മധ്യപ്രദേശിലെ ജബൽപൂരിൽ 'ലേഡി ഗാങ്ങ്' എന്നറിയപ്പെടുന്ന യുവതികളുടെ സംഘം മറ്റു പെൺകുട്ടികളെ തട്ടിക്കൊണ്ടുപോയി ആക്രമിച്ചു. സമൂഹ മാധ്യമങ്ങളിൽ വൈറലാകാൻ വേണ്ടി ഇതിന്റെ ദൃശ്യങ്ങൾ ചിത്രീകരിച്ച് പങ്കുവെച്ച സംഘത്തിലെ മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു.
വൈറലാവാനുള്ള മാർഗങ്ങളെ കുറിച്ചുള്ള അന്വേഷണത്തിലാണ് പുതിയ തലമുറ. അതിനായി എന്ത് മാർഗ്ഗവും പരീക്ഷിക്കാന്‍ അവർ തയ്യാറാണ്. അതില്‍ ആണ്‍ - പെണ്‍ വ്യത്യാസമില്ലെന്നാണ് പുതിയ റിപ്പോര്‍ട്ടുകൾ. മധ്യപ്രദേശില്‍ നിന്നും അത്തരമൊരു അസാധാരണ വാര്‍ത്ത പുറത്ത് വന്നു. കേൾവിക്കാരെ അമ്പരപ്പിക്കുന്ന കൃത്യം ചെയ്തത് ഒരു കൂട്ടം യുവതികളാണ്. എല്ലാം സമൂഹ മാധ്യമങ്ങളില്‍ വൈറലാകാന്‍ വേണ്ടി മാത്രമായിരുന്നെന്നാണ് സംഘം പോലീസിനോട് ഏറ്റുപറഞ്ഞതെന്നും റിപ്പോര്‍ട്ടുകൾ പറയുന്നു.
ലേഡി ഗാങ്ങ്
മധ്യപ്രദേശിലെ ജബൽപൂരിൽ 'ലേഡി ഗാങ്ങ്' എന്ന പേരിൽ ഒരു കൂട്ടം യുവതികൾ, പെൺകുട്ടികളെ കത്തിമുനയിൽ നിർത്തി തട്ടിക്കൊണ്ടുപോകും. പിന്നീട് ഇവരെ ഒറ്റപ്പെട്ട സ്ഥലത്ത് എത്തിച്ച് അധിക്ഷേപിക്കുകയും അക്രമിക്കുകയും ചെയ്യും. ഇതിന്‍റെയെല്ലാം വീഡിയോ ചിത്രീകരിച്ച് അത് സമൂഹ മാധ്യമങ്ങളില്‍ പങ്കുവയ്ക്കുകയാണ് ഇവരുടെ പരിപാടിയെന്ന് പോലീസ് പറയുന്നു.
ഇത്തരം വീഡിയോകൾ സമൂഹ മാധ്യമങ്ങളില്‍ വൈറലായതോടെയാണ് സംഭവം പുറത്ത് അറിഞ്ഞതും സംഘാംഗങ്ങളായ രണ്ട് പ്രായപൂർത്തിയാകാത്തവർ ഉൾപ്പെടെ മൂന്ന് പേരെ ഗ്വാരിഘട്ട് പോലീസ് അറസ്റ്റ് ചെയ്തത്. ഇരകളെ ശാരീരികമായി ഉപദ്രവിക്കുന്ന വീഡിയോകൾ ഈ പെണ്‍കുട്ടികൾ തങ്ങളുടെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ട് വഴി പങ്കുവയ്ക്കാറുണ്ടെന്നും അതുവഴിയുള്ള പ്രശസ്തിയാണ് ഇവരുടെ ലക്ഷ്യമെന്നും പോലീസ് പറയുന്നു.
പരാതി പിന്നാലെ അറസ്റ്റ്
അത്തരമൊരു വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായതിന് പിന്നാലെ ഇരയാക്കപ്പെട്ട കുട്ടി പോലീസില്‍ പരാതി നല്‍കുകയായിരുന്നു. തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് കാഞ്ച്ഘർ പ്രദേശത്തെ പ്രായപൂര്‍ത്തിയാകാത്തെ രണ്ട് പേരുൾപ്പെടെ മൂന്ന് യുവതികളെ പോലീസ് അറസ്റ്റ് ചെയ്തത്. പ്രായപൂർത്തിയാകാത്ത രണ്ട് പേരെ ജുവനൈൽ ഹോമിലേക്ക് അയച്ചു, മുതിർന്ന പ്രതിയെ ജയിലിലേക്കും അയച്ചെന്നും റിപ്പോര്‍ട്ടുകൾ പറയുന്നു.


