മിക്ക അമ്മമാരെയും പോലെ ഈ അമ്മയും മകനോട് പറയുന്നത്, 'നീ ക്ലാസിൽ ഒന്നാമനാകണം എന്ന് കരുതണം' എന്നാണ്. എന്നാൽ, മകന്റെ മറുപടിയാണ് എല്ലാവരേയും ചിരിപ്പിച്ചിരിക്കുന്നത്.
പ്രായം കൂടുന്തോറും മനുഷ്യർ കൂടുതൽ കൂടുതൽ സ്വാർത്ഥരായി മാറും അല്ലേ? വളരെ നിഷ്കളങ്കമായ സൗഹൃദത്തിൽ നിന്നും നമ്മൾ മാറി ചിന്തിക്കും. നമ്മുടെ താല്പര്യങ്ങൾ മറ്റ് പലതുമാകും. എന്നാൽ, കുട്ടിക്കാലത്തെ സൗഹൃദം ഇങ്ങനെയൊന്നുമാവണം എന്നില്ല. അത് ചിലപ്പോൾ നാം 'അൺകണ്ടീഷണൽ' എന്നൊക്കെ വിളിക്കും പോലെ ഒരു സൗഹൃദം ആയിരിക്കാം. അത് തെളിയിക്കുന്ന മനോഹരമായ ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ആളുകളുടെ ഹൃദയം കവർന്നു കൊണ്ടിരിക്കുന്നത്.
ഒരു അമ്മയും മകനുമാണ് വീഡിയോയിൽ ഉള്ളത്. മകൻ പഠിച്ചു കൊണ്ടിരിക്കുന്നതാണ് വീഡിയോയിൽ കാണാൻ സാധിക്കുന്നത്. മിക്ക അമ്മമാരെയും പോലെ ഈ അമ്മയും മകനോട് പറയുന്നത്, 'നീ ക്ലാസിൽ ഒന്നാമനാകണം എന്ന് കരുതണം' എന്നാണ്. എന്നാൽ, മകന്റെ മറുപടിയാണ് എല്ലാവരേയും ചിരിപ്പിച്ചിരിക്കുന്നത്. 'അതുവേണ്ട, നമ്മളെപ്പോഴും നമ്മുടെ സുഹൃത്തുക്കൾക്കൊപ്പം പിന്നിൽ നിൽക്കണം' എന്നാണ് കുട്ടിയുടെ മറുപടി.
'പിന്നിൽ നിൽക്കുന്നത് പൊട്ടന്മാരാണ്' എന്നാണ് അമ്മയുടെ പക്ഷം. എന്നാൽ, 'ഞങ്ങൾ പൊട്ടന്മാരായി നിന്നോളാം' എന്നാണ് കുട്ടി തിരിച്ച് പറയുന്നത്. 'പഠനത്തെക്കാൾ വലുത് സുഹൃത്തുക്കളാവുമ്പോൾ' എന്നാണ് വീഡിയോയിൽ എഴുതിയിരിക്കുന്നത്.
രസകരമായ ഈ വീഡിയോ നെറ്റിസൺസിനെ ചിരിപ്പിച്ചു എന്ന കാര്യത്തിൽ എന്തായാലും സംശയമില്ല. ഒരുപാടുപേരാണ് ഈ വീഡിയോയ്ക്ക് കമന്റുകളുമായി എത്തിയിരിക്കുന്നത്. വളരെ രസകരമായ കമന്റുകൾ നൽകിയവരുണ്ട്. അതുപോലെ, 'ഈ കുട്ടിയും വീഡിയോയും വളരെ ക്യൂട്ട് ആണ്' എന്ന് കമന്റ് നൽകിയവരും ഉണ്ട്. 'ഇതാണ് യഥാർത്ഥ സൗഹൃദം' എന്നായിരുന്നു മറ്റ് ചിലരുടെ കമന്റ്. മറ്റൊരു യൂസർ കമന്റ് നൽകിയിരിക്കുന്നത്, 'അവന് അതിജീവിക്കാൻ വേണ്ടത് എന്താണ് എന്ന് വ്യക്തമായി അറിയാം' എന്നാണ്.


