എന്തായാലും, ഡാൻസിന് ശേഷം ഇയാൾ എന്താണോ ലക്ഷ്യമാക്കി എത്തിയത് അത് ചെയ്യുകയും ചെയ്തു. മൂന്ന് ലാപ്‍ടോപ്പുകളും ഒരു പ്രൊജക്ടറുമടക്കം ഏകദേശം നാലര ലക്ഷം രൂപയുടെ സാധനങ്ങൾ ഇയാൾ സ്കൂളിൽ നിന്നും കടത്തിയത്രെ.
വളരെ വിചിത്രമായ അനേകം വീഡിയോകളും സംഭവങ്ങളും സോഷ്യൽ മീഡിയയിലൂടെ നമുക്ക് മുന്നിലെത്താറുണ്ട്. അതുപോലെ ഒരു വീഡിയോയാണ് ഇപ്പോൾ ആളുകളുടെ ശ്രദ്ധയാകർഷിച്ചു കൊണ്ടിരിക്കുന്നത്. സംഭവം നടന്നിരിക്കുന്നത് ഓസ്ട്രേലിയയിലാണ്. ഒരു സ്കൂളിൽ മോഷണം നടത്താൻ പോകുന്നതിന് തൊട്ടുമുമ്പ് ഒരു കള്ളൻ നൃത്തം ചെയ്യുന്ന രംഗങ്ങളാണ് ഇത്.
ആരാണല്ലേ മോഷണം നടത്താൻ പോകുന്നതിന് മുമ്പ് മോഷ്ടിക്കാൻ പോകുന്ന കെട്ടിടത്തിന് മുന്നിൽ നിന്നും ആസ്വദിച്ച് ഡാൻസ് ചെയ്യുക? എന്തായാലും വിക്ടോറിയയിൽ നിന്നുള്ള ഈ കള്ളൻ അത് ചെയ്തു. ഒരു സ്കൂളിലായിരുന്നു മോഷണം നടന്നത്. മോഷണം നടത്താൻ പോകുന്നതിന് തൊട്ടുമുമ്പ് സ്കൂളിന്റെ പാർക്കിംഗിൽ നിന്നും ഇയാൾ ഡാൻസ് ചെയ്യുന്ന രംഗമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുന്നത്.
ഏപ്രിൽ 23 -ന് പുലർച്ചെ പ്രാദേശിക സമയം 1:10 ഓടെ വിക്ടോറിയയിലെ സൺബറിയിലുള്ള ഒരു സ്കൂളിൽ വെച്ചാണ് സംഭവം നടന്നതെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. എന്നാൽ, അടുത്തിടെയാണത്രെ ഇതിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചു തുടങ്ങിയത്.
കാറിലാണ് ഇയാൾ സ്കൂളിലേക്ക് എത്തിയത്. ചുവപ്പും കറുപ്പും നിറത്തിലുള്ള ഹൂഡി, ചുവപ്പ് നിറത്തിലുള്ള ഹെഡ്ബാൻഡ്, നീല ഗ്ലൗസുകൾ, കറുത്ത റണ്ണിംഗ് ഷൂസ് എന്നിവയാണ് ഇയാൾ ധരിച്ചിരുന്നത്. എത്തി നേരെ സ്കൂളിലേക്ക് കയറുന്നതിന് പകരം ഇയാൾ അവിടെ നിന്നും ഡാൻസ് ചെയ്യുകയായിരുന്നു.
എന്തായാലും, ഡാൻസിന് ശേഷം ഇയാൾ എന്താണോ ലക്ഷ്യമാക്കി എത്തിയത് അത് ചെയ്യുകയും ചെയ്തു. മൂന്ന് ലാപ്‍ടോപ്പുകളും ഒരു പ്രൊജക്ടറുമടക്കം ഏകദേശം നാലര ലക്ഷം രൂപയുടെ സാധനങ്ങൾ ഇയാൾ സ്കൂളിൽ നിന്നും കടത്തിയത്രെ.
പൊലീസ് ഇയാളെ കണ്ടെത്താൻ സഹായിക്കണമെന്ന് പൊതുജനങ്ങളോട് ആവശ്യപ്പെടുകയും ചെയ്തു. എന്തായാലും ഡാൻസ് ചെയ്യുന്ന ദൃശ്യങ്ങൾ പുറത്ത് വന്നതോടെ ഇയാളെ എല്ലാവരും 'ഡാൻസിംഗ് തീഫ്' എന്നാണ് വിളിക്കുന്നത്.


