ചൈനയിലെ യുന്നാൻ പ്രവിശ്യയിൽ, കൂട്ടത്തിലെ കുട്ടിയാനയുടെ കാൽ ചാർജിങ് കേബിളിൽ കുടുങ്ങിയതിനെ തുടർന്ന് പിടിയാന ചാർജിങ് സ്റ്റേഷൻ കുത്തിമറിച്ചു. ഈ സംഭവത്തിൻ്റെ സിസിടിവി ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലാവുകയും ആനകളുടെ സംഘബോധത്തെയും ബുദ്ധിശക്തിയെയും കുറിച്ച് ചർച്ചകൾക്ക് വഴിവെക്കുകയും ചെയ്തു.

കൂട്ടത്തിലുള്ള ഒരാളെ സംരക്ഷിക്കുകയെന്നത് മനുഷ്യനെ പോലെ കൂട്ടം കൂടി നടക്കുന്ന മൃഗങ്ങളുടെയും ഒരു സ്വഭാവ സവിശേഷതയാണ്. കൂട്ടത്തിലെ പ്രധാനി ആരാണോ അവരാകും ഇത്തരം സന്ദർഭങ്ങളിൽ പ്രതികാരത്തിനായി ഇറങ്ങുക. അത്തരമൊരു പ്രതികാരത്തിന്‍റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈലായി. കൂട്ടത്തിലെ ഒരു കൗമാരക്കാരനായ ആനയുടെ കാലിൽ റോഡരികിലെ ഒരു ഇലക്ട്രിക്ക് ചാർജിങ് സ്റ്റേഷനിലെ കേബിൾ കുടുങ്ങിയതിന് പിന്നാലെ കൂട്ടത്തിലുണ്ടായിരുന്ന ഒരു പിടിയാന ചാർജിങ് സ്റ്റേഷൻ തന്നെ കുത്തി മറിച്ച് ഇടുന്നത് വീഡിയോയിൽ കാണാം. ആനയുടെ പ്രതികാര നടപടിയുടെ സിസിടിവി ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ചതിന് പിന്നാലെ വൈറലായി. ചൈനയിലെ യുന്നാൻ പ്രവിശ്യയിലാണ് കൗതുകകരമായ ഈ സംഭവം നടന്നത്.

ചാർജിങ് സ്റ്റേഷൻ കുത്തി മറിച്ച് പിടിയാന

കഴിഞ്ഞ ഓഗസ്റ്റ് ആറിന് രാത്രിയോടെ റോഡിലൂടെ സഞ്ചരിച്ചിരുന്ന കാട്ടാനക്കൂട്ടമാണ് അപ്രതീക്ഷിതമായി ചാർജിങ് സ്റ്റേഷന് മുന്നിലെത്തിയത്. ചാർജിങ് സ്റ്റേഷന് മുന്നിലൂടെ കാട്ടാനക്കൂട്ടം നടന്ന് പോകുമ്പോൾ അതിലൊരു കുട്ടിയാനയുടെ കാലിൽ ചാർജിങ് കേബിൾ കുടുങ്ങുകയായിരുന്നു. ഏറെ നേരം കാലിൽ നിന്നും കേബിൾ മാറ്റാൻ പിടിയാൻ ശ്രമിച്ചെങ്കിലും നടന്നില്ല. ഇതോടെ സമീപത്തുണ്ടായിരുന്ന പിടിയാന കേബിളിൽ ഒന്ന് തട്ടുകയും അത് ആനയുടെ കാലിൽ നിന്നും ഊരിപോകുന്നതും കാണാം. എന്നാൽ, പിന്നാലെ നേതാവായ ആന ചാർജിങ് സ്റ്റേഷന്‍റെ ഭാഗത്തേക്ക് നീങ്ങുകയും കേബിൾ ഘടിപ്പിച്ചിരുന്ന ചാർജിങ് സ്റ്റേഷൻ തന്‍റെ മസ്തകം ഉപയോഗിച്ച് തള്ളി മറിച്ചിടുന്നതും ദൃശ്യങ്ങളിൽ കാണാം.

Scroll to load tweet…

'അമ്മയുടെ പ്രതികാരം'

സംഭവത്തിന്‍റെ വീഡിയോ പ്രചരിച്ചതോടെ സമൂഹ മാധ്യമങ്ങളിൽ നിരവധി പേർ ആനകളുടെ സംഘബോധത്തെ കുറിച്ച് എഴുതി. ആന കൂട്ടത്തിലെ മറ്റൊരു അംഗത്തെ സംരക്ഷിക്കാനാണ് ആന ഇടപെട്ടതെന്നാണ് വിഭാഗം ആളുകൾ അഭിപ്രായപ്പെട്ടത്. “അമ്മ ആന മകനെ സംരക്ഷിക്കുകയാണ്” എന്ന തരത്തിലുള്ള പ്രതികരണങ്ങളും ചിലരെഴുതി. ഏഷ്യൻ ആനകളിലെ ആൺ - പെൺ ആനകളുടെ കൊമ്പുമായി ബന്ധപ്പെട്ട വ്യത്യാസങ്ങളും ചിലർ ചൂണ്ടിക്കാട്ടി. അതേസമയം ആന അത്തരമൊരു നീക്കം നടത്തിയത് ദേഷ്യം കൊണ്ടല്ലെന്ന് മറ്റ് ചിലർ ചൂണ്ടിക്കാട്ടി. പരിചയമില്ലാത്ത ഉപകരണം കണ്ടെത്തുകയും അതിന്‍റെ നിൽപ്പ് ശരിയല്ലെന്ന് കണ്ട് അത് ശരിയാക്കുകയാണ് ആന ചെയതതെന്നായിരുന്നു മറ്റ് ചിലരുടെ പരിഹാസം, അതേസമയം മറ്റ് ചിലർ ആനകളുടെ ഉയർന്ന ബുദ്ധിശക്തിയെയും പെരുമാറ്റരീതികളെയും പ്രശംസിച്ച് രംഗത്തെത്തി.