ഇന്ത്യൻ ട്രാവൽ വ്ലോഗറായ യുവാവ് പങ്കുവച്ച വീഡിയോ ശ്രദ്ധിക്കപ്പെടുന്നു. യൂറോപ്യന്‍ യാത്രയില്‍ പകര്‍ത്തിയ ദൃശ്യങ്ങളില്‍ കാണുന്നത് വൃത്തിഹീനമായ തെരുവുകളും പൊതുസ്ഥലങ്ങളുമാണ്. 

ഇന്ത്യയിലേക്ക് വരുന്ന ചില വിനോദസഞ്ചാരികൾ ഇന്ത്യയെ കുറിച്ച് മോശം കമന്റുകൾ പറയാറുണ്ട്. അതിൽ പ്രധാനമാണ് ഇന്ത്യയിൽ വൃത്തിയില്ല, ശുചിത്വമില്ല എന്നതൊക്കെ. എന്നാൽ, യൂറോപ്പിലേക്ക് യാത്ര ചെയ്ത ഒരു ഇന്ത്യക്കാരൻ യുവാവ് പങ്കുവച്ച സോഷ്യൽ മീഡിയാ പോസ്റ്റാണ് ഇപ്പോൾ ശ്രദ്ധിക്കപ്പെടുന്നത്. അതിൽ പറയുന്നത്, യൂറോപ്യൻ ന​ഗരങ്ങളിലും മാലിന്യവും വൃത്തിയില്ലായ്മയും ഒക്കെ ഉണ്ടെന്നാണ്. ഇന്ത്യൻ ട്രാവൽ വ്ലോ​ഗറായ പ്രതീക് സിങ്ങാണ് പോസ്റ്റ് ഷെയർ ചെയ്തിരിക്കുന്നത്. യൂറോപ്പിലെ ​ഗ്ലാമർ കാഴ്ച്ചയ്ക്കും അപ്പുറം ഇങ്ങനെ ഒരു വശം കൂടിയുണ്ട് എന്നാണ് പോസ്റ്റിൽ നിന്നും മനസിലാവുന്നത്.

പോസ്റ്റിൽ, വൃത്തിഹീനമായ പൊതുസ്ഥലങ്ങളും, തിരക്കും, സുരക്ഷയെ കുറിച്ച് ആശങ്ക തോന്നുന്ന സ്ഥലങ്ങളെ കുറിച്ചും ഒക്കെ പ്രതീക് സിങ് പറയുന്നുണ്ട്. സം​ഗതി യൂറോപ്പ് നിഷേധിക്കാനാവാത്ത വിധം മനോഹരമാണ് എങ്കിലും അവിടെ യാത്ര ചെയ്യുന്നതിന് ചില സങ്കീർണതകളൊക്കെയുണ്ട് എന്നാണ് പ്രതീക് പറയുന്നത്. വാസ്തുവിദ്യ, ചരിത്രം, സൗന്ദര്യം എല്ലാമുണ്ട് യൂറോപ്പിന്. എന്നാൽ, നമ്മൾ കാണുന്ന പോസ്റ്റ്കാർഡിലെ എല്ലാം തികഞ്ഞ തെരുവുകൾക്കും അപ്പുറം ചില ഉപേക്ഷിക്കപ്പെട്ട ന​ഗരങ്ങളുണ്ട്. ഒരുകാലത്ത് മനോഹരമായി തോന്നിയിരുന്ന ആ പ്രദേശങ്ങൾ ഇപ്പോൾ വൃത്തികെട്ടതും കുഴപ്പം പിടിച്ചതും ചിലപ്പോഴൊക്കെ സുരക്ഷിതമല്ലാത്തതുമായി മാറിയിരിക്കയാണ് എന്നും പ്രതീക് പറ‍ഞ്ഞു. ഒപ്പം പ്രതീക് പങ്കുവച്ചിരിക്കുന്ന വീഡിയോയിൽ പൊതുനിരത്തുകളിലും മറ്റും പ്ലാസ്റ്റിക് അടക്കമുള്ള മാലിന്യങ്ങൾ വലിച്ചെറിഞ്ഞിരിക്കുന്നതും കാണാം.

View post on Instagram

പോസ്റ്റ് സോഷ്യൽ മീഡിയയിൽ ശ്രദ്ധിക്കപ്പെട്ടതോടെ പ്രതീകിനെ അനുകൂലിച്ചും പ്രതികൂലിച്ചും അനേകങ്ങളാണ് കമന്റുകളുമായി വന്നത്. ഇത് യൂറോപ്പിന്റെ വളരെ കുറച്ച് പ്രദേശങ്ങളിൽ കാണാനാവുന്ന കാര്യമാണ്. അതിനെ സാമാന്യവൽക്കരിക്കരുത് എന്നാണ് ചിലരെല്ലാം കമന്റുകൾ നൽകിയത്. എന്നാൽ, മറ്റ് ചിലർ പറ‍ഞ്ഞത് ഇന്ത്യയാണെങ്കിൽ എല്ലാവരും ഇക്കാര്യം ചൂണ്ടിക്കാണിക്കും. മറ്റ് രാജ്യങ്ങളാണെങ്കിൽ ആരും മിണ്ടില്ല എന്നാണ്.