ഇന്ത്യ സന്ദർശിക്കാനെത്തിയ ഡച്ച് യുവതിക്ക് ഋഷികേശിൽ വെച്ചുണ്ടായ വൈകാരിക അനുഭവങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. വർഷങ്ങളായി മനസ്സിൽ സൂക്ഷിച്ചിരുന്ന പ്രതിരോധങ്ങൾ തകർന്ന് താൻ കരഞ്ഞുപോയെന്നും, ജീവിതത്തിൽ ആദ്യമായി 'സ്വന്തം ഇടം' എന്ന തോന്നലുണ്ടായെന്നും ഇഷ ബ്രാൻഡർ ഹോർസ്റ്റ് പറയുന്നു.
ഇന്ത്യൻ സന്ദർശനത്തിനിടെയുണ്ടായ അനുഭവങ്ങൾ തന്നിൽ വരുത്തിയ മാറ്റങ്ങളെക്കുറിച്ച് മനസ് തുറന്ന് ഡച്ച് സ്വദേശിയായ യുവതി. ഉത്തരാഖണ്ഡിലെ പുണ്യനഗരമായ ഋഷികേശ് സന്ദർശിച്ചപ്പോൾ തനിക്ക് അനുഭവപ്പെട്ട മാനസിക വികാരങ്ങളെക്കുറിച്ച് കഥാകൃത്തും ചലച്ചിത്ര നിർമ്മാതാവുമായ ഇഷ ബ്രാൻഡർ ഹോർസ്റ്റ് പങ്കുവെച്ച ഇൻസ്റ്റാഗ്രാം വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്.
'സ്വന്തം ഇടം' എന്നമെന്ന തോന്നൽ
ലോകത്ത് മറ്റിടങ്ങളിലൊന്നും അനുഭവപ്പെടാത്ത വിധമുള്ള ആത്മബന്ധവും 'സ്വന്തം ഇടം' എന്ന തോന്നലുമാണ് ഇന്ത്യയിലെത്തിയപ്പോൾ തനിക്ക് അനുഭവപ്പെട്ടതെന്ന് ഇഷ പറയുന്നു. മനഃശാന്തിയും ജീവിതത്തിന് പുതിയ അർത്ഥവും തേടിയെത്തുന്ന വിദേശികളടക്കമുള്ള ആയിരക്കണക്കിന് സഞ്ചാരികളുടെ പ്രിയപ്പെട്ട ഇടമാണ് ഋഷികേശ്.
കരുഞ്ഞുപോയി, കാലങ്ങൾക്ക് ശേഷം
"ഋഷികേശിലെ പാലത്തിലൂടെ നടക്കുമ്പോഴാണ് മറ്റെവിടെയുമില്ലാത്ത ഒരു ആത്മബന്ധം എനിക്ക് അവിടെ അനുഭവപ്പെട്ടത്. പെട്ടെന്ന് ആ വികാരം എന്നെ കീഴടക്കുകയും ഞാൻ കരഞ്ഞുപോവുകയും ചെയ്തു," ഇഷ വീഡിയോയിൽ പറയുന്നു. സ്വയം സംരക്ഷിക്കാനായി മനസ്സിന് ചുറ്റും വലിയൊരു പ്രതിരോധ മതിൽ തീർത്തിരുന്നതിനാൽ വളരെക്കാലമായി തനിക്ക് കരയാൻ പോലും കഴിഞ്ഞിരുന്നില്ലെന്നും, എന്നാൽ അന്ന് കണ്ണുനീർ സ്വയം ഒഴുകിയിറങ്ങുകയായിരുന്നുവെന്നും അവർ കൂട്ടിച്ചേർത്തു. ജീവിതത്തിൽ ആദ്യമായാണ് താൻ ഏതെങ്കിലും ഒരു ഇടത്തിന് പൂർണ്ണമായും അർഹയാണെന്ന തോന്നുലുണ്ടായതെന്നും ഇഷ കൂട്ടിച്ചേർത്തു.
വീഡിയോ വൈറലായതോടെ നിരവധിയാളുകളാണ് പിന്തുണയുമായി കമന്‍റ് ബോക്സിലെത്തിയത്. ഋഷികേശിന്‍റെ അന്തരീക്ഷത്തിനും ഊർജ്ജത്തിനും വലിയ പ്രത്യേകതയുണ്ടെന്നും, തങ്ങൾക്കും സമാനമായ അനുഭവങ്ങൾ ഉണ്ടായിട്ടുണ്ടെന്നും പലരും കുറിച്ചു. ഇന്ത്യയിലെ ഓരോ നഗരത്തിനും ഓരോ ദൈവീക സാന്നിധ്യമുണ്ടെന്നും, സ്വന്തം ഉള്ളിലെ ദൈവീകതയോട് അടുപ്പമുള്ള ഏതൊരാൾക്കും ഈ ഊർജ്ജം അനുഭവപ്പെടുമെന്നും ഉപയോക്താക്കൾ അഭിപ്രായപ്പെടുന്നു.


