത്തി."വർക്ക് ഫ്രം ഹോം എന്നാൽ ഓഫീസിനും വീടിനും വേണ്ടി ഒരുപോലെ പണിയെടുക്കുക എന്നാണ് അർത്ഥം," എന്ന് ഒരാൾ കുറിച്ചു. "ലാപ്‌ടോപ്പ് തുറന്നു വെച്ചിട്ടുണ്ടാകും, പക്ഷെ ഞാൻ അവധിയിലാണെന്നാണ് വീട്ടുകാരുടെ വിചാരം," എന്നായിരുന്നു വേറൊരു കമന്റ്.