‘ഇന്ത്യക്കാരുടെ ആതിഥ്യമര്യാദ ലോകത്ത് മറ്റെവിടെയുമുള്ള ആതിഥ്യമര്യാദ പോലെയല്ല, അത് സമാനതകളില്ലാത്തതാണ്.’
ഇന്ത്യക്കാരുടെ ആതിഥ്യമര്യാദയെ കുറിച്ച് ആളുകൾ എപ്പോഴും പറയാറുണ്ട്. 'അതിഥി ദേവോ ഭവ' എന്നാണ് ഇന്ത്യക്കാരുടെ ആപ്തവാക്യം തന്നെ എന്ന് പലരും അഭിപ്രായപ്പെടാറുണ്ട്. അത് തെളിയിക്കുന്ന ഒരു പോസ്റ്റാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറിക്കൊണ്ടിരിക്കുന്നത്. ഇന്ത്യയിലെ സമാനതകളില്ലാത്ത ആതിഥ്യമര്യാദയെ കുറിച്ചാണ് പോസ്റ്റിൽ പറയുന്നത്. 'ഇതിന് ഇന്ത്യ ഒരു ലോക റെക്കോർഡ് തന്നെ അർഹിക്കുന്നു' എന്ന തലക്കെട്ടോടെയാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഇന്ത്യയിലുടനീളം യാത്ര ചെയ്യുന്ന ഡങ്കൻ മക്നോട്ട് എന്ന യുവാവാണ് ഇന്ത്യയിലെ തന്റെ അനുഭവം വിവരിച്ചിരിക്കുന്നത്.
യാത്രയ്ക്കിടെ ഗൗരവ് എന്ന് പേരുള്ള ഒരു ഇന്ത്യക്കാരനെ കണ്ടുമുട്ടിയതായും തന്റെ ഭക്ഷണമടക്കം യാത്രയിലെ എല്ലാ ആവശ്യങ്ങളും അദ്ദേഹം ശ്രദ്ധിച്ചുവെന്നും ഇന്ത്യക്കാരുടെ ആതിഥ്യമര്യാദ കാണിക്കുന്ന അനുഭവങ്ങൾ നൽകിയെന്നുമാണ് യുവാവ് പറയുന്നത്. 'ഇന്ത്യക്കാരുടെ ആതിഥ്യമര്യാദ ലോകത്ത് മറ്റെവിടെയുമുള്ള ആതിഥ്യമര്യാദ പോലെയല്ല, അത് സമാനതകളില്ലാത്തതാണ്. മൂന്ന് ദിവസം മുമ്പാണ് ഞാൻ ഗൗരവിനെ കണ്ടുമുട്ടിയത്. അദ്ദേഹം എന്നെ സ്വീകരിച്ചു, ഭക്ഷണം നൽകി' എന്ന് മക്നോട്ട് കുറിക്കുന്നു.
യാത്രയിൽ നിന്നുള്ള വീഡിയോകളും യുവാവ് ഷെയർ ചെയ്തിട്ടുണ്ട്. 'ഞാൻ അവരുടെ കുടുംബത്തോടൊപ്പം ഒരു വിവാഹ ചടങ്ങിന് പോയി. അദ്ദേഹം എന്നെ സുവർണ്ണ ക്ഷേത്രത്തിലേക്ക് കൊണ്ടുപോയി, ഇപ്പോൾ അദ്ദേഹം എനിക്ക് ജയ്പൂരിലേക്ക് ഒരു ബസ് ഏർപ്പാടാക്കി തന്നിരിക്കയാണ്. ഇന്ത്യക്കാരുടെ ആതിഥ്യമര്യാദ മറ്റാരുമായും താരതമ്യം ചെയ്യാൻ കഴിയാത്തതാണ്. നന്ദി ഇന്ത്യ' എന്നും മക്നോട്ട് പറയുന്നു.
നിരവധിപ്പേരാണ് യുവാവിന്റെ വീഡിയോയ്ക്ക് കമന്റുകൾ നൽകിയിരിക്കുന്നത്. മക്നോട്ട് പറഞ്ഞത് ശരിയാണ് എന്ന് പലരും അംഗീകരിച്ചു. മറ്റുള്ളവരാവട്ടെ ഇന്ത്യയുടെ പൊസിറ്റീവായിട്ടുള്ള വശം തുറന്നുകാണിക്കാൻ തയ്യാറായതിന് യുവാവിനെ അഭിനന്ദിക്കുകയാണ് ചെയ്തത്.
