തടവുകാരുടെ ശാരീരിക ക്ഷമത വര്‍ദ്ധിപ്പിക്കാനും അവരുടെ മാനസീക സമ്മ‍ദ്ദം കുറയ്ക്കാനുമായിട്ടാണ് ഐപിഎല്‍ മാതൃകയില്‍ മധുര ജയിലില്‍ ജയില്‍ പ്രീമിയര്‍ ലീഗ് സംഘടിപ്പിച്ചിരിക്കുന്നത്.  

'ഗോതമ്പുണ്ട' എന്ന പ്രയോഗം ഉണ്ടാകുന്നത് ജയില്‍ ഭക്ഷണത്തില്‍ നിന്നുമാണ്. എന്നാലതൊക്കെ പഴങ്കഥ. പുതിയ ജയില്‍ സംവിധാനങ്ങളില്‍ സുഭിക്ഷമായ മെനുവാണ് ഉള്ളതെന്ന് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകൾ പറയുന്നു. ജയില്‍പ്പുള്ളികൾക്ക് നല്ല ഭക്ഷണം മാത്രമല്ല, അല്പം കളികളുമാകാമെന്നാണ് ഉത്തര്‍പ്രദേശിലെ മധുര ജയില്‍ അധികൃതര്‍ പറയുന്നത്. അതിനായി ഐപിഎല്‍ മാതൃകയില്‍ ജയില്‍പ്പുള്ളികൾക്കായി ജയില്‍ പ്രീമിയ‍ ലീഗ് തുടങ്ങിക്കഴിഞ്ഞെന്ന് റിപ്പോര്‍ട്ടുകൾ. 

മതിൽ ജീവിതം അനുഭവിക്കുന്ന തടവുകാര്‍ക്ക് സ്വാതന്ത്ര്യത്തിന്‍റെ നിമിഷങ്ങൾ ആസ്വദിക്കാമെന്നാണ് മധുര ജയിൽ സൂപ്പർവൈസർ ഇത് സംബന്ധിച്ച് മാധ്യമങ്ങളോട് പറഞ്ഞത്. 'തടവുകാരുടെ ടാലന്‍റ് കൂട്ടാനും അവരുടെ ശാരീരിക ക്ഷമത വര്‍ദ്ധിപ്പിക്കാനും അവരുടെ മാനസീക സമ്മ‍ദ്ദം കുറയ്ക്കാനുമായിട്ടാണ് ഐപിഎല്‍ മാതൃകയില്‍ മധുര ജയിലില്‍ ജയില്‍ പ്രീമിയര്‍ ലീഗ് കൊണ്ട് വന്നത്.' ജയിലിനുള്ളില്‍ ക്രിക്കറ്റ് കളിക്കുന്ന തടവുകാരുടെ വീഡിയോ പുറത്ത് വിട്ട് കൊണ്ട് എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു. 

'2025 ഏപ്രിലിലാണ് ജയില്‍ പ്രീമിയര്‍ ലീഗ് മത്സരം ആരംഭിച്ചത്. വിവിധ വിംഗില്‍ നിന്നായി ഏട്ട് ടീമികളാണ് ആകെ ഉണ്ടായിരുന്നത്. അതില്‍ 4 ടീമുകൾ ഗ്രൂപ്പ് എയിലും 4 ടീമുകൾ ഗ്രൂപ്പ് ബിയിലുമാണ് ഉണ്ടായിരുന്നത്. അവര്‍ തമ്മിൽ 12 ലീഗ് മത്സരങ്ങളും 2 സെമി-ഫൈനൽ മത്സരങ്ങളും നടന്നു. നൈറ്റ് റൈഡേഴ്സും ക്യാപിറ്റല്‍സും തമ്മിലായിരുന്നു ഫൈനല്‍ മത്സരം. മത്സരത്തില്‍ നൈറ്റ് റൈഡേഴ്സ് വിജയിച്ചു'. ജയില്‍ സുപ്രണ്ട് അന്‍ശുമാന്‍ ഗാര്‍ഗ് മാധ്യമങ്ങളെ അറിയിച്ചു. 

Scroll to load tweet…

ജയിൽ മതില്‍ക്കെട്ടിനകത്ത് വച്ച് ക്രിക്കറ്റ് കളിക്കുന്ന തടവുകാരെ വീഡിയോയില്‍ കാണാം. ക്രിക്കറ്റ് കളിക്കൊപ്പം ഹിന്ദിയിലുള്ള അനൗണ്‍സ്മെന്‍റും കേൾക്കാം. ഏഴ് മിനിറ്റും 16 സെക്കന്‍റുമുള്ള വീഡിയോയില്‍ വിജയികളുടെ ആഹ്ളാദ പ്രകടനങ്ങളും സമ്മാന വിതരണം നടക്കുന്നതുമായ ദൃശ്യങ്ങളുണ്ട്. അതേസമയം കുറ്റവാളികൾ വിവിധ നിറങ്ങളിലുള്ള സാധാരണ വസ്ത്രങ്ങൾ ധരിച്ചാണ് മത്സരത്തിനെത്തിത്. 

മത്സരത്തില്‍ ഏറ്റവും കൂടുതല്‍ റണ്‍ നേടിയവര്‍ക്ക് ഓറഞ്ച് ക്യാപ്പും ഏറ്റവും കടുതല്‍ വിക്കറ്റ് നേടിയവര്‍ക്ക് പർപ്പിൾ ക്യാപ്പും സമ്മാനമായി നല്‍കി. തടവുപുള്ളിയായ കൗശാലാണ് പ്ലെയ‍ർ ഓഫ് ദി മാച്ച്. പങ്കജ് പര്‍പ്പിൾ ക്യാപ്പ് സ്വന്തമാക്കി. ബൗറയാണ് ഓറഞ്ച് ക്യാപ്പ് നേടിയത്. ക്രിക്കറ്റ് കളിക്കും സമ്മാന വിതരണത്തിനും ശേഷം തടവുപുള്ളികളുടെ ഡാന്‍സും ഉണ്ടായിരുന്നു. വീഡിയോ ഇതിനകം രണ്ട് ലക്ഷത്തിന് മേലെ ആളുകൾ കണ്ടുകഴിഞ്ഞു. സാധാരണ ജീവിതത്തെക്കാൾ ജയിലില്‍ അവര്‍ സന്തുഷ്ടരായി കാണുന്നതെന്ത് കൊണ്ടാകുമെന്നാണ് ഒരു കാഴ്ചക്കാരന്‍ വീഡിയോയ്ക്ക് താഴെ കുറിച്ചത്.