അപരിചിതർ മിക്കവാറും ഇന്ത്യയിൽ ഇങ്ങനെ ചിത്രങ്ങൾ എടുക്കാൻ ആവശ്യപ്പെടാറുണ്ട്. അതിനാൽ തന്നെ അവൾ ആകെ തളർന്നിരുന്നു. ഫോട്ടോ എടുക്കാൻ പറ്റില്ല എന്ന് അവൾ പറയുകയും ചെയ്തു.
വിദേശത്ത് നിന്നും ഒരുപാടുപേർ ഇന്ത്യയിൽ എത്താറുണ്ട്. പല കാരണങ്ങൾ കൊണ്ടുമാണ് അവർ ഇന്ത്യയിലേക്ക് വരുന്നത്. സംസ്കാരം അടുത്തറിയാനോ, പ്രകൃതിദൃശ്യങ്ങൾ ആസ്വദിക്കാനോ, ചരിത്രസ്മാരകങ്ങൾ കാണാനോ ഒക്കെ ആയിരിക്കാം അത്. എന്നാൽ, ചിലയിടങ്ങളിലെല്ലാം എത്തുമ്പോൾ ഇപ്പോഴും അവർക്കൊപ്പം ഫോട്ടോ എടുക്കാൻ ആഗ്രഹിക്കുന്നു എന്ന് പറഞ്ഞ് അവരെ ശല്ല്യപ്പെടുത്തുന്ന ചിലർ ഉണ്ടാവാറുണ്ട്. അത്തരത്തിലുള്ള ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുന്നത്.
ഇന്ത്യയിലേക്ക് സോളോ ട്രിപ്പിനെത്തിയ ഒരു പോളിഷ് യുവതിയാണ് ഇന്ത്യയിൽ തനിക്കുണ്ടായ ഈ നിരാശാജനകമായ അനുഭവത്തെ കുറിച്ച് സോഷ്യൽ മീഡിയയിൽ വീഡിയോ പങ്കുവച്ചിരിക്കുന്നത്. ഒരാൾ തന്നോട് ഒരുമിച്ച് ചിത്രം എടുക്കാൻ ആവശ്യപ്പെട്ടു എന്നും അതിന് തയ്യാറാകാതെയിരുന്നപ്പോൾ തന്നെ പിന്തുടർന്നു എന്നുമാണ് യുവതി തന്റെ പോസ്റ്റിൽ പറയുന്നത്.
തന്റെ യാത്രയിൽ നിന്നുള്ള അനുഭവങ്ങൾ കണ്ടന്റ് ക്രിയേറ്ററായ കാസിയ മിക്കവാറും ഓൺലൈനിൽ പങ്കുവയ്ക്കാറുണ്ട്. ഇന്ത്യയിൽ നിന്നുള്ള ഈ വീഡിയോയിൽ അവൾ ഗസ്റ്റ് ഹൗസിൽ നിന്നും മല ഇറങ്ങി വരുന്നതാണ് കാണുന്നത്. ആ സമയത്ത് ഒരാൾ അവളോട് ഒരുമിച്ച് ഫോട്ടോ എടുക്കണം എന്ന് ആവശ്യപ്പെടുകയായിരുന്നു. ആദ്യം കാസിയ കരുതിയിരുന്നത് അയാൾക്ക് തന്റെ ഒരു ഫോട്ടോ എടുക്കണം എന്നാണ് ആവശ്യപ്പെടുന്നത് എന്നാണ്. എന്നാൽ, തനിക്കൊപ്പം ഒരു ഫോട്ടോ എടുക്കണം എന്നാണ് അയാൾ ആവശ്യപ്പെടുന്നത് എന്ന് പിന്നീട് അവൾക്ക് മനസിലായി.
അപരിചിതർ മിക്കവാറും ഇന്ത്യയിൽ ഇങ്ങനെ ചിത്രങ്ങൾ എടുക്കാൻ ആവശ്യപ്പെടാറുണ്ട്. അതിനാൽ തന്നെ അവൾ ആകെ തളർന്നിരുന്നു. ഫോട്ടോ എടുക്കാൻ പറ്റില്ല എന്ന് അവൾ പറയുകയും ചെയ്തു. എന്നാൽ, അയാൾ അവളെ പിന്തുടരുകയായിരുന്നു. 'എനിക്ക് നിങ്ങളുടെ കൂടെ ഫോട്ടോ എടുക്കാൻ താല്പര്യമില്ല, എന്നെ പിന്തുടരുന്നത് നിർത്താമോ' എന്നും അവൾ ചോദിക്കുന്നുണ്ട്. പിന്നാലെ, അവൾ വീഡിയോ എടുക്കാൻ തുടങ്ങി. വീഡിയോ എടുക്കുന്നുണ്ട് എന്ന് മനസിലായപ്പോഴാണ് അയാൾ പിന്തിരിഞ്ഞു നടക്കാൻ തയ്യാറായത്.
'ഇയാളെപ്പോലെ ആകരുത്. ഇങ്ങനെ ഫോട്ടോ എടുക്കാൻ ഞാൻ മൃഗശാലയിലെ ഒരു മൃഗമല്ല. ഇത് വളരെ അസ്വസ്ഥത ഉളവാക്കുന്ന കാര്യമാണ്. അതിലുപരിയായി, കാട്ടിൽ സ്ത്രീകളെ പിന്തുടരരുത്. അത് ഒട്ടും സ്വീകാര്യമല്ല' എന്നും ഇന്ത്യൻ പുരുഷന്മാരോടായി കാസിയ പറയുന്നുണ്ട്. പിന്നീടുള്ള പോസ്റ്റുകളിൽ ഇന്ത്യക്കാരെ മൊത്തമായി പറയാൻ താൻ ആഗ്രഹിക്കുന്നില്ല, പുരുഷന്മാർ എന്ത് ചെയ്യരുത് എന്ന് പറയുന്നതിനായിട്ടാണ് ഇത് പറയുന്നത്. അവിടെ ഇന്ത്യക്കാരനോ ക്രൊയേഷ്യക്കാരനോ ബ്രിട്ടീഷുകാരനോ എന്നത് പ്രശ്നമല്ല എന്നും പറയുന്നുണ്ട്.


