ഏകദേശം 10 മുതൽ 15 മിനിറ്റോളം ഡ്രൈവർ ആ പെൺകുട്ടിയെ സഹായിച്ചു. സ്കൂട്ടി സ്വന്തം കാൽ കൊണ്ട് തള്ളിക്കൊടുത്തും, യാത്രയിലുടനീളം വണ്ടി ബാലൻസ് ചെയ്യാൻ സഹായിച്ചും അദ്ദേഹം ഒപ്പം കൂടി.
ചിലപ്പോഴൊക്കെ വളരെ വേണ്ടുന്ന സമയത്ത് നമുക്ക് സഹായവുമായി എത്തുന്ന ചില അപരിചിതരുണ്ട്. അവരായിരിക്കാം ഈ ലോകത്തിലുള്ള നമ്മുടെ പ്രതീക്ഷ നിലനിർത്തുന്നത്. അതുപോലെ ഒരു പോസ്റ്റാണ് ഇപ്പോൾ ശ്രദ്ധിക്കപ്പെടുന്നത്. ബെംഗളൂരുവിൽ നിന്നുമാണ് ഈ വീഡിയോ പകർത്തിയിരിക്കുന്നത്. നഗരത്തിൽ വഴിയിൽ കുടുങ്ങിപ്പോയ യുവതിക്ക് തുണയായി മാറിയ ഒരു ഓട്ടോ ഡ്രൈവറെയാണ് വീഡിയോയിൽ കാണുന്നത്.. ചേതന സറഫ് എന്ന യുവതിയാണ് വീഡിയോ ഷെയർ ചെയ്തിരിക്കുന്നത്.
കഴിഞ്ഞ മാസം ബെംഗളൂരു സന്ദർശിക്കാനെത്തിയതായിരുന്നു ചേതനയും കുടുംബവും. ഉച്ചഭക്ഷണം കഴിക്കാൻ ഊബർ ഓട്ടോയിൽ പോയപ്പോഴാണ് ഈ സംഭവമുണ്ടായത്. ഓട്ടോയ്ക്ക് സമീപത്തുകൂടി ഒരു പെൺകുട്ടി സ്കൂട്ടിയിൽ പോകുന്നുണ്ടായിരുന്നു. ഓട്ടോ ഡ്രൈവറാണെങ്കിൽ അതിനൊപ്പം തന്നെയാണ് പോകുന്നത്. ഓട്ടോക്കാരൻ എന്തിനാണ് ഇങ്ങനെ സ്കൂട്ടറിനോട് അടുത്ത് പോകുന്നത് എന്ന് ചേതന ആദ്യം സംശയിച്ചത്രെ. എന്നാൽ, കുറച്ചു കഴിഞ്ഞപ്പോഴാണ് സ്കൂട്ടിക്ക് എന്തോ പറ്റിയതാണ് എന്നും ആ യുവതിയെ സഹായിക്കാനാണ് ഡ്രൈവർ ഒപ്പം പോകുന്നതെന്നും അവർക്ക് മനസ്സിലായത്.
ഏകദേശം 10 മുതൽ 15 മിനിറ്റോളം ഡ്രൈവർ ആ പെൺകുട്ടിയെ സഹായിച്ചു. സ്കൂട്ടി സ്വന്തം കാൽ കൊണ്ട് തള്ളിക്കൊടുത്തും, യാത്രയിലുടനീളം വണ്ടി ബാലൻസ് ചെയ്യാൻ സഹായിച്ചും അദ്ദേഹം ഒപ്പം കൂടി. പെൺകുട്ടിക്ക് ആവശ്യമായ സഹായം ലഭിക്കുന്ന ഒരു സ്ഥലത്ത് എത്തുന്നതുവരെ അദ്ദേഹം ഒപ്പം ഉണ്ടായിരുന്നുവെന്ന് ചേതന പറയുന്നു. വീഡിയോയുടെ ചെറിയൊരു ഭാഗം മാത്രമാണ് പകർത്താൻ കഴിഞ്ഞതെന്നും, വീഡിയോയുടെ വേഗത കൂട്ടിയതുകൊണ്ടാണ് പെൺകുട്ടി അൽപ്പം വേഗത്തിൽ പോകുന്നതായി തോന്നുന്നതെന്നും ചേതന കൂട്ടിച്ചേർത്തു.
'ഞങ്ങളുടെ യാത്രയിൽ കണ്ട ഏറ്റവും മനോഹരമായ കാഴ്ചകളിൽ ഒന്നാണിത്. ലോകത്ത് ഇത്രയധികം നന്മകൾ ഇപ്പോഴും ബാക്കിയുണ്ടെന്ന് കാണുമ്പോൾ മനസ്സ് നിറയുന്നു' എന്നാണ് ചേതന കുറിച്ചിരിക്കുന്നത്. തൻസീം എന്നാണ് ഈ ഡ്രൈവറുടെ പേര്. തൻസീമിന് അർഹമായ എല്ലാ അംഗീകാരങ്ങളും ലഭിക്കണമെന്നും പോസ്റ്റിൽ പറയുന്നു. ഒരുപാടുപേർ തൻസീമിനെ പുകഴ്ത്തിക്കൊണ്ട് വീഡിയോയ്ക്ക് കമന്റുകൾ നൽകിയിട്ടുണ്ട്. എന്തായാലും, എത്ര മനോഹരമാണ് ഈ കാഴ്ച അല്ലേ?


