ലഡാക്ക് മാരത്തോണിന് പരിശീലിക്കുന്ന സാർഥക് മലാനി എന്ന അത്‌ലറ്റിന് പ്രചോദനമായത് ഒരു തൊഴിലാളി സ്ത്രീയാണ്. ദിവസവും 30 കിലോ ഭാരമുള്ള പ്ലൈവുഡ് ചുമന്ന് കുത്തനെയുള്ള കയറ്റം കയറുന്ന സരിത എന്ന സ്ത്രീയുടെ കഠിനാധ്വാനം, കായിക പരിശീലനവും ജീവിത പോരാട്ടവും തമ്മിലുള്ള വ്യത്യാസം അദ്ദേഹത്തെ ബോധ്യപ്പെടുത്തി.
ലഡാക്കിലെ ദുഷ്കരമായ പർവതപാതകളിലൂടെ ഓടാൻ തയ്യാറെടുക്കുന്ന ഒരു അത്‌ലറ്റിന് പ്രചോദനമായത് പ്രതീക്ഷിക്കാത്തൊരു കാഴ്ച. സാർഥക് മലാനി എന്ന മാരത്തോൺ ഓട്ടത്തിന് തയ്യാറെടുക്കുന്ന യുവാവാണ് തനിക്ക് ഏറെ പ്രചോദനം നൽകിയ സ്ത്രീയുടെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ചത്. ദിവസവും 30 കിലോ ഭാരമുള്ള പ്ലൈവുഡ് ചുമന്ന് കുത്തനെയുള്ള കയറ്റം കയറുന്ന ഒരു തൊഴിലാളി സ്ത്രീയുടെ ദൃശ്യങ്ങളായിരുന്നു അത്. കഠിനാധ്വാനത്തിന്‍റെ ഈ ചിത്രം സാർത്ഥക് മലാനിയെ വികാരാധീനനാക്കി.
30 കിലോഭാരം, 1.8 കിമീ ദൂരമുള്ള കയറ്റം
ലഡാക്ക് സ്വദേശിയായ സരിത എന്ന സ്ത്രീയാണ് ഉപജീവനത്തിനായി ഭാരമേറിയ പ്ലൈവുഡുകൾ കുത്തനെയുള്ള മലമുകളിലേക്ക് ഒറ്റയ്ക്ക് ചുമന്ന് കയറ്റുന്നത്. 30 കിലോ ഭാരമുള്ള പ്ലൈവുഡ് ഏകദേശം 1.8 കിലോമീറ്റർ ദൂരം കയറ്റം കയറുന്ന സരിതയ്ക്ക് ഒരു ദിവസത്തെ ജോലിക്ക് ലഭിക്കുന്നത് വെറും 700 രൂപ മാത്രമാണ്. വലിയ ഭാരവുമായി ദുഷ്കരമായ ഭൂപ്രദേശത്തിലൂടെ ഉപജീവനത്തിനായി അവർ തന്‍റെ ജോലി അവിരാമം തുടരുകയാണ്. സരിത പ്ലൈവുഡുമായി കയറ്റം കയറുന്ന ദൃശ്യങ്ങൾ ശ്രദ്ധയിൽപ്പെട്ട, ലഡാക്ക് മാരത്തണിനായി പരിശീലിക്കുന്ന അത്‌ലറ്റ് സാർഥക് മലാനിയാണ് തനിക്ക് ഏറെ പ്രചോദനമായ സരിതയെ കുറിച്ച് തന്‍റെ അക്കൗണ്ടിലൂടെ വെളിപ്പെടുത്തിയത്. മാരത്തണിനായി കഠിനമായ പരിശീലനം നടത്തുമ്പോൾ, ജീവിതം മുന്നോട്ടുകൊണ്ടുപോകാൻ അതിലും വലിയ ശാരീരിക അധ്വാനം ചെയ്യുന്ന സാധാരണക്കാരുടെ ജീവിതമാണ് തന്‍റെ കാഴ്ചപ്പാട് മാറ്റിയതെന്ന് അദ്ദേഹം സൂചിപ്പിച്ചു.
പരിശീലനമല്ല, ജീവിത പോരാട്ടം
മാരത്തണിലെ ഒരു ദിവസത്തെ ഓട്ടത്തിനായി താൻ ചെയ്യുന്ന പരിശീലനത്തെക്കാൾ വ്യത്യസ്തമാണ് സരിതയുടെ ദൈനംദിന ജീവിത പോരാട്ടമെന്ന് സാർഥക് മലാനി പറയുന്നു. മത്സരത്തിനായി ഒരാൾ സ്വമേധയാ കഠിനാധ്വാനം ചെയ്യുമ്പോൾ, കുടുംബത്തിന്‍റെ ആവശ്യങ്ങൾ നിറവേറ്റാൻ മറ്റൊരാൾ അതേ കഠിനാധ്വാനം നിർബന്ധിതമായി ഏറ്റെടുക്കുകയാണ്. 30 കിലോ ഭാരവുമായി കുത്തനെയുള്ള പാത കയറുന്ന സരിതയുടെ ദൃശ്യം സമൂഹ മാധ്യമങ്ങളിൽ വൈറലായി. അധ്വാനിക്കുന്ന മനുഷ്യരുടെ ജീവിതം പലപ്പോഴും നമ്മൾ കാണാതെ പോകുന്നുവെന്നും, യഥാർഥ പ്രചോദനം സാധാരണ ജീവിതങ്ങളിൽ നിന്നുതന്നെ ലഭിക്കാമെന്നുമുള്ള ചർച്ചയ്ക്കും സംഭവം വഴിവെച്ചിട്ടുണ്ട്.


