വീടിന് മുന്നിലെ ഇടവഴിയില്‍ വച്ച് രണ്ട് യുവാക്കൾ തമ്മിലുള്ള സംഘര്‍ഷത്തിനിടെയാണ് ഒരാൾ തോക്ക് പുറത്തെടുത്തത്. എന്നാല്‍, ഈ സമയം വീട്ടിന് വെളിയിലെത്തിയ മുത്തശ്ശി തന്‍റെ കൈയിലുള്ള ലാത്തി കൊണ്ട് യുവാക്കളെ വിരട്ടി ഓടിക്കുകയായിരുന്നു. 


രാജ്യമെമ്പാടുമുള്ള സമൂഹ മാധ്യമ ഉപയോക്താക്കളുടെ ശ്രദ്ധ പിടിച്ചു പറ്റുകയാണ് ഉത്തർപ്രദേശിൽ നിന്നുള്ള ഒരു മുത്തശ്ശി. തോക്കുമായി എത്തിയ ആക്രമിയെ തന്‍റെ കയ്യിൽ ഉണ്ടായിരുന്ന ഒരു വടി കൊണ്ട് വിരട്ടിയോടിച്ചാണ് ഈ മുത്തശ്ശി സമൂഹ മാധ്യമങ്ങളില്‍ താരമായത്. സംഭവത്തിന്‍റെ സിസിടിവി ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങൾ വഴി പ്രചരിച്ചതോടെയാണ് മുത്തശ്ശിയുടെ ഈ വിരോചിതമായ ഇടപെടൽ നാടും നാട്ടാരും അറിഞ്ഞത്.

മൊറാദാബാദിൽ നടന്ന സംഭവത്തിന്‍റെ സിസിടിവി വീഡിയോ ഇപ്പോൾ സമൂഹ മാധ്യമങ്ങളില്‍ വൈറലാകുകയാണ്. മുത്തശ്ശിയുടെ സമയോചിതമായ ഇടപെടലിനെയും ധൈര്യത്തെയും പ്രശംസിച്ച നിരവധി ആളുകളാണ് സമൂഹ മാധ്യമത്തിലൂടെ അഭിനന്ദനങ്ങൾ അറിയിക്കുന്നത്. വീഡിയോ ദൃശ്യങ്ങളിൽ രണ്ട് പുരുഷന്മാർ തമ്മിൽ ഒരു വീടിന് മുന്നിൽ സംഘർഷത്തിൽ ഏർപ്പെടുന്നത് കാണാം. ഇവരിൽ ഒരാളുടെ കയ്യിൽ ഒരു തോക്കും കാണാം. ഇരുവരും തമ്മിലുള്ള സംഘർഷം രൂക്ഷമായതോടെ വൃദ്ധയായ ഒരു സ്ത്രീ തൊട്ടടുത്ത വീട്ടിൽ നിന്നും ഒരു വടിയുമായി പുറത്തേക്ക് വരുന്നു. തുടർന്ന് തെല്ലും ഭയം ഇല്ലാതെ അവർ വഴക്ക് കൂടിക്കൊണ്ടിരുന്ന പുരുഷന്മാർക്ക് അരികിലേക്ക് ചെല്ലുന്നു. 

Scroll to load tweet…

വടിയുമായി വരുന്ന മുത്തശ്ശിയെ കണ്ടതും സംഘർഷത്തിൽ ഏർപ്പെട്ടിരുന്ന പുരുഷന്മാർ രണ്ട് വഴിക്കായി ഓടിപ്പോകുന്നതും വീഡിയോയിൽ കാണാം. പിന്നീട് എന്താണ് സംഭവിച്ചത് എന്നത് വ്യക്തമല്ലെങ്കിലും മുത്തശ്ശിയുടെ വടിപ്രയോഗത്തിൽ ഇരുവരും സ്ഥലം വിട്ടു എന്ന് വേണം അനുമാനിക്കാൻ. സമൂഹ മാധ്യമത്തിലൂടെ വ്യാപകമായി പ്രചരിച്ച ഈ വീഡിയോ ക്ലിപ്പ് ഇതിനോടകം 5 ലക്ഷത്തിലധികം ആളുകൾ കണ്ടുകഴിഞ്ഞു. യഥാർത്ഥ ധൈര്യം ശക്തിയിലും പ്രായത്തിലും അല്ലെന്നും ഓരോരുത്തരുടെയും മനസിലാണ് വേണ്ടതെന്നും മുത്തശ്ശി കാട്ടിത്തന്നുവെന്നാണ് വീഡിയോയ്ക്ക് താഴെ ചിലർ കുറിച്ചത്. വീഡിയോ വൈറലായതിന് പിന്നാലെ സംഭവത്തിൽ പ്രതികരിച്ച് മൊറാദാബാദ് പോലീസ് രംഗത്തെത്തി. മൊറാദാബാദ് പോലീസിന്‍റെ ഔദ്യോഗിക X- ഹാൻഡിലിൽ പങ്കിട്ട വിവരമനുസരിച്ച്, കട്ഘർ പോലീസ് സ്റ്റേഷനിൽ സംഭവത്തെ കുറിച്ച് ഒരു കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. രണ്ട് പ്രതികളെ ഇതിനകം അറസ്റ്റ് അറസ്റ്റ് ചെയ്തതായും കേസിൽ മറ്റ് നിയമ നടപടികൾ പുരോഗമിക്കുകയാണെന്നും പോലീസ് വ്യക്തമാക്കി.