നദിയിലെ മണലില്‍ പൂണ്ട് പോയ കാര്‍ വലിച്ച് കരയ്ക്ക് കയറ്റുന്ന ആനയുടെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറല്‍.       

ബുദ്ധിശക്തിയുടെയും കായിക ശേഷിയുടെയും കാര്യത്തിൽ മുൻപന്തിയിൽ നിൽക്കുന്ന മൃഗമാണ് ആന. കലിതുള്ളി നാട്ടിൽ ഇറങ്ങുന്ന കാട്ടാനകൾ മനുഷ്യന് ഭീഷണി ആകാറുണ്ടെങ്കിലും നാട്ടാനകൾ പല നിർണായക സന്ദർഭങ്ങളിലും മനുഷ്യന് ഉപകാരികൾ ആകാറുണ്ട്. ഇത്തരത്തിൽ ഏറെ നിർണായകമായ ഒരു സന്ദർഭത്തിൽ ഒരു ആന നടത്തുന്ന ഇടപെടലിന്‍റെ വീഡിയോയാണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ ശ്രദ്ധിക്കപ്പെടുന്നത്. ഒരു നദിയിൽ കുടുങ്ങിപ്പോയ വാഹനത്തെ ഏതാനും പേർ ചേർന്ന് ആനയുടെ സഹായത്തോടെ വലിച്ച് കരയ്ക്ക് കയറ്റുന്നതിന്‍റെ വീഡിയോയായിരുന്നു അത്. കേരളത്തിൽ നടന്ന ഈ സംഭവത്തിന്‍റെ ദൃശ്യങ്ങൾ ഇപ്പോൾ ഇൻസ്റ്റാഗ്രാമിൽ സജീവ ചർച്ചയാണ്.

saidkoya90 എന്ന ഇൻസ്റ്റാഗ്രാം അക്കൗണ്ടിലാണ് ഈ വീഡിയോ പങ്കുവെച്ചത്. 'തിരുവേഗപ്പുറ ശങ്കരനാരായണൻ.. ഞങ്ങളെ കുട്ട്യാന...' എന്ന കുറിപ്പോടെ പങ്കുവെച്ചിരിക്കുന്ന ഈ വീഡിയോ ഇതിനോടകം നിരവധി ആളുകൾ കണ്ടുകഴിഞ്ഞു. നദിക്കരയിലെ മണൽ കൂമ്പാരത്തിനുള്ളിൽ കുടുങ്ങിപ്പോയ ഫോർച്യൂണറാണ് ആന വലിച്ച് കരയ്ക്ക് കയറ്റിയത്. വീഡിയോ ചിത്രീകരിച്ച വ്യക്തി, വലിക്ക് ശങ്കരാ എന്ന് പറഞ്ഞ് കൊണ്ട് ആനയെ പ്രോത്സാഹിപ്പിക്കുന്നതും നമ്മുടെ വടംവലിയാണെന്ന് കരുതിയാൽ മതിയെന്ന് പറയുന്നതും കേൾക്കാം. ആന തെല്ലും മടി കാണിക്കാതെ പാപ്പാന്മാരുടെ നിർദ്ദേശത്തിന് അനുസരിച്ച് വാഹനം അനായാസമായി വലിച്ച് കരയ്ക്ക് കയറ്റുന്ന കാഴ്ച ഏറെ കൗതുകകരമാണ്. 

View post on Instagram

വീഡിയോയിൽ ആന വാഹനം കയറ്റുന്നതിന് മുൻപ് വാഹനത്തിന്‍റെ ടയർ മാത്രമാണ് നദിയിലെ വെള്ളത്തില്‍ മുങ്ങി നില്‍ക്കുന്നത്. നാട്ടുകാരും വാഹനത്തിന്‍റെ ഉടമയും ഏറെനേരം പരിശ്രമിച്ചിട്ടും വാഹനം കരയ്ക്കു കയറാൻ സാധിക്കാതെ വന്നതോടെയാണ് ആനയുടെ സഹായം തേടിയത്. 2,105 കിലോഗ്രാം മുതൽ 2,135 കിലോഗ്രാം വരെ ഭാരമുള്ള വാഹനം മിനിറ്റുകൾക്കുള്ളിൽ ആന വിജയകരമായി വെള്ളക്കെട്ടിൽ നിന്ന് വലിച്ച് പുറത്തെത്തിച്ചു. ടൊയോട്ട ഫോർച്യൂണറിന്‍റെ മൊത്തം വാഹന ഭാരം 2,735 കിലോഗ്രാം വരെയാണ്. പട്ടാമ്പി താലൂക്കിലെ തിരുവേഗപ്പുറയിലാണ് സംഭവം. ഭാരതപ്പുഴയുടെ കൈവഴിയായ കുന്തിപ്പുഴയിലെ മണലില്‍ താഴ്ന്ന് പോയ ഫോ‍ച്യുണറിനെയാണ് തിരുവേഗപ്പുറ ശങ്കരനാരായണന്‍ വലിച്ച് കയറ്റിയത്.