വിമാനയാത്രയ്ക്കിടെ ജനലിൽ ഗണപതിയുടെ ചിത്രം വരയ്ക്കുന്ന വീഡിയോ പങ്കുവെച്ച കലാകാരി മിതാലി സാലുങ്കെയ്ക്ക് നേരെ സോഷ്യൽ മീഡിയയിൽ കടുത്ത വിമർശനം. വിമാനത്തിന്‍റെ സ്വത്ത് നശിപ്പിച്ചതിന് നടപടി വേണമെന്നായിരുന്നു പ്രധാന ആവശ്യം. എന്നാൽ താൻ വിമാനത്തിന്‍റെ ജനലിലല്ല, മറിച്ച് സുതാര്യമായ ഒരു ഷീറ്റിലാണ് ചിത്രം വരച്ചതെന്ന് വ്യക്തമാക്കി അവർ പിന്നീട് രംഗത്തെത്തി.

വിമാനയാത്രയ്ക്കിടെ വിമാനത്തിന്‍റെ ജനലിൽ ഗണപതിയുടെ ചിത്രം വരയ്ക്കുന്ന കലാകാരിയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതോടെ വലിയ വിമർശനം. ഇന്ത്യൻ ആർട്ടിസ്റ്റ് മിതാലി സാലുങ്കെയാണ് വീഡിയോ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചത്. വിമാനത്തിന്‍റെ ജനൽ തന്നെയാണ് ചിത്രരചനയ്ക്കായി ഉപയോഗിച്ചതെന്നായിരുന്നു വീഡിയോ കണ്ട പലരുടെയും ധാരണ. ഇതോടെ വിമാനം നശിപ്പിച്ചെന്നടക്കമുള്ള വിമർശങ്ങളുയർന്നു.

'നോ ഫ്ലൈ ലിസ്റ്റിൽ' ഉൾപ്പെടുത്തണം

യാത്രയ്ക്കിടെ ഗണപതിയെ വരയ്ക്കുന്ന വീഡിയോ മിതാലി തന്നെയാണ് പങ്കുവെച്ചത്. ആദ്യം ചിത്രത്തിന്‍റെ രൂപരേഖ വരയ്ക്കുകയും പിന്നീട് നിറങ്ങൾ ചേർത്ത് ഗണപതിയുടെ ചിത്രം പൂർത്തിയാക്കുകയും ചെയ്യുന്നത് ദൃശ്യങ്ങളിൽ കാണാം. “യാത്ര ചെയ്യുമ്പോൾ പുതിയൊരു ക്യാൻവസ് കണ്ടെത്തി” എന്ന തരത്തിലുള്ള കുറിപ്പോടെയാണ് വീഡിയോ പങ്കുവെച്ചത്. വീഡിയോ എക്സിൽ പ്രചരിച്ചതോടെ നിരവധി പേർ വിമർശനവുമായി രംഗത്തെത്തി. വിമാനത്തിന്‍റെ സ്വത്ത് നശിപ്പിച്ചതിന് നടപടി വേണമെന്നും, ‘നോ ഫ്ലൈ ലിസ്റ്റിൽ’ ഉൾപ്പെടുത്തണമെന്നും ചിലർ അഭിപ്രായപ്പെട്ടു. വിമാനത്തിന്‍റെ ജനൽ മറയ്ക്കുന്നത് ടേക്ക് ഓഫിനും ലാൻഡിങ്ങിനും സുരക്ഷാ പ്രശ്നങ്ങൾ സൃഷ്ടിക്കാമെന്ന ആശങ്ക പോലും ചിലർ പങ്കുവെച്ചു.

View post on Instagram
 

'സത്യമറിയണം'

എന്നാൽ, വിമർശനം ശക്തമായതോടെ മിതാലി വിശദീകരണവുമായി രംഗത്തെത്തി. വിമാനത്തിന്‍റെ ജനലിൽ നേരിട്ട് ചിത്രം വരച്ചിട്ടില്ലെന്നും സുതാര്യമായ ഒരു ഷീറ്റിലാണ് പെയിന്‍റിങ് ചെയ്തതെന്നും അവർ വ്യക്തമാക്കി. ചിത്രമടങ്ങിയ സുതാര്യ ഷീറ്റ് കൈയിൽ പിടിച്ചുനിൽക്കുന്ന ഫോട്ടോയും തെളിവായി പങ്കുവെച്ചു. അതിനാൽ വീഡിയോയിൽ തോന്നിയതുപോലെ വിമാനത്തിന്‍റെ ജനലിൽ നേരിട്ട് പെയിന്‍റ് ചെയ്തതല്ലെന്നാണ് മിതാലിയുടെ വിശദീകരണം. മിതാലി സാലുങ്കെയും ചേതൻ അദ്വിർക്കറും ചേർന്നുള്ള ‘ലൈവ് ഇന്ത്യൻ പെയിന്‍റർ’ എന്ന ആർട്ട് കൂട്ടായ്മയാണ് ലൈവ് പെയിന്‍റിംഗ് പരിപാടികൾ നടത്തുന്നത്.