സ്ഥലമൊക്കെ അടിപൊളിയാണ്, പക്ഷേ ടോയ്‍ലെറ്റ് കണ്ടെത്തൽ ബുദ്ധിമുട്ടാണേ; വീഡിയോയുമായി ഒരു സഞ്ചാരി
നഗരം മനോഹരമാണെങ്കിലും അവിടെ ഒരു പബ്ലിക് ടോയ്‍ലെറ്റ് കണ്ടെത്തുക എന്നത് അത്ര എളുപ്പമല്ല എന്നും ഈ ട്രാവലർ പറയുന്നു.
ഒരു നല്ല യാത്ര ആകെ കുളമാകാൻ കൃത്യമായി ടോയ്‍ലെറ്റ് സൗകര്യം ഇല്ലാത്ത ഒരിടത്ത് എത്തിപ്പെട്ടാൽ മതി അല്ലേ? ചില സ്ഥലങ്ങളിലൊക്കെ ടോയ്‍ലെറ്റ് കണ്ടെത്തുക വലിയ പ്രയാസം തന്നെയാവാറുണ്ട്. എന്നാൽ, ഇതേ കുറിച്ചുള്ള വലിയ ചർച്ചകളൊന്നും തന്നെ എവിടെയും അധികം നടക്കാറില്ല. അതിനിടയിലാണ് ഇപ്പോൾ ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്. വീഡിയോ പങ്കുവച്ചിരിക്കുന്നത് 'theturbantraveller' എന്ന യൂസറാണ്.
ട്രാവലുമായി ബന്ധപ്പെട്ടുള്ള വീഡിയോകൾ സാധാരണയായി ഈ അക്കൗണ്ടിൽ പങ്കുവയ്ക്കാറുണ്ട്. യൂറോപ്പിലേക്കുള്ള യാത്രയിൽ ടോയ്‍ലെറ്റുകള്‍ കണ്ടെത്തുന്നതുമായി ബന്ധപ്പെട്ടുള്ള ചില അനുഭവങ്ങളാണ് അദ്ദേഹം പങ്കുവയ്ക്കുന്നത്. ഇത് നിങ്ങൾക്കും ചിലപ്പോൾ ഉപകാരപ്പെട്ടേക്കും എന്ന് പറഞ്ഞുകൊണ്ടാണ് അദ്ദേഹം വീഡിയോ പങ്കുവച്ചിരിക്കുന്നത്.
എസ്റ്റോണിയയുടെ തലസ്ഥാനമായ ടാലിൻ എന്ന പഴയ പട്ടണത്തിലായിരുന്നു താനെന്നാണ് അദ്ദേഹം പറയുന്നത്. നഗരം മനോഹരമാണെങ്കിലും അവിടെ ഒരു പബ്ലിക് ടോയ്‍ലെറ്റ് കണ്ടെത്തുക എന്നത് അത്ര എളുപ്പമല്ല എന്നും ഈ ട്രാവലർ പറയുന്നു. അദ്ദേഹവും ഭാര്യയും കരുതിയിരുന്നത് ഇന്ത്യയിലേതുപോലെ ഏത് റെസ്റ്റോറന്റുകളിലും ബാത്ത്റൂം ഉപയോഗിക്കാം എന്നാണ്. എന്നാൽ, അത് അങ്ങനെയായിരുന്നില്ല എന്ന് മനസിലായി എന്നും അദ്ദേഹം പറയുന്നു.
മക്ഡൊണാൾഡ്സിൽ പോലും കസ്റ്റമേഴ്സിന് മാത്രമേ ടോയ്‍ലെറ്റ് ഉപയോഗിക്കാൻ സാധിക്കുമായിരുന്നുള്ളൂ. ഇവിടെ എല്ലാത്തിനും പണം നൽകേണ്ടതുണ്ട് എന്നാണ് അദ്ദേഹം പറയുന്നത്. ഏറ്റവും രസകരമായ കാര്യം ബില്ലിൽ അച്ചടിച്ച ഒരു കോഡുണ്ടാവും. അത് ഉപയോഗിച്ച് മാത്രമേ ടോയ്‍ലെറ്റിലേക്ക് പ്രവേശിക്കാൻ കഴിയൂ എന്നതാണ് എന്നും അദ്ദേഹം പറയുന്നു. എന്നാൽ, അത് നല്ല ടോയ്‍ലെറ്റ് ആയിരുന്നു എന്നാണത്രെ അദ്ദേഹത്തിന്റെ ഭാര്യയുടെ അഭിപ്രായം.
എന്തായാലും, വീഡിയോ ഉപകാരപ്രദമാണ് എന്ന് ഒരുപാട് പേർ വീഡിയോയ്ക്ക് കമന്റുകൾ നൽകിയിട്ടുണ്ട്.
ഒരുനിമിഷം വൈകിപ്പോയാല്‍..; കൊച്ചുകുഞ്ഞ് റോഡിലേക്ക്, റീൽ ഷൂട്ട് ചെയ്യുന്നതിൽ മുഴുകി യുവതി, വിമർശനം