സമൂഹ മാധ്യമ ഇൻഫ്ലുവൻസർ വർക്കല ബീച്ചിൽ വിനോദസഞ്ചാരികൾ മാലിന്യം വലിച്ചെറിയുന്നതിനെതിരെ രംഗത്ത്. പ്ലാസ്റ്റിക് കുപ്പികളും മറ്റു അവശിഷ്ടങ്ങളും നിറഞ്ഞ ബീച്ചിന്റെ ദുരവസ്ഥ വീഡിയോയിലൂടെ പങ്കുവെച്ച അദ്ദേഹം, പ്രകൃതിയെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത ഓർമ്മിപ്പിച്ചു

കേരളത്തിലെ പ്രശസ്തമായ വിനോദ സഞ്ചാര കേന്ദ്രമായ വർക്കല ബീച്ചിൽ വിനോദ സഞ്ചാരികൾ മാലിന്യം വലിച്ചെറിയുന്നതിനെതിരെ രൂക്ഷമായ വിമർശനവുമായി സമൂഹ മാധ്യമ ഇൻഫ്ലുവൻസർ സച്ചിൻ കെ. ധീർ രംഗത്തെത്തി. ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച വീഡിയോയിലൂടെയാണ് അദ്ദേഹം തന്‍റെ പ്രതിഷേധം അറിയിച്ചത്.

വർക്കലയിലെ മാലിന്യം

സഞ്ചാരികൾ ഉപേക്ഷിച്ച് പോയ പ്ലാസ്റ്റിക് കുപ്പികൾ, ഭക്ഷണപ്പൊതികൾ, മറ്റ് അവശിഷ്ടങ്ങൾ എന്നിവ കൊണ്ട് വർക്കലയിലെ മനോഹരമായ മലയിടുക്കുകളും കടൽത്തീരവും മലിനമായിരിക്കുന്ന കാഴ്ചയാണ് സച്ചിൻ തന്‍റെ വീഡിയോയിൽ പങ്കുവച്ചത്. പ്രകൃതി ഭംഗിക്ക് പേരുകേട്ട ഈ സ്ഥലത്ത് ഇത്രയധികം മാലിന്യം കണ്ടതിൽ താൻ ഞെട്ടിപ്പോയെന്ന് അദ്ദേഹം കുറിച്ചു. "നമ്മൾ ഇന്ത്യക്കാർ ഇപ്പോൾ നമ്മുടെ മനോഹരമായ വർക്കല ക്ലിഫ് ബീച്ചിനെ നശിപ്പിച്ചു തുടങ്ങിയിരിക്കുന്നു," എന്ന് സച്ചിൻ തന്‍റെ പോസ്റ്റിൽ കുറിച്ചു. എന്തുകൊണ്ടാണ് മാലിന്യം വലിച്ചെറിയുന്നത് പ്രകൃതിയെ നശിപ്പിക്കുമെന്ന് മനസ്സിലാക്കാൻ ഇത്ര പ്രയാസമെന്ന് അദ്ദേഹം ചോദിക്കുന്നു. 

View post on Instagram

പ്രകൃതി സൗന്ദര്യം ആസ്വദിക്കാനും വിശ്രമിക്കാനുമാണ് ആളുകൾ ഇത്തരം സ്ഥലങ്ങളിൽ എത്തുന്നത്. എന്നാൽ, തിരിച്ചുപോകുമ്പോൾ ആ പ്രകൃതിയെ നശിപ്പിച്ചു കൊണ്ടാണോ പോകേണ്ടതെന്ന ഗൗരവകരമായ ചോദ്യം അദ്ദേഹം ഉയർത്തുന്നു. "നമ്മളിൽ അല്പമെങ്കിലും ലജ്ജയോ പൗരബോധമോ ബാക്കിയുണ്ടോ?" എന്നും വീഡിയോയിൽ അദ്ദേഹം ചോദിക്കുന്നുണ്ട്. വർക്കല പോലെയുള്ള മനോഹരമായ സ്ഥലങ്ങൾ നശിപ്പിക്കപ്പെടുന്നതിലുള്ള തന്‍റെ കടുത്ത നിരാശയും ദേഷ്യവുമാണ് ഈ വാക്കുകളിലൂടെ അദ്ദേഹം പ്രകടിപ്പിച്ചത്. പ്രകൃതിയെ സംരക്ഷിക്കേണ്ടത് ഓരോ വ്യക്തിയുടെയും കടമയാണെന്നും, ഇത്തരം അശ്രദ്ധമായ പ്രവർത്തികൾ അവസാനിപ്പിക്കണമെന്നും അദ്ദേഹം വീഡിയോയിലൂടെ ഓർമ്മിപ്പിച്ചു.

സങ്കടം പങ്കുവച്ച് നെറ്റിസെൻസും

സച്ചിന്‍റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ അതിവേഗം പ്രചരിക്കുകയും നിരവധി ആളുകൾ അദ്ദേഹത്തിന് പിന്തുണയുമായി രംഗത്തെത്തുകയും ചെയ്തു. വിനോദ സഞ്ചാര മേഖലയിൽ കൂടുതൽ ബോധവൽക്കരണവും കർശനമായ നിയമങ്ങളും വേണമെന്ന് പലരും അഭിപ്രായപ്പെട്ടു. കഴിഞ്ഞ അഞ്ച് വർഷമായി വർക്കല സന്ദർശിക്കുന്ന ഒരാൾ തന്‍റെ സങ്കടം ഇപ്രകാരം പങ്കുവെച്ചു:"ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച ബീച്ചുകളിൽ ഒന്നായാണ് ഞാൻ വർക്കലയെ കണ്ടിരുന്നത്. എന്നാൽ ഈ അടുത്ത കാലത്തുണ്ടായ മാറ്റം ഞെട്ടിക്കുന്നതാണ്. അമിതമായ ടൂറിസവും, പ്രത്യേകിച്ച് ആഭ്യന്തര സഞ്ചാരികളുടെ ഉത്തരവാദിത്തമില്ലാത്ത പെരുമാറ്റവുമാണ് ഈ തകർച്ചയ്ക്ക് കാരണം." ചുരുക്കത്തിൽ, സഞ്ചാരികളുടെ മനോഭാവത്തിലും അധികൃതരുടെ പ്രവർത്തനങ്ങളിലും ഒരുപോലെ മാറ്റം വന്നാൽ മാത്രമേ വർക്കലയുടെ പ്രകൃതിഭംഗി സംരക്ഷിക്കാൻ സാധിക്കൂ എന്ന പൊതുവികാരമാണ് ഈ ചർച്ചകളിൽ ഉയർന്നു വന്നത്.