ഏതായാലും നിരവധിപ്പേരാണ് വീഡിയോ കണ്ടത്. അതിൽ ഭൂരിഭാ​ഗം പേരും എയർഹോസ്റ്റസിനെ പിന്തുണയ്ക്കുകയാണ് ചെയ്തത്.

വിമാനങ്ങളിലെ യാത്രക്കാരുടെ ഭാ​ഗത്ത് നിന്നും ജീവനക്കാരുടെ ഭാ​ഗത്ത് നിന്നും ഉണ്ടാകുന്ന പല സംഭവങ്ങളുടെയും വീഡിയോകൾ സമീപകാലത്ത് സാമൂഹിക മാധ്യമങ്ങളിൽ വൈറലാവാറുണ്ട്. എന്നാൽ, ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ വൈറലായിക്കൊണ്ടിരിക്കുന്ന ഒരു വീഡിയോയിൽ കാണുന്നത് മോശമായി പെരുമാറുന്ന ഒരു യാത്രക്കാരനോട് അതുപോലെ പരുഷമായി തന്നെ പ്രതികരിക്കുന്ന ഒരു ജീവനക്കാരിയേയാണ്. ഇൻഡി​ഗോയിലാണ് സംഭവം നടന്നത്. 

ഡിസംബർ 16 -ന് ഇസ്താംബുളിൽ നിന്നും ദില്ലിയിലേക്ക് വരികയായിരുന്നു വിമാനം. വിമാനത്തിലെ ഭക്ഷണത്തെ ചൊല്ലിയായിരുന്നു തർക്കം. ഓർഡർ ചെയ്ത ഭക്ഷണം മാത്രമേ തനിക്ക് തരാൻ സാധിക്കുകയുള്ളൂ എന്ന് എയർഹോസ്റ്റസ് യാത്രക്കാരനോട് പറയുന്നത് കേൾക്കാം. ഒപ്പം തന്നെ ഇയാളുടെ പരുഷമായ പെരുമാറ്റം കാരണം താനും മറ്റ് ജീവനക്കാരും അക്ഷരാർത്ഥത്തിൽ വിഷമിച്ചു പോയി എന്നും എയർഹോസ്റ്റസ് പറയുന്നുണ്ട്. 

പിന്നാലെ യാത്രക്കാരൻ, എന്തിനാണ് തന്നോട് ശബ്ദം വയ്ക്കുന്നത് എന്നും എയർഹോസ്റ്റസിനോട് ചോദിക്കുന്നുണ്ട്. നിങ്ങൾ ഞങ്ങളോട് ഒച്ച വച്ചതിനാലാണ് തങ്ങൾക്ക് തിരികെയും ഒച്ച വയ്ക്കേണ്ടി വന്നത് എന്നും എയർഹോസ്റ്റസ് പറയുന്നുണ്ട്. 'സോ സോറി, ഇത്തരത്തിൽ ജീവനക്കാരോട് താങ്കൾ പെരുമാറരുത് സർ' എന്നും എയർഹോസ്റ്റസ് പറയുന്നു. 

വഴക്കിനിടയിൽ യാത്രക്കാരൻ എയർഹോസ്റ്റസിനെ 'വേലക്കാരി' എന്നും വിളിക്കുന്നുണ്ട്. 'നിങ്ങൾ വിമാനത്തിലെ വേലക്കാരി അല്ലേ' എന്നാണ് ഇയാൾ ചോദിക്കുന്നത്. എന്നാൽ, 'ഞാൻ നിങ്ങളുടെ വേലക്കാരിയല്ല, ഇതിലെ ഒരു ജീവനക്കാരിയാണ്' എന്നാണ് എയർഹോസ്റ്റസ് തിരികെ പറയുന്നത്. വീഡിയോയിൽ‌ മറ്റൊരു ജീവനക്കാരി വരുന്നതും സംഭവം ശാന്തമാക്കാൻ ശ്രമിക്കുന്നതും കാണാം. 

Scroll to load tweet…

ഭക്ഷണം ഓർഡർ ചെയ്തതുമായി ബന്ധപ്പെട്ടാണ് സംഭവമുണ്ടായത് എന്ന് ഇൻഡി​ഗോയും സ്ഥിരീകരിച്ചിട്ടുണ്ട്. 'സംഭവത്തെ കുറിച്ച് കൂടുതൽ മനസിലാക്കാൻ ശ്രമിക്കുകയാണ്, യാത്രക്കാരുടെ കംഫർട്ടിനാണ് തങ്ങളുടെ ഏറ്റവും വലിയ മുൻതൂക്കം' എന്നും ഇൻഡി​ഗോ വ്യക്തമാക്കി. 

ഏതായാലും നിരവധിപ്പേരാണ് വീഡിയോ കണ്ടത്. അതിൽ ഭൂരിഭാ​ഗം പേരും എയർഹോസ്റ്റസിനെ പിന്തുണയ്ക്കുകയാണ് ചെയ്തത്. പല യാത്രക്കാരും എയ​ർഹോസ്റ്റസുമാരോട് വളരെ മോശമായിട്ടാണ് പെരുമാറാറുള്ളത് എന്നും പലരും പറഞ്ഞു. 

Scroll to load tweet…