വിമാനം പറന്നുയരാന്‍ ശ്രമിക്കുന്നതിനിടെയാണ് ആദ്യ പ്രാവിനെ കണ്ടെത്തിയത്. അതിനെ പിടികൂടി പുറത്താക്കി, വീണ്ടും പറന്നുയരാന്‍ ശ്രമിക്കവെ വിമാനത്തിനുള്ളിലൂടെ പറന്ന് നടന്ന് രണ്ടാമത്തെ പ്രാവ്. 


ഭൂമിയില്‍ നിന്നും പതിനായിരക്കണക്കിന് അടി ഉയരത്തില്‍ പറക്കുന്ന വിമാനങ്ങൾ ഏറെ സുരക്ഷ ആവശ്യമുള്ള ഗതാഗത സംവിധാനങ്ങളാണ്. പക്ഷികൾ വിമാന ചിറകില്‍ ഇടിച്ചാല്‍ വിമാനം തകരാന്‍ പോലും സാധ്യതയുണ്ട്. അതിനാലാണ് വിമാനത്താവളങ്ങൾക്ക് സമീപം മാലിന്യം നിക്ഷേപിക്കരുതെന്ന് വിമാനത്താവള അധികൃതര്‍ ആവശ്യപ്പെടുന്നത്. എന്നാല്‍, അനധികൃതമായി വിമാനത്തിനുള്ളില്‍ രണ്ട് പക്ഷികൾ പെട്ടാലോ? അതും പ്രശ്നമാണ്. അത്തരമൊരു സംഭവം കഴിഞ്ഞ ദിവസം ഡെല്‍റ്റാ എയര്‍ലൈന്‍സ് റിപ്പോര്‍ട്ട് ചെയ്തു. പിന്നാലെ വിമാനം വൈകിയത് ഏതാണ്ട് ഒരു മണിക്കൂറോളം സമയം. 

119 യാത്രക്കാരും അഞ്ച് ക്യാബിന്‍ ക്രൂ അംഗങ്ങളും അടങ്ങിയ ഡെല്‍റ്റാ എയര്‍ലൈനിന്‍റെ 2348 ഫൈറ്റ് വിസ്മോസിന്‍ വിമാനത്താവളത്തില്‍ നിന്നും പറന്നുയരാന്‍ ശ്രമിക്കവെയാണ് വിമാനത്തിനുള്ളില്‍ ഒരു പ്രാവിനെ കണ്ടെത്തിയത്. ഉടനെ തന്നെ വിമാനം പറന്നുയരാനുള്ള ശ്രമം ഉപേക്ഷിച്ചു. വിമാനത്തിനുള്ളില്‍ ഒരു പ്രാവുണ്ടെന്ന് അതില്‍ ക്ഷമ ചോദിക്കുന്നുവെന്നുമുള്ള ക്യാപ്റ്റന്‍റെ സന്ദേശം വിമാനത്തിനുള്ളില്‍ മുഴങ്ങി. പിന്നാലെ യാത്രക്കാര്‍ തന്നെ പ്രാവിനെ പിടിക്കാന്‍ ശ്രമിക്കുകയും അതില്‍ വിജയിക്കുകയും ചെയ്തു. വീണ്ടും വിമാനം പറന്നുയരാനായി റണ്‍വേയിലേക്ക് തിരിയവെയാണ് രണ്ടാമത്തെ പ്രാവിനെ കണ്ടെത്തിയത്. പിന്നാലെ യാത്രക്കാര്‍ തങ്ങളുടെ കോട്ട് ഉപയോഗിച്ച് പ്രാവിനെ പുടികൂടാന്‍ ശ്രമിക്കുന്നതിന്‍റെ വീഡിയോകൾ സമൂഹ മാധ്യമങ്ങളില്‍ വൈറലായി. പ്രാവുകളെ കണ്ടെത്തിയതിന് പിന്നാലെ വിമാനം ഏതാണ്ട് 56 മിനിറ്റാണ് വൈകിയത്. 

Scroll to load tweet…

View post on Instagram

വിഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായതിന് പിന്നാലെ രസകരമായ കുറിപ്പുകളാണ് കാഴ്ചക്കാരെഴുതിയത്. ചിലര്‍ പ്രാവുകൾ സ്നാക്സുകൾക്ക് വേണ്ടി കയറിയതാണെന്നും എന്നാല്‍ ചെറിയ റൂട്ടില്‍ പറക്കുന്ന ഡെല്‍റ്റ എയര്‍ലൈനുകളില്‍ സ്നാക്സുകൾ ലഭിക്കില്ലെന്ന് അവയ്ക്ക് അറിയില്ലെന്നും എഴുതി. സംഗതി ഒരു പ്രാവാണെങ്കിലും ചില സ്ത്രീകൾ അലറിക്കരയുന്നത് വീഡിയോയില്‍ കേൾക്കാം. നിരവധി കാഴ്ചക്കാര്‍ ആ സ്ത്രീയോട് അങ്ങനെ അലമുറയിടുന്നത് എന്താണ് അതൊരു പ്രാവല്ലേയെന്ന് ചോദിക്കുന്നുണ്ടായിരുന്നു. മറ്റ് ചിലര്‍ 'വിമാനത്തിനുള്ളിലെ പറക്കല്‍' എന്ന പ്രയോഗത്തില്‍ ആഹ്ളാദം കണ്ടെത്തി. മറ്റ് ചിലര്‍ വിമാനത്തിനുള്ളില്‍ ഏങ്ങനെയാണ് പ്രാവ് കയറിയത് എന്ന സംശയം ഉന്നയിച്ചു.