ഇതേത് സ്ഥലം, ഈ പടികള്‍ക്കൊരവസാനമില്ലേ? യുവാവിന്റെ ജോലിസ്ഥലത്തേക്കുള്ള യാത്ര കണ്ട് അന്തംവിട്ട് നെറ്റിസൺസ്
വീഡിയോ കാഴ്ചക്കാരെ അമ്പരപ്പിച്ചു. ഇത്രയും പടികളെങ്ങനെ ദിവസവും ഇറങ്ങുമെന്നാണ് ആളുകളുടെ ചോദ്യം. മറ്റ് ചിലർ പറഞ്ഞത്, യുവാവിന് ജിമ്മിൽ പോവുകയോ മറ്റെന്തെങ്കിലും വ്യായാമങ്ങളുടെയോ ആവശ്യമില്ല എന്നാണ്.
നമുക്ക് അറിയാത്ത നാടുകളിൽ നിന്നുള്ള, അറിയാത്ത കാഴ്ചകളും ജീവിതങ്ങളും ഒക്കെ കാണാൻ നമുക്ക് ഇഷ്ടമാണ്. സോഷ്യൽ മീഡിയ നമ്മുടെ ജീവിതത്തിന്റെ ഭാഗമായതോടെ ലോകത്തിലെ ഒരു സ്ഥലവും ഒരു കാഴ്ചയും നമുക്ക് അന്യമല്ല എന്ന അവസ്ഥ വന്നിട്ടുണ്ട്. അതുപോലെ, ചൈനയിൽ നിന്നുള്ള ഒരു യുവാവിന്റെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ കൗതുകം സൃഷ്ടിക്കുന്നത്.
താൻ ഒരു ദിവസം എങ്ങനെയാണ് ജോലിക്ക് പോകുന്നത്, ജോലി സ്ഥലത്തേക്കുള്ള യാത്ര എങ്ങനെയാണ് എന്നാണ് യുവാവ് വീഡിയോയില്‍ വിശദീകരിക്കുന്നത്.
ആ ദിവസത്തെ യാത്രക്ക് വേണ്ടി യുവാവ് തയ്യാറാകുന്നിടത്താണ് വീഡിയോ ആരംഭിക്കുന്നത്. ചോങ്കിംഗിലേക്കുള്ള യാത്രയാണ് യുവാവ് ചിത്രീകരിച്ചിരിക്കുന്നത്. തെക്കുപടിഞ്ഞാറൻ ചൈനയിൽ നിന്നുള്ള ഈ സ്ഥലം ആർക്കിടെക്ചറിനും മറ്റും പേരുകേട്ടതാണ്. വീഡിയോ തുടങ്ങുമ്പോൾ തന്നെ കാണുന്നത് യുവാവ് കോട്ടുവായിടുന്നതും ജോലിക്ക് പോകാൻ വേണ്ടി തയ്യാറാവുന്നതുമാണ്.
പിന്നീട്, അയാൾ തന്റെ നടപ്പ് ആരംഭിക്കുന്നു. അതിനായി പടികൾ ഇറങ്ങുന്നതും കാണാം. ഈ പടികൾക്ക് ഒരു അവസാനമില്ലേ എന്ന് നമുക്ക് തോന്നും. ഓരോ സ്ഥലം കഴിയുമ്പോഴും പിന്നെയും പിന്നെയും പടികൾ. അതുപോലെ നീണ്ടുകിടക്കുകയാണ് പടികൾ. പിന്നീട് ആ നടത്തം അവസാനിക്കുന്നു. ഇപ്പോൾ യുവാവ് ലക്ഷ്യസ്ഥാനത്തെത്തി എന്ന് നമുക്ക് തോന്നും. എന്നാൽ, ഇല്ല എത്തിയിട്ടില്ല. പിന്നെയും പടികൾ തന്നെ. ഇതെല്ലാം കഴിഞ്ഞിട്ട് സബ്‍വേയും കൂടിയെടുത്താലേ യുവാവിന് ജോലി സ്ഥലത്തെത്താനാവൂ.
എന്തായാലും, വീഡിയോ കാഴ്ചക്കാരെ അമ്പരപ്പിച്ചു. ഇത്രയും പടികളെങ്ങനെ ദിവസവും ഇറങ്ങുമെന്നാണ് ആളുകളുടെ ചോദ്യം. മറ്റ് ചിലർ പറഞ്ഞത്, യുവാവിന് ജിമ്മിൽ പോവുകയോ മറ്റെന്തെങ്കിലും വ്യായാമങ്ങളുടെയോ ആവശ്യമില്ല എന്നാണ്. മറ്റൊരാൾ കമന്റ് നൽകിയത്, നഗരത്തിലെ ജീവിതത്തേക്കാളും നല്ലത് ഇങ്ങനെ നടന്ന് ചുറ്റുമുള്ള മനുഷ്യരെയൊക്കെ കണ്ട് ജോലിക്ക് പോകുന്നതാണ് എന്നാണ്.
എന്നാൽ, ചിലർക്ക് സംശയം ഇവിടെ നിന്നും സാധനങ്ങൾ വല്ലതും കൊണ്ടുപോകണമെങ്കിൽ എന്ത് ചെയ്യും എന്നായിരുന്നു. മറ്റ് ചിലരാവട്ടെ എങ്ങനെയാണ് ഇവിടേക്ക് തിരിച്ച് കയറി വരിക എന്ന സംശയമാണ് പ്രകടിപ്പിച്ചത്.