സ്വിഗ്ഗി ഇൻസ്റ്റാമാർട്ട് വഴി ഓർഡർ ചെയ്ത മുട്ടകൾ ചീഞ്ഞ നിലയിൽ ലഭിച്ചെന്ന പരാതി സമൂഹ മാധ്യമങ്ങളിൽ ചർച്ചയാകുന്നു. ഡോ.ഹെൻ ബ്രാൻഡിന്റെ മുട്ടകൾ മോശമായ നിലയിൽ ലഭിച്ചതോടെ ക്വിക് കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകളിലെ ഭക്ഷ്യസുരക്ഷയെക്കുറിച്ചാണ് ഉപഭോക്താക്കൾ ചോദ്യം ഉന്നയിക്കുന്നത്. പെട്ടെന്ന് കേടാകുന്ന സാധനങ്ങൾ നേരിട്ട് വാങ്ങുന്നതാണ് സുരക്ഷിതമെന്നും പലരും കുറിച്ചു.

സ്വിഗ്ഗി ഇൻസ്റ്റാമാർട്ട് വഴി മുട്ടകൾ ഓർഡർ ചെയ്തപ്പോൾ ലഭിച്ചത് ചൂഞ്ഞ മുട്ടകളെന്ന് പരാതി. ഇത് സംബന്ധിച്ച സമൂഹ മാധ്യമ കുറിപ്പ് വൈറലായതോടെ ക്വിക് കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകളിലെ ഭക്ഷ്യസുരക്ഷയെക്കുറിച്ച് സമൂഹ മാധ്യമങ്ങളിൽ സജീവ ചർച്ച. ന്യൂസ് 18 ഇന്ത്യ കൺസൾട്ടിങ് എഡിറ്റർ സുശാന്ത് സിൻഹയാണ് എക്സിൽ ചിത്രങ്ങളും വീഡിയോയും പങ്കുവെച്ച് തനിക്കുണ്ടായ അനുഭവം പങ്കുവച്ചത്.

മിക്കതും ചീമുട്ടകൾ

ഡോ.ഹെൻ ബ്രാൻഡിന്‍റെ ഒരു ട്രേ മുട്ടയാണ് സ്വിഗ്ഗി ഇൻസ്റ്റാമാർട്ട് വഴി ഓർഡർ ചെയ്തതെന്നാണ് സിൻഹയുടെ പറയുന്നു. പാക്കറ്റ് തുറന്നപ്പോൾ നിരവധി മുട്ടകൾ ഉപയോഗിക്കാൻ കഴിയാത്തവിധം മോശമായ നിലയിലായിരുന്നുവെന്നും അദ്ദേഹം ആരോപിക്കുന്നു. മുട്ടകൾക്ക് പുറമെ ഡെലിവറി ചാർജുകളും മറ്റ് ഫീസുകളും അടച്ചിട്ടും ഇത്തരമൊരു ഉൽപ്പന്നം ലഭിച്ചതിനെ ചോദ്യം ചെയ്തായിരുന്നു അദ്ദേഹത്തിന്‍റെ പോസ്റ്റ്.

Scroll to load tweet…

പോസ്റ്റ് വൈറലായതോടെ മറ്റ് ഉപയോക്താക്കളും സമാന അനുഭവങ്ങൾ പങ്കുവെച്ചു. ഓൺലൈൻ ഗ്രോസറി, ക്വിക്-ഡെലിവറി സേവനങ്ങൾ വഴി മോശം ഗുണനിലവാരമുള്ള മുട്ടകളും മറ്റ് ഭക്ഷ്യവസ്തുക്കളും ലഭിച്ചിട്ടുണ്ടെന്ന് ചിലർ അവകാശപ്പെട്ടു. ആമസോൺ നൗ വഴി ഡോ ഹെൻ മുട്ടകൾ വാങ്ങിയപ്പോൾ ട്രേയിലെ പല മുട്ടകളും കേടായിരുന്നുവെന്ന് മറ്റൊരു ഉപയോക്താവും പ്രതികരിച്ചു.

സ്വിഗ്ഗി ഉപയോഗം നിർത്തുന്നെന്ന്

സ്വിഗ്ഗി ഉപയോഗിക്കുന്നത് തന്നെ നിർത്തിയതായി ചിലർ പ്രതികരിച്ചപ്പോൾ, സാധനങ്ങളുടെ ഗുണനിലവാരത്തെക്കുറിച്ച് പരാതി പറഞ്ഞാലും സാധാരണ ഉപഭോക്താക്കളുടെ പരാതികൾക്ക് വേണ്ടത്ര ശ്രദ്ധ ലഭിക്കാറില്ലെന്ന വിമർശനവും ഉയർന്നു. മുട്ട പോലെ പെട്ടെന്ന് കേടാകാവുന്ന ഉൽപ്പന്നങ്ങൾ വാങ്ങുമ്പോൾ നേരിട്ട് പരിശോധിക്കാൻ കഴിയുന്നതിനാൽ സമീപത്തെ കടകളെ ആശ്രയിക്കുന്നതാണ് സുരക്ഷിതമെന്നും പലരും അഭിപ്രായപ്പെട്ടു.

സംഭവം ക്വിക് കൊമേഴ്‌സ് മേഖലയിലെ സംഭരണം, കൈകാര്യം ചെയ്യൽ, ഗുണനിലവാര പരിശോധന എന്നിവയെക്കുറിച്ചുള്ള ചോദ്യങ്ങൾ വീണ്ടും ഉയർത്തി. മുട്ട പോലുള്ള പെരിഷബിൾ ഭക്ഷ്യവസ്തുക്കൾ ശരിയായ സാഹചര്യത്തിൽ സൂക്ഷിക്കുകയും പഴകിയതോ കേടായതോ ആയ സ്റ്റോക്ക് ഉപഭോക്താക്കളിലെത്താതിരിക്കാൻ പരിശോധന ഉറപ്പാക്കുകയും ചെയ്യേണ്ടതിന്‍റെ ആവശ്യകതയും പലരും ഉന്നയിച്ചു.