യാത്രക്കാരൻ തന്നെ കുറിച്ച് നല്ല നല്ല വാക്കുകൾ പറയുകയും പ്രശംസിക്കുകയും ഒക്കെ ചെയ്യുമ്പോഴെല്ലാം നിഷ്കളങ്കമായി പുഞ്ചിരിച്ചുകൊണ്ട് നിൽക്കുന്ന ഡ്രൈവറേയും വീഡിയോയിൽ കാണാം.

ബെംഗളൂരുവിൽ നിന്നുള്ള ഹൃദയസ്പർശിയായ ഒരു സംഭവമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്. ഒരു ഓട്ടോ ഡ്രൈവർ തന്റെ വാഹനത്തിൽ ഒരു യാത്രക്കാരൻ മറന്നുവച്ചിട്ടുപോയ പണം നിറച്ച ബാഗ് തിരികെ നൽകിയതാണ് സംഭവം. ഡ്രൈവറുടെ സത്യസന്ധമായ ഈ പ്രവൃത്തി വ്യാപകമായ പ്രശംസയാണ് സോഷ്യൽ മീഡിയയിൽ ഏറ്റുവാങ്ങുന്നത്. ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിരിക്കുന്ന വൈറലായ വീഡിയോയിൽ, ഓട്ടോ ഡ്രൈവറുടെ ദയയെയും സത്യസന്ധതയെയും യാത്രക്കാരൻ പുകഴ്ത്തുന്നത് കാണാം. ആ പണം തിരികെ നൽകാൻ ഒരു നിമിഷം പോലും ഡ്രൈവർക്ക് ആലോചിക്കേണ്ടി വന്നില്ല എന്നതാണ് സത്യം. ഈ സംഭവം മനുഷ്യത്വത്തിലുള്ള തന്റെ വിശ്വാസം വീണ്ടെടുക്കാൻ കാരണമായി എന്നാണ് യാത്രക്കാരൻ പറയുന്നത്.

യാത്രക്കാരൻ തന്നെ കുറിച്ച് നല്ല നല്ല വാക്കുകൾ പറയുകയും പ്രശംസിക്കുകയും ഒക്കെ ചെയ്യുമ്പോഴെല്ലാം നിഷ്കളങ്കമായി പുഞ്ചിരിച്ചുകൊണ്ട് നിൽക്കുന്ന ഡ്രൈവറേയും വീഡിയോയിൽ കാണാം. വളരെ പെട്ടെന്നാണ് വീഡിയോ സോഷ്യൽ മീഡിയയിൽ ശ്രദ്ധയാകർഷിച്ചത്. അനേകങ്ങൾ വീഡിയോയ്ക്ക് കമന്റുകളും നൽകി. 'ഓട്ടോ ഡ്രൈവറായ രാജു ചെയ്തത് വളരെ നല്ല പ്രവൃത്തിയാണ്. അവൻ കഠിനാധ്വാനം ചെയ്തു, വിയർപ്പൊഴുക്കി, പക്ഷേ ചതിക്കുകയോ കൊള്ളയടിക്കുകയോ ചെയ്തില്ല' എന്നാണ് ഒരാൾ കമന്റ് നൽകിയത്. 'മനുഷ്യത്വം ഇപ്പോഴും എവിടെയൊക്കെയോ നിലനിൽക്കുന്നുണ്ട്' എന്നായിരുന്നു മറ്റൊരാളുടെ കമന്റ്.

View post on Instagram

സമാനമായ സംഭവത്തിൽ, ബെംഗളൂരുവിലെ ഒരു റാപ്പിഡോ ഡ്രൈവർ ഒരു യാത്രക്കാരി മറന്നുവച്ച ഇയർഫോൺ തിരികെ നൽകിയതും വാർത്തയായി മാറിയിരുന്നു. ​ഗൂ​ഗിൾ പേയിൽ മെസ്സേജ് അയച്ചാണ് വാഹനത്തിൽ ഇയർഫോൺ മറന്നുവച്ച കാര്യം അന്ന് ഡ്രൈവർ യാത്രക്കാരിയെ അറിയിച്ചത്. ഈ സംഭവവും അന്ന് ഓൺലൈനിൽ വലിയ ശ്രദ്ധ നേടിയിരുന്നു. റാപ്പിഡോ ഡ്രൈവറെ അഭിനന്ദിച്ചുകൊണ്ട് ഒരുപാടുപേരാണ് അന്ന് മുന്നോട്ട് വന്നത്.