ബെംഗളൂരുവിൽ പ്രൊഡക്ട് മാനേജർമാരായി ജോലി ചെയ്യുന്ന ദമ്പതികളുടെ ഒരു മാസത്തെ ജീവിതച്ചെലവ് 1.3 ലക്ഷം രൂപ. ഉയർന്ന വാടക, വീട്ടുജോലിക്കാർ, ഭക്ഷണം, ഷോപ്പിംഗ് എന്നിവയുൾപ്പെടെയാണ് ഈ ചെലവ്. നന്നായിട്ട് സമ്പാദിച്ചാലും മാസാവസാനം കയ്യില്‍ ഒന്നുമില്ലാത്ത അവസ്ഥയാണ് എന്നാണ് ഇവര്‍ പറയുന്നത്. 

ബെം​​ഗളൂരു പോലെ ഒരു ചെലവേറിയ ന​ഗരത്തിൽ നന്നായി ജീവിക്കാൻ എത്ര രൂപ വേണ്ടി വരും? മാസം 1.3 ലക്ഷം രൂപ ചെലവ് വരും ഒരു മാസമെന്ന ഈ ദമ്പതികളുടെ വെളിപ്പെടുത്തലിന് പിന്നാലെ സോഷ്യൽ മീഡിയയിൽ ചർച്ച ഉയർന്നിരിക്കുകയാണ്. ബെംഗളൂരുവിൽ പ്രൊഡക്ട് മാനേജർമാരായി ജോലി ചെയ്യുന്ന രാധികയും ഏകാൻഷുമാണ് തങ്ങളുടെ ചെലവ് കണക്കുകൾ സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്തിരിക്കുന്നത്. ഇരുവരും സൈഡായി കണ്ടന്റ് ക്രിയേഷനും ചെയ്യുന്നുണ്ട്. ഇന്ത്യയിലെ ഏറ്റവും വലിയ ഐടി ഹബ്ബിൽ താമസിക്കാൻ വിവാഹിതരായ ദമ്പതികൾക്ക് എന്ത് ചിലവാകുമെന്നതിനെ കുറിച്ചാണ് ഇവർ വിശദമായി പങ്കുവയ്ക്കുന്നത്. നല്ല വരുമാനം ലഭിക്കുന്നുണ്ടെങ്കിലും, എല്ലാ മാസാവസാനവും കയ്യിൽ കാശില്ലാത്ത അവസ്ഥയാണ് എന്നാണ് ഇവർ പറയുന്നത്.

Add Asianetnews as a Preferred SourcegooglePreferred

ഏറ്റവും വലിയ തുക ഇവർ നൽകുന്നത് വാടകയാണ്. മാസത്തിൽ 56,000 രൂപയാണ് ഇവർ വാടകയായി നൽകുന്നത്. വീട്ടുജോലിക്ക് വരുന്നയാൾക്കും പാചകം ചെയ്യാൻ വരുന്നയാൾക്കുമായി 10,000 രൂപ. ​ഗ്രോസറിക്ക് 15,000 രൂപ, ഇലക്ട്രിസിറ്റി, ഇന്റർനെറ്റ് ഒക്കെക്കൂടി 15,000. ഓഫീസിൽ പോകാനും പെട്രോളിനും ഒക്കെയായി 6000 രൂപ. പുറത്തുനിന്നുള്ള ഭക്ഷണത്തിന് 10,000 രൂപ. വിവിധ സബ്സ്ക്രിപ്ഷനുകൾക്ക് 3,000, ഷോപ്പിങ്ങിനും മറ്റുമായി 15,000. ഇങ്ങനെയാണ് ദമ്പതികളുടെ ചെലവ് വരുന്നത്.

View post on Instagram

വെക്കേഷനോ, വിമാന ടിക്കറ്റോ ഒന്നും ഇല്ലാതെ തന്നെ 1.3 ലക്ഷം രൂപയാണ് ഒരുമാസം തങ്ങൾക്ക് ചിലവാകുന്നത്. നന്നായി സമ്പാദിക്കുകയും എന്നാൽ മാസാവസാനമാകുമ്പോഴേക്കും കയ്യിൽ കാശില്ലാത്ത അവസ്ഥ വരികയും ചെയ്യുന്ന നഗരമാണ് ബെം​ഗളൂരു എന്നാണ് ദമ്പതികൾ പറയുന്നത്. നിരവധിപ്പേരാണ് പോസ്റ്റിന് കമന്റുകൾ നൽകിയത്. ദമ്പതികളുടെ ചെലവ് വളരെ കൂടുതലാണ് എന്നാണ് നെറ്റിസൺസിന്റെ അഭിപ്രായം. വാടക കുറഞ്ഞ സ്ഥലങ്ങളിൽ വീടെടുത്താൽ ഇത്തരം പ്രശ്നമുണ്ടാവില്ലല്ലോ എന്നും പലരും ചോദിച്ചിട്ടുണ്ട്.