മധ്യപ്രദേശിലെ ഛിന്ദ്വാരയിലുള്ള ഒരു അങ്കണവാടിയിൽ ജീവനക്കാരി ചെറിയ പെൺകുട്ടിയെക്കൊണ്ട് കാലിൽ ചവിട്ടി മസാജ് ചെയ്യിക്കുന്ന വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായി. കുട്ടികളെ ഇത്തരം വ്യക്തിഗത ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്നതിനെതിരെ വലിയ പ്രതിഷേധമാണ് ഉയരുന്നത്. സമാനമായ സംഭവങ്ങൾ മുമ്പും സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
മധ്യപ്രദേശിലെ ഛിന്ദ്വാര ജില്ലയിൽ അങ്കണവാടി കേന്ദ്രത്തിൽ നിന്നും ചിത്രീകരിച്ചതെന്ന് അവകാശപ്പെട്ട ഒരു വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായി. പിന്നാലെ അങ്കണവാടി ജീവനക്കാരുടെ പെരുമാറ്റത്തെക്കുറിച്ച് ചോദ്യങ്ങളുമായി സമൂഹ മാധ്യമ ഉപയോക്താക്കൾ രംഗത്ത്. പരാസിയയിലെ ചന്ദമേട്ട, ചാച്ചാ മൊഹല്ലയിലെ വാർഡ് 12 -ലെ അങ്കണവാടി കേന്ദ്രത്തിലാണ് സംഭവം നടന്നതെന്ന് റിപ്പോർട്ടുകൾ പറയുന്നു.
നിലത്ത് കിടന്ന് ജീവനക്കാരി, ചവിട്ടി മസാജ് ചെയ്ത് പെൺകുട്ടി
വൈറലായ ദൃശ്യങ്ങളിൽ അങ്കണവാടിയിൽ സഹായിയായി ജോലി ചെയ്യുന്നുവെന്ന് പറയപ്പെടുന്ന സ്ത്രീ നിലത്ത് വിരിച്ച പായയിൽ കിടക്കുന്നത് കാണാം. ഇവരുടെ കാലിൽ കയറി നിന്ന് ഒരു പെൺകുട്ടി തന്‍റെ കാലുപയോഗിച്ച് ചവിട്ടി മസാജ് ചെയ്യുന്നതും ദൃശ്യങ്ങളിൽ കാണാം. എവിടെയാണ് അമർത്തി ചവിട്ടേണ്ടതെന്നും കാലുകൾ എവിടേക്ക് നീക്കണമെന്നും ജീവനക്കാരി കുട്ടിയോട് നിർദേശിക്കുന്നതും വീഡിയോയിൽ കേൾക്കാം.
ദൃശ്യങ്ങൾ പുറത്തുവന്നതോടെ കുട്ടികളോട് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ജീവനക്കാർ എങ്ങനെ പെരുമാറണം എന്നതിനെക്കുറിച്ച് സമൂഹ മാധ്യമങ്ങളിൽ വലിയ ചർച്ചയാണ് നടക്കുന്നത്. കുട്ടികളെ ഇത്തരം വ്യക്തിഗത സേവനങ്ങൾക്ക് ഉപയോഗിക്കുന്നത് ഉചിതമാണോയെന്ന ചോദ്യവും ചിലർ ഉയർത്തി. അതേ സമയം ഈ സംഭവത്തിൽ ഇതുവരെയായും ഔദ്യോഗിക അന്വേഷണമോ വിശദീകരണോ പുറത്ത് വിട്ടിട്ടില്ലെന്നും റിപ്പോർട്ടുകൾ പറയുന്നു.
മുമ്പും സമാന സംഭവങ്ങൾ
മധ്യപ്രദേശിൽ കുട്ടികളെക്കൊണ്ട് അധ്യാപകരുടെയോ ജീവനക്കാരുടെയോ വ്യക്തിപരമായ ആവശ്യങ്ങൾ ചെയ്യിക്കുന്നതായി ആരോപണമുയരുന്ന സമാന സംഭവങ്ങൾ നേരത്തെയും പുറത്തുവന്നിരുന്നു. ഭോപ്പാലിലെ ഒരു സർക്കാർ സ്കൂളിൽ വിദ്യാർഥിനി അധ്യാപികയുടെ കാലിൽ മസാജ് ചെയ്യുന്ന വീഡിയോയും അടുത്തിടെ വലിയ വിവാദമായിരുന്നു. എന്നാൽ ആ സംഭവത്തിൽ അധ്യാപിക കാലിന് പരിക്കേറ്റതിനാൽ വേദന കുറയ്ക്കാൻ വിദ്യാർഥിനി സഹായിക്കുകയായിരുന്നുവെന്നാണ് പിന്നീട് വിശദീകരണം വന്നത്.
മധ്യപ്രദേശിലെ ഛത്തർപൂരിൽ നിന്നും വൈറലായ ഒരു വീഡിയോയിൽ സ്കൂൾ അധ്യാപകൻ വിദ്യാർത്ഥിയെ മദ്യം വാങ്ങാൻ പറഞ്ഞയച്ചതായി ആരോപിക്കുന്നു. അധ്യാപകന് വേണ്ടി വാങ്ങിയ മദ്യം, കുട്ടി കീശയിൽ നിന്നും ഉയർത്തി കാണിക്കുന്നതും വീഡിയോയിൽ കാണാം. ഇതിന് പിന്നാലെ ഛിന്ദ്വാരയിൽ നിന്നും പുറത്ത് വന്ന പുതിയ വീഡിയോ അങ്കണവാടി കേന്ദ്രങ്ങളിലെ കുട്ടികളുടെ സുരക്ഷയും, ജീവനക്കാരുടെ പെരുമാറ്റത്തെയും കുറിച്ച് വീണ്ടുമെരു ചർച്ചയ്ക്ക് വഴിവച്ചു.


