മധ്യപ്രദേശിലെ ഖണ്ഡ്വയിൽ തെരുവുനായ ശല്യത്തിനെതിരെ ഒരാൾ നായയുടെ മുഖംമൂടി ധരിച്ച് കളക്ടറേറ്റിലെത്തി പ്രതിഷേധിച്ചു. നഗരത്തിലെ വർധിച്ചുവരുന്ന നായക്കടി കേസുകളും നായകളുടെ വന്ധ്യംകരണ പദ്ധതിയിലെ 40 ലക്ഷം രൂപയുടെ ക്രമക്കേടും പ്രതിഷേധത്തിലൂടെ ഉയർത്തിക്കാട്ടി. പരാതിയിൽ അന്വേഷണം നടത്തുമെന്ന് അധികൃതർ അറിയിച്ചു.
മധ്യപ്രദേശിലെ ഖണ്ഡ്വ കളക്ടറേറ്റിൽ കഴിഞ്ഞ ദിവസം അരങ്ങേറിയത് പതിവ് പൊതുജന പരാതി പരിഹാര ഹിയറിങ്ങിൽ നിന്ന് വ്യത്യസ്തമായ കാഴ്ചയായിരുന്നു. തെരുവുനായ ശല്യത്തിനെതിരെ പ്രതിഷേധിക്കാൻ ഒരാൾ നായയുടെ മുഖംമൂടി ധരിച്ച് കളക്ടറേറ്റിലെത്തി. ഖണ്ഡ്വ നഗരത്തിലെ തെരുവുനായ പ്രശ്നവും നായകളുടെ വന്ധ്യംകരണ പദ്ധതിയിലെ ക്രമക്കേടുകളുമാണ് പ്രതിഷേധത്തിലൂടെ ഉയർത്തിക്കാട്ടിയതെന്ന് റിപ്പോർട്ടുകൾ പറയുന്നു. സംഭവത്തിന്‍റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വലിയതോതിൽ ശ്രദ്ധ നേടി.
തെരുവുനായ ശല്യത്തിനെതിരെ പരാതി
ഖണ്ഡ്വ മുനിസിപ്പൽ കോർപ്പറേഷനിലെ പ്രതിപക്ഷ നേതാവ് ദീപക് എന്ന മുള്ളു റാത്തോറിന്‍റെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. നായയുടെ വേഷമണിഞ്ഞ വ്യക്തിയെയും കൂട്ടിക്കൊണ്ടാണ് അദ്ദേഹം പൊതുജന ഹിയറിങ്ങിനായി കളക്ടറേറ്റിലെത്തിയതെന്ന് റിപ്പോർട്ടുകൾ പറയുന്നു. സാധാരണ രീതിയിലുള്ള പരാതികൾ കേൾക്കുന്ന വേദിയിൽ നായയുടെ മുഖംമൂടിയണിഞ്ഞ ഒരാൾ എത്തിയതോടെ സംഭവം കൗതുകകരമായ പ്രതിഷേധമായി മാറി. നഗരത്തിലെ തെരുവുനായകളുടെ എണ്ണം വർധിക്കുന്നതും നായക്കടി കേസുകൾ ഉയരുന്നതും ചൂണ്ടിക്കാട്ടിയാണ് റാത്തോർ അധികൃതർക്കെതിരെ ആരോപണം ഉന്നയിച്ചത്. നായകളുടെ വന്ധ്യംകരണത്തിനായി 40 ലക്ഷം രൂപയുടെ ബിൽ നൽകിയിട്ടും യഥാർഥത്തിൽ നായകളിൽ വന്ധ്യംകരണം നടത്തിയിട്ടില്ലെന്നാണ് അദ്ദേഹത്തിന്‍റെ ആരോപണം. പദ്ധതി നടപ്പാക്കിയതായി രേഖകളിൽ കാണിച്ചിട്ടുണ്ടെങ്കിലും സ്ഥലത്തെ സാഹചര്യം അതിന് വിപരീതമാണെന്നും അദ്ദേഹം ആരോപിച്ചു.
13,000-ത്തിലധികം പേരെ നായ കടിച്ചു
ഖണ്ഡ്വയിൽ തെരുവുനായകളുടെ ശല്യം വർധിച്ചതായും നിരവധി പേർക്ക് നായക്കടിയേറ്റതായും പ്രതിഷേധക്കാർ ആരോപിച്ചു. 13,000-ത്തിലധികം പേർ നായക്കടിക്ക് ഇരയായെന്ന പരാതിയും അധികൃതർക്ക് ലഭിച്ചതായി റിപ്പോർട്ടുകൾ പറയുന്നു. അതേസമയം, ആരോപണങ്ങൾ ഭരണകൂടം ഗൗരവത്തോടെ പരിഗണിച്ചതായി ഖണ്ഡ്വ അഡീഷണൽ കളക്ടർ കാശി റാം ബഡോലെ അറിയിച്ചു. 40 ലക്ഷം രൂപയുടെ വന്ധ്യംകരണ ബില്ലുമായി ബന്ധപ്പെട്ട് പരാതി ലഭിച്ചിട്ടുണ്ടെന്നും വിഷയം മുനിസിപ്പൽ കമ്മീഷണറുമായി ചർച്ച ചെയ്തതായും അദ്ദേഹം പറഞ്ഞു. ആരോപണങ്ങൾ ശരിയാണെന്ന് അന്വേഷണത്തിൽ കണ്ടെത്തിയാൽ നിയമാനുസൃതമായ നടപടി സ്വീകരിക്കുമെന്നും ബഡോലെ വ്യക്തമാക്കി.


