രണ്ടാം ലോകമഹായുദ്ധ കാലത്ത് വേർപിരിഞ്ഞ ചൈനീസ് ദമ്പതികൾ 54 വർഷത്തിന് ശേഷം വീണ്ടും കണ്ടുമുട്ടി. പുനർവിവാഹം ചെയ്യാതെ കാത്തിരുന്ന സ്ത്രീയും, വീണ്ടും വിവാഹം കഴിച്ച് കുടുംബമായി ജീവിച്ച പുരുഷനും തമ്മിലുള്ള വൈകാരികമായ കൂടിക്കാഴ്ചയുടെ വീഡിയോ  വൈറലായി. 

ജീവിതത്തിന്‍റെ ഗതിവിഗതികൾ മനുഷ്യന് നിയന്ത്രിക്കാൻ പറ്റില്ല. അതിന്‍റെ ഒഴുക്കിനനുസരിച്ച് ജീവിതം കൂടുതൽ മെച്ചപ്പെട്ടതാക്കാനെ മനുഷ്യന് കഴിയൂ. അത്തരമൊരു ജീവിതാനുഭവത്തിന്‍റെ, വൈകാരികമായ ഒരു വീഡിയോ പങ്കുവയ്ക്കപ്പെട്ടപ്പോൾ സമൂഹ മാധ്യമ ഉപയോക്താക്കൾ ഏറ്റെടുത്തു. രണ്ടാം ലോകമഹായുദ്ധ കാലത്ത് വേർപിരിഞ്ഞ ചൈനീസ് ദമ്പതികൾ 54 വർഷത്തിന് ശേഷം ആദ്യമായി കണ്ടുമുട്ടുന്നതായിരുന്നു ആ ദൃശ്യങ്ങൾ. വർഷക്കണക്കിൽ നോക്കുകയാണെങ്കില്‍ '90 -കളിലാകണം ആ ചൈനീസ് ദമ്പതികൾ വീണ്ടും കണ്ടു മുട്ടിയത്.

ഹൃദയഭേദകമായ കൂടിക്കാഴ്ച

Today in History എന്ന എക്സ് ഹാന്‍റിലിലാണ് വീഡിയോ പങ്കുവയ്ക്കപ്പെട്ടത്. 'രണ്ടാം ലോകമഹായുദ്ധ കാലത്ത് ദമ്പതികൾ 54 വർഷത്തോളം വേർപിരിഞ്ഞു ജീവിച്ചു. അവൾ ഒരിക്കലും വിവാഹിതയായില്ല. അയാൾ വീണ്ടും വിവാഹം കഴിക്കുകയും മുത്തച്ഛനാകുകയും ചെയ്തു.' എന്ന കുറിപ്പോടെയാണ് വീഡിയോ പങ്കുവയ്ക്കപ്പെട്ടത്. വീഡിയോയിൽ വളരെ പ്രായം ചെന്ന ഒരു സ്ത്രീയും പുരുഷനും തങ്ങളുടെ വീൽച്ചെയറിൽ ഇരുന്ന് കൊണ്ട് പരസ്പരം ആശ്ലേഷിക്കുകയും കരയുകയും ചെയ്യുന്നത് കാണാം. പുരുഷൻ വൈകാരികമായി സമചിത്തത പാലിക്കുമ്പോൾ സ്ത്രീ വൈകാരികമായി ഏറെ ദുർബലയാണ്. അവൾ കരയുകയും അദ്ദേഹത്തെ കെട്ടിപ്പിടിക്കുകയും അടുക്കുകയും ചെയ്യുന്നതും വീഡിയോയിൽ കാണാം. തന്‍റെ ഭർത്താവ് മറ്റൊരു വിവാഹം ചെയ്ത് കുടുംബം പുലർത്തിയിരുന്നുവെന്ന് ആ സ്ത്രീയെ ഏറെ വേദനിപ്പിച്ചു.

Scroll to load tweet…

എഐയും നെറ്റിസെന്‍സും

11 ലക്ഷം പേരാണ് വീഡിയോ ഇതുവരെ കണ്ടത്. നിരവധി പേര്‍ വീഡിയോയ്ക്ക് പിന്നിലെ ദമ്പകളാരെന്ന് അന്വേഷിച്ചെത്തി. അതേസമയം ഒരു കാഴ്ചക്കാരൻ വീഡിയോ എക്സിന്‍റെ ചാറ്റ്ബോട്ട് ഗ്രോക്കിന് നൽകി വീഡിയോയെ കുറിച്ച് അന്വേഷിച്ചു. വീഡിയോയിലുള്ള സ്ത്രീ പുനർവിവാഹം ചെയ്ത തന്‍റെ ഭർത്താവിനെ വൈകാരികമായി ശകാരിക്കുന്നുവെന്നും ഇതിന്‍റെ പേരിൽ അദ്ദേഹത്തെ അടിക്കുകയും നുള്ളുകയും ചെയ്തെന്നും എന്തിനാണ് പുനർവിവാഹം ചെയ്തതെന്ന് ചോദ്യം ചെയ്തെന്നുമായിരുന്നു ഗ്രേക്കിന്‍റെ മറുപടി. വിഡിയോ പലരുടെയും മനസിനെ ആഴത്തിൽ സ്വാധീനിച്ചു. ചിലർ തങ്ങളുടെ ജീവിതത്തിലുണ്ടായ സ്നേഹ നിരാസങ്ങളെ കുറിച്ച് എഴുതി. സ്ത്രീകൾക്ക് വൈകാരികമായ സ്നേഹം കൂടുതലാണെന്നും അവർക്ക് വീണ്ടും സ്നേഹിക്കാൻ പ്രയാസമാണെന്നുമായിരുന്നു ഒരു കാഴ്ചക്കാരനെഴുതിയത്. അവരുടെ ഹൃദയത്തിൽ സ്നേഹം മാത്രമാണെന്നും അനേകം പേരിൽ ഒരാളെ മാത്രമെ ഇതുപോലെ കണ്ടെത്താൻ കഴിയൂവെന്നുമായിരുന്നു മറ്റൊരു കുറിപ്പ്.