തങ്ങളുടെ ജീവിതത്തിലെ ഏറ്റവും പ്രത്യേകതയുള്ള ദിവസം ഇത്രയും വലിയ വഴിത്തിരിവിലേക്ക് നീങ്ങുമെന്ന് ഞങ്ങൾ ഒരിക്കലും കരുതിയിരുന്നില്ല എന്നാണ് ദമ്പതികൾ പറയുന്നത്.
ജീവിതത്തിലെ മനോഹരമായ നിമിഷങ്ങളിൽ ഒന്നായിരിക്കും ഒരാളുടെ വിവാഹം എന്നത്. അത് പ്രിയപ്പെട്ടവർക്കൊപ്പം ഏറെ സന്തോഷത്തോടെ ആഘോഷിക്കാനായിരിക്കും മിക്കവർക്കും ആഗ്രഹം. ചിലർക്ക്, സിംപിളായിട്ട് മതി എന്നാണെങ്കിൽ മറ്റ് ചിലർ ആഘോഷമാക്കി മാറ്റാനാണ് തീരുമാനിച്ചിട്ടുണ്ടാവുക. എന്നാൽ, ചിലപ്പോൾ ആ നിമിഷത്തിൽ നമ്മൾ തീരെ പ്രതീക്ഷിക്കാത്ത ചില പ്രതിസന്ധികളും നേരിടേണ്ടി വന്നേക്കാം. അതുപോലെ ഒരു അനുഭവമാണ് ഈ ദമ്പതികൾക്കും ഉണ്ടായത്. ഹൽദി ആഘോഷത്തിനിടെ വധുവും വരനും കയ്യിൽ പിടിച്ചിരിക്കയായിരുന്ന ഹൈഡ്രജൻ ബലൂൺ പൊട്ടിത്തെറിച്ചു. ഇരുവർക്കും പൊള്ളലേറ്റു.
വരന്റെയും വധുവിന്റെയും ഗ്രാൻഡ് എൻട്രിയുടെ സമയത്താണ് അപകടമുണ്ടായത്. ഇരുവരും ബലൂണുകൾ കയ്യിൽ പിടിച്ചിരിക്കുന്നത് വീഡിയോയിൽ കാണാം. ആ ബലൂണുകളുമായി മുന്നോട്ട് നടക്കുന്നതിനിടയിലാണ് ബലൂണുകൾ പൊട്ടിത്തെറിച്ചത്. വധുവിന്റെ മുഖത്തും പുറകിലും പൊള്ളലേറ്റതായും വരന്റെ വിരലുകളിലും പുറകിലും പൊള്ളലേറ്റതായും റിപ്പോർട്ടുകൾ പറയുന്നു. തീപിടുത്തത്തിൽ വരന്റെ മുടിയും കത്തിനശിച്ചു. ഇതുമായി ബന്ധപ്പെട്ട ഒരു വീഡിയോ ഇവർ പിന്നീട് ഇൻസ്റ്റാഗ്രാമിൽ ഷെയർ ചെയ്തിരുന്നു. പിന്നീട് ഇത് നീക്കം ചെയ്തു.
തങ്ങളുടെ ജീവിതത്തിലെ ഏറ്റവും പ്രത്യേകതയുള്ള ദിവസം ഇത്രയും വലിയ വഴിത്തിരിവിലേക്ക് നീങ്ങുമെന്ന് ഞങ്ങൾ ഒരിക്കലും കരുതിയിരുന്നില്ല എന്നാണ് ദമ്പതികൾ പറയുന്നത്. മേക്കപ്പ് വച്ച് പൊള്ളലേറ്റ ഭാഗം മറയ്ക്കേണ്ടി വന്നുവെന്നും കത്തിപ്പോയ മുടി മുറിച്ചു മാറ്റേണ്ടി വന്നുവെന്നും ഇവർ പറയുന്നു. തങ്ങളുടെ അനുഭവം മറ്റുള്ളവർക്കുള്ള ഒരു ഓർമ്മപ്പെടുത്തലാണ്, സ്വന്തം ജീവൻ അപകടത്തിലാക്കിക്കൊണ്ട് ട്രെൻഡുകൾക്ക് പിന്നാലെ പോകരുത് എന്നും ഇവർ പറയുന്നു. ഇത് ആദ്യമായിട്ടല്ല ഹൈഡ്രജൻ ബലൂൺ പൊട്ടിത്തെറിക്കുന്നത്. നേരത്തെയും ഇത്തരം സംഭവം ഉണ്ടായിട്ടുണ്ട്. എന്തായാലും, വളരെ ശ്രദ്ധാപൂർവം കൈകാര്യം ചെയ്യേണ്ടുന്ന കാര്യങ്ങൾ അതേ ഗൗരവത്തോടെ കൈകാര്യം ചെയ്യണമെന്നാണ് ഈ അനുഭവം കാണിക്കുന്നത്.


