പുകവലി നിരോധന മേഖലയിൽ സിഗരറ്റ് വലിച്ച് യുവാവ്. ജീവനക്കാരി തടഞ്ഞിട്ടും പുകവലി തുടർന്നു. അതേസമയം, വെള്ളമൊഴിച്ച് സിഗരറ്റ് കെടുത്തി ഒരു ബെലൂഗ തിമിംഗലം. സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്.

ചൈനയിലെ ഡാലിയൻ സുനാസിയ ഓഷൻ വേൾഡിൽ നിന്നുള്ള രസകരമായ ഒരു വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. ഒരു ബെലൂഗ തിമിംഗലമാണ് ഈ വീഡിയോയിലെ താരം. ബെലൂഗയുടെ രസകരമായ ഇടപെടൽ കാണിക്കുന്ന വീഡിയോ അതിവേ​ഗത്തിലാണ് സോഷ്യൽ മീഡിയയിൽ ആളുകളെ ആകർഷിച്ചിരിക്കുന്നത്. പുകവലിക്കുന്നത് ആരോ​ഗ്യത്തിന് ഹാനികരമാണല്ലേ? അത് ബെലൂ​ഗ തിമിം​ഗലത്തിനും അറിയാം എന്നാണ് ഈ വീഡിയോ കാണുമ്പോൾ തോന്നുക. സി​ഗരറ്റ് വലിച്ചുകൊണ്ട് നിന്ന ഒരാളുടെ സി​ഗരറ്റ് ഒരു തിമിം​ഗലം വെള്ളമൊഴിച്ച് കെടുത്തുന്നതാണ് വീഡിയോയിൽ‌ കാണുന്നത്.

ഇത് പുകവലി നിരോധന മേഖലയാണ്. എന്നിട്ടും ഒരാൾ ഇവിടെ നിന്നും പുകവലിക്കുന്നതാണ് കാണുന്നത്. ഇയാൾ, ഒരു വെളുത്ത പ്ലാസ്റ്റിക് ബാഗുമായി ആ ബെലൂഗ പൂളിന് പുറം തിരിഞ്ഞു നിന്ന് ഒരു സിഗരറ്റ് കത്തിക്കുന്നത് കാണാം. പെട്ടെന്ന് തന്നെ ഒരു ജീവനക്കാരി ഇവിടെ എത്തുകയും അയാളെ തടയാൻ ശ്രമിക്കുകയും ചെയ്യുന്നുണ്ട്. എന്നാൽ, ഇയാൾ അപ്പോഴും സി​ഗരറ്റ് കളയാതെ അത് വലിക്കാനുള്ള തീരുമാനത്തിൽ തന്നെ ആയിരുന്നു. എന്നാൽ, സി​ഗരറ്റ് ചുണ്ടിൽ വച്ചതോടെ സമീപത്തുണ്ടായിരുന്ന ഒരു ബെലൂഗ തിമിംഗലം പെട്ടെന്ന് ചാടിപ്പൊങ്ങി വരികയും പൂളിൽ നിന്നും വെള്ളമെടുത്ത് ഇയാൾക്ക് മേലേക്ക് ഒഴിക്കുകയും ചെയ്യുകയായിരുന്നു. സി​ഗരറ്റ് കെട്ടുപോവുകയും സി​ഗരറ്റ് വലിച്ചുകൊണ്ടിരുന്ന മനുഷ്യൻ ഞെട്ടിപ്പോവുകയും ചെയ്യുന്നതും വീഡിയോയിൽ കാണാം.

Scroll to load tweet…

നിരവധിപ്പേരാണ് വീഡിയോയ്ക്ക് കമന്റുകൾ നൽകിയത്. 'വളരെ ലളിതമായ നിർദ്ദേശങ്ങൾ പോലും പാലിക്കാൻ കഴിയാത്തതിനാൽ ഒരു തിമിംഗലം നിങ്ങളെ അച്ചടക്കം പഠിപ്പിക്കുന്നതിനെ കുറിച്ച് ആലോചിച്ചു നോക്കൂ. നാണക്കേടുണ്ടാക്കുന്ന പെരുമാറ്റം, കൃത്യമായ തിരുത്തൽ, ഇത് എന്റെ വീട്ടിൽ നടക്കില്ല എന്നാണ് തിമിം​ഗലം പറയുന്നത്' എന്നാണ് ഒരാൾ കമന്റ് നൽകിയത്. തിമിം​ഗലത്തിന് വരെ ഇക്കാര്യത്തിൽ ബോധമുണ്ട് എന്നായിരുന്നു മറ്റ് ചിലരുടെ കമന്റുകൾ. അതേസമയം, ഇത് എഐ ആണോ എന്നാണ് മറ്റ് പലരുടേയും സംശയം.