ങേ, എന്താടാ ഈ കാണുന്നത്, ഓട്ടോയിലും കോഴിക്കുഞ്ഞുങ്ങളോ? വീഡിയോ പങ്കിട്ട് യാത്രക്കാരൻ
ഓട്ടോറിക്ഷയിൽ യാത്ര ചെയ്യുകയായിരുന്ന ഒരാളാണ് ഈ വീഡിയോ പങ്കുവച്ചിരിക്കുന്നത്. 'ബെംഗളൂരുവിലെ ഒരു ദിവസത്തെ യാത്രയും വിരസമല്ല' എന്ന് പറഞ്ഞുകൊണ്ടാണ് വീഡിയോ എക്സിൽ (ട്വിറ്ററിൽ) ഷെയർ ചെയ്തിരിക്കുന്നത്.
ബെംഗളൂരുവിൽ നിന്നുള്ള ഒരുപാട് വീഡിയോകൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറാറുണ്ട്. വളരെ രസകരമായതും അപൂർവമായതുമായ അനേകം കാഴ്ചകൾ ഇവിടെ ട്രാഫിക്കിൽ നമുക്ക് കാണാം. മണിക്കൂറുകളോളം ട്രാഫിക്കിൽ കുടുങ്ങിയ ആളുകൾ തങ്ങളുടെ സ്കൂട്ടറിലും മറ്റും ഇരുന്നുകൊണ്ട് തന്നെ ലാപ്ടോപ്പ് തുറന്ന് വച്ച് മീറ്റിംഗുകളിൽ പങ്കെടുക്കുന്നതും ജോലി ചെയ്യുന്നതും ഒക്കെ അതിൽ പെടും. അതുപോലെ തന്നെ ഇവിടെയുള്ള ഓട്ടോക്കാരും രസികന്മാരാണ്. എന്തായാലും, അതുപോലെയുള്ള ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധയാകർഷിക്കുന്നത്.
ഓട്ടോറിക്ഷയിൽ യാത്ര ചെയ്യുകയായിരുന്ന ഒരാളാണ് ഈ വീഡിയോ പങ്കുവച്ചിരിക്കുന്നത്. 'ബെംഗളൂരുവിലെ ഒരു ദിവസത്തെ യാത്രയും വിരസമല്ല' എന്ന് പറഞ്ഞുകൊണ്ടാണ് വീഡിയോ എക്സിൽ (ട്വിറ്ററിൽ) ഷെയർ ചെയ്തിരിക്കുന്നത്. ഒരു ഓട്ടോറിക്ഷയുടെ അകത്ത് നിന്നുള്ള കാഴ്ചകളാണ് ഇതിൽ കാണാൻ സാധിക്കുന്നത്. ഓട്ടോയിൽ പിൻസീറ്റിനും പിന്നിലായി കുറേ നിറമുള്ള കോഴിക്കുഞ്ഞുങ്ങളെയാണ് കാണാനാവുക.
യുവാവ് വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവച്ചതോടെ ഇത് ആളുകളെ ആകർഷിച്ചു. നിരവധിപ്പേരാണ് ഈ വീഡിയോയ്ക്ക് കമന്റുകളുമായി എത്തിയതും. കോഴിക്കുഞ്ഞുങ്ങളെ കാണാൻ ഇഷ്ടമുള്ളവരാണ് മിക്കവരും അല്ലേ? എന്നാൽ, ഓട്ടോയിൽ നമുക്ക് അങ്ങനെ ഒരു കാഴ്ച പ്രതീക്ഷിക്കാൻ ആവില്ല. എന്തായാലും, ഇത് വളരെ ക്യൂട്ടായ ഒരു കാഴ്ചയാണ് എന്നാണ് നിരവധിപ്പേർ അഭിപ്രായപ്പെട്ടത്.
എന്നാൽ, അതേസമയം തന്നെ ഇതിലെ മൃഗങ്ങൾക്കും മറ്റ് ജീവികൾക്കും എതിരെയുള്ള ക്രൂരതകൾ ചൂണ്ടിക്കാട്ടിയും നിരവധിപ്പേർ മുന്നോട്ട് വന്നിട്ടുണ്ട്. കോഴികളെ കളറടിപ്പിച്ചതും ഓട്ടോയിൽ ഇങ്ങനെ കൊണ്ടുപോകുന്നതും ശരിയായ കാര്യമല്ല എന്നും അവർ ചൂണ്ടിക്കാട്ടി. 'ഇതിൽ അഭിമാനിക്കത്തക്കതായി ഒന്നുമില്ല' എന്നാണ് ഒരാൾ കമന്റ് നൽകിയത്.
ചിലർ, PETA (People for the Ethical Treatment of Animals) -യെയും ഇതിന്റെ കമന്റുകളിൽ മെൻഷൻ ചെയ്തിട്ടുണ്ട്.