ഇന്ത്യയിൽ എത്തി ഇന്ത്യയെ അപമാനിക്കുന്ന തരത്തിൽ വീഡിയോ ചിത്രീകരിക്കുന്നവർ ഇതു കാണണമെന്ന് നിരവധിപേർ അഭിപ്രായപ്പെട്ടു.
ഇന്ത്യയെ കുറിച്ചുള്ള മുൻധാരണകളെ ചോദ്യം ചെയ്യുന്ന ഒരു ഓസ്‌ട്രേലിയൻ സഞ്ചാരിയുടെ വീഡിയോയാണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്. ബിഹാറിൽ നിന്നുള്ള വീഡിയോയിൽ പ്രദേശവാസികളുടെ സൗഹൃദ മനോഭാവവും തെരുവുകളിലെ ശുചിത്വവുമാണ് അദ്ദേഹം എടുത്തു കാണിക്കുന്നത്. ഇന്ത്യയിൽ ചുറ്റി സഞ്ചരിക്കുന്ന 'ഫോസി ഭായ്' എന്നറിയപ്പെടുന്ന വ്ലോഗർ പോസ്റ്റ് ചെയ്ത ഇൻസ്റ്റഗ്രാം വീഡിയോയിലാണ് ഈ ദൃശ്യങ്ങൾ ഉള്ളത്. പട്നയിലെ തന്റെ യാത്രാനുഭവങ്ങൾ ആണ് അദ്ദേഹം പങ്കുവെച്ചിരിക്കുന്നത്.
നഗരത്തിലൂടെ ചുറ്റി നടന്ന് താമസക്കാരുമായി സംസാരിക്കുകയും ഇടപഴകുകയും ചെയ്യുന്നതിന്റെ ദൃശ്യങ്ങൾ വീഡിയോയിൽ കാണാം. നഗരത്തിന്റെ വൃത്തിയെക്കുറിച്ചും അദ്ദേഹം അഭിപ്രായപ്പെടുന്നുണ്ട്: “ഇവിടം ശരിക്കും വളരെ വൃത്തിയുള്ളതാണ്. അടിസ്ഥാന സൗകര്യ വികസനം അവിടെ നടക്കുന്നുണ്ട് എന്നത് വ്യക്തമാണ്... എന്നാൽ വികസനം നടന്നുകൊണ്ടിരിക്കുമ്പോൾ പോലും, തെരുവുകൾ വളരെ വൃത്തിയായി സൂക്ഷിക്കുന്നുണ്ട് എന്നതാണ് നിങ്ങൾ ശ്രദ്ധിക്കേണ്ട ഒരു കാര്യം” എന്ന് അദ്ദേഹം അഭിപ്രായപ്പെടുന്നു.
പോസ്റ്റിനൊപ്പമുള്ള അടിക്കുറിപ്പിൽ, ഫോസി ഭായ് കുറിച്ചിരിക്കുന്നത്: “സഞ്ചാരികളായ വ്ലോഗർമാർ മോശമായി പറയുന്നതുപോലെ ഇന്ത്യ ശരിക്കും അത്ര വൃത്തിഹീനമാണോ? ഏകദേശം രണ്ട് വർഷത്തോളം ഇന്ത്യയിൽ ജീവിക്കുകയും ഇവിടുത്തെ അന്തരീക്ഷം അനുഭവിച്ചറിയുകയും ചെയ്ത ഒരാളെന്ന നിലയിൽ, മറ്റ് വിദേശികൾ ആളുകൾക്ക് മുന്നിൽ ചിത്രീകരിക്കുന്നതുപോലെ ഇന്ത്യ അത്ര മോശമല്ലെന്ന് എനിക്ക് പറയാൻ കഴിയും.”
ഈ വീഡിയോ ഇതിനകം 340,000 -ൽ അധികം പേരാണ് കണ്ടിരിക്കുന്നത്. നിരവധിപ്പേർ വീഡിയോയ്ക്ക് കമന്റുകൾ നൽകുകയും ചെയ്തിട്ടുണ്ട്. ഇന്ത്യയിൽ എത്തി ഇന്ത്യയെ അപമാനിക്കുന്ന തരത്തിൽ വീഡിയോ ചിത്രീകരിക്കുന്നവർ ഇതു കാണണമെന്ന് നിരവധിപേർ അഭിപ്രായപ്പെട്ടു. ഇന്ത്യ മോശമാണെന്ന് പറയുന്നവർ തന്നെ വീണ്ടും വീണ്ടും ഇവിടേക്ക് വരുന്നത് എന്തിനാണെന്നും ചിലർ ചോദ്യം ഉയർത്തി.
