ദുബായിൽ താമസിക്കുന്ന ഒരു കണ്ടന്‍റ് ക്രിയേറ്റർ മകളുടെ സ്കൂൾ വിദ്യാഭ്യാസത്തിനായി വരുന്ന ഭീമമായ ചെലവുകൾ വെളിപ്പെടുത്തി. വാർഷിക ട്യൂഷൻ ഫീസ് മാത്രം 14 ലക്ഷം രൂപയിലധികം വരുമെന്നും ഇതിന് പുറമെ ബസ്, യൂണിഫോം എന്നിവയ്ക്കും പണം നൽകണമെന്നും അവർ പറയുന്നു. ഈ വെളിപ്പെടുത്തൽ ദുബായിലെ വിദ്യാഭ്യാസച്ചെലവിനെക്കുറിച്ച് വലിയ ചർച്ചകൾക്ക് വഴിവെച്ചു.

ന്ത്യയിൽ മാത്രമല്ല, ലോകമെങ്ങും ഇന്ന് വിദ്യാഭ്യാസം ഏറെ ചെലവുള്ള ഒന്നായി മാറിയിരിക്കുന്നു. ഇന്ത്യയിലും യുഎസിലും യൂറോപ്പിലും പ്രീ സ്കൂൾ മുതലുള്ള വിദ്യാഭ്യാസത്തിനായി ലക്ഷങ്ങൾ മുടക്കേണ്ടി വരുന്നെന്ന പരാതി നമ്മൾ മുമ്പും കേട്ടിട്ടുണ്ട്. ഇതിനിടെയാണ് ദുബായിലും സ്കൂൾ വിദ്യാഭ്യാസം ഏറെ ചെലവേറിയ ഒന്നായി മാറിയെന്ന വെളിപ്പുടുത്തൽ സമൂഹ മാധ്യമങ്ങളിൽ വൈറലായത്. ദുബായിൽ താമസിക്കുന്ന കണ്ടന്‍റ് ക്രിയേറ്ററായ വെറോണിക്കയാണ് മകളുടെ സ്കൂൾ വിദ്യാഭ്യാസത്തിനായി വരുന്ന വാർഷിക ചെലവുകളുടെ വിശദാംശങ്ങൾ സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ചത്. മകളുടെ ട്യൂഷൻ ഫീസ് മാത്രം വർഷത്തിൽ ഏകദേശം 55,000 ദിർഹം, അതായത് ഏകദേശം 14.34 ലക്ഷം രൂപയാണെന്നാണ് അവർ പറയുന്നു. ഇതിന് പുറമെ സ്കൂൾ ബസ്, യൂണിഫോം, അസസ്മെന്‍റ് തുടങ്ങിയവയ്ക്കും പ്രത്യേകം പ്രത്യേകം പണം നൽകണം.

ലക്ഷങ്ങളുടെ വിദ്യാഭ്യാസം

‘ദുബായിലെ സ്കൂളിന് യഥാർഥത്തിൽ എത്ര ചെലവാകും?’ എന്ന ചോദ്യം തനിക്ക് പതിവായി ലഭിക്കാറുണ്ടെന്ന് പറഞ്ഞാണ് വെറോണിക്ക ഇൻസ്റ്റഗ്രാമിൽ വീഡിയോ പങ്കുവെച്ചത്. മകൾ അടുത്തിടെ ദുബായിലെ GEMS International School-ൽ ചേർന്നതോടെയാണ് ഫീസിന്‍റെ കണക്കുകൾ അവർ വിശദീകരിച്ചത്. കുട്ടിയുടെ പ്രവേശനത്തിന് മുമ്പുള്ള അസസ്മെന്‍റിനായി 525 ദിർഹം, ഏകദേശം 13,000 രൂപ, നൽകണം. തുടർന്ന് വാർഷിക ട്യൂഷൻ ഫീസായി 55,000 ദിർഹം വരും. ഈ തുക തവണകളായി അടയ്ക്കാനുള്ള സൗകര്യമുണ്ടെന്നും വെറോണിക്ക വ്യക്തമാക്കി. എന്നാൽ, ട്യൂഷൻ ഫീസിൽ കാര്യങ്ങൾ അവസാനിക്കുന്നില്ല.

View post on Instagram

വീട്ടിൽ നിന്ന് കുട്ടിയെ സ്കൂളിലെത്തിക്കുകയും തിരിച്ചെത്തിക്കുകയും ചെയ്യുന്ന സ്കൂൾ ബസിന് വർഷത്തിൽ 12,000 ദിർഹം, ഏകദേശം 3.12 ലക്ഷം രൂപ അധികമായി നൽകണം. സ്കൂൾ യൂണിഫോമിന് ഏകദേശം 1,000 ദിർഹം, അതായത് 26,000 രൂപയോളം ചെലവാകും. എന്നാൽ, തന്നെ ഏറ്റവും അത്ഭുതപ്പെടുത്തിയ ചെലവ് ഭക്ഷണത്തിന്‍റെതാണെന്ന് വെറോണിക്ക പറയുന്നു. ട്യൂഷൻ ഫീസിൽ ഭക്ഷണം ഉൾപ്പെടുന്നില്ല. മകൾക്കുള്ള ഉച്ചഭക്ഷണം എല്ലാ ദിവസവും രാവിലെ വീട്ടിൽ തയ്യാറാക്കി ലഞ്ച് ബോക്സിൽ നൽകുകയാണ് ചെയ്യുന്നതെന്നും അവർ കൂട്ടിച്ചേർത്തു. എല്ലാം കൂടി ഒരു വർഷം ഏതാണ്ട് 14.34 ലക്ഷം രൂപയാണ് മകളുടെ വിദ്യാഭ്യാസ ചെലവെന്നും അവർ കൂട്ടിച്ചേർചത്തു.

ചെലവേറുന്ന വിദ്യാഭ്യാസം

വീഡിയോ പുറത്തുവന്നതോടെ ദുബായിലെ വിദ്യാഭ്യാസച്ചെലവിനെക്കുറിച്ച് സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയാണ് നടക്കുന്നത്. ചിലർ ഇത്രയും തുക വളരെ കൂടുതലാണെന്ന് അഭിപ്രായപ്പെട്ടപ്പോൾ, ദുബായിൽ ഇതിലും കുറഞ്ഞ ഫീസുള്ള സ്കൂളുകൾ ലഭ്യമാണെന്ന് ചിലർ ചൂണ്ടിക്കാട്ടി. അതേസമയം, ഗൾഫ് രാജ്യങ്ങളിലെ സ്വകാര്യ വിദ്യാഭ്യാസത്തിന്‍റെ ഉയർന്ന ചെലവിനെക്കുറിച്ചും നിരവധി പേർ പ്രതികരിച്ചു. ലോകമെമ്പാടും വിദ്യാഭ്യാസം എന്നത് ചെലവേറിയ ഒന്നായി മാറിയിരിക്കുന്നെന്നും കഴുഞ്ഞ ഒരു പതിറ്റാണ്ടിനിടെയാണ് വിദ്യാഭ്യസം ഇത്രയും ചെലവേറിയ ഒന്നായി മാറിയതന്നും മറ്റ് ചിലർ ചൂണ്ടിക്കാട്ടി.