ഹോർമുസ് കടലിടുക്കിൽ സിംഗപ്പൂർ ചരക്കുകപ്പലായ ജിഎഫ്എസ് പ്രൈഡ് മുങ്ങിയതിന് പിന്നാലെ കടലിൽ ഒഴുകിനടക്കുന്ന ഐഫോണുകളും പെർഫ്യൂമുകളും ശേഖരിക്കുന്ന ഇറാനിയൻ മത്സ്യത്തൊഴിലാളികളുടെ ദൃശ്യങ്ങൾ വൈറലാകുന്നു. അജ്ഞാതമായ പ്രൊജക്ടൈൽ പതിച്ചോ കടൽ മൈനിൽ ഇടിച്ചോ ആണ് ദുബായിൽ നിന്നെത്തിയ കപ്പൽ അപകടത്തിൽപ്പെട്ടത്.

കടലിൽ പൊങ്ങിക്കിടക്കുന്ന ഐഫോൺ പെട്ടികളും ആഡംബര പെർഫ്യൂം കുപ്പികളും ശേഖരിക്കാൻ ഇറാനിയൻ മത്സ്യത്തൊഴിലാളികൾ കൂട്ടത്തോടെ കടലിലിറങ്ങിയ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നു. ഹോർമുസ് കടലിടുക്കിൽ ചരക്കുകപ്പൽ മുങ്ങിയതിന് പിന്നാലെയാണ് കടലിൽ ചിതറിക്കിടക്കുന്ന വിലപിടിപ്പുള്ള സാധനങ്ങൾ ശേഖരിക്കാൻ ചെറുബോട്ടുകളുമായി ആളുകൾ എത്തിയതെന്ന് റിപ്പോർട്ടുകൾ പറയുന്നു.

മുങ്ങിയത് സിംഗപ്പൂർ ചരക്ക് കപ്പൽ

സിംഗപ്പൂർ പതാകയിൽ സഞ്ചരിച്ചിരുന്ന ജിഎഫ്എസ് പ്രൈഡ് (GFS Pride) എന്ന കണ്ടെയ്‌നർ കപ്പൽ ഒക്ടോബർ 14 -നാണ് അപകടത്തിൽപ്പെട്ടത്. അജ്ഞാതമായ ഒരു പ്രൊജക്ടൈൽ പതിച്ചതിനെത്തുടർന്ന് കപ്പലിൽ തീപിടിക്കുകയും തുടർന്ന് അത് മുങ്ങുകയുമായിരുന്നുവെന്ന് സിംഗപ്പൂരിന്‍റെ മാരിടൈം ആൻഡ് പോർട്ട് അതോറിറ്റി അറിയിച്ചു. കപ്പലിലുണ്ടായിരുന്ന 21 ജീവനക്കാരെയും സുരക്ഷിതമായി ഒഴിപ്പിച്ചു. ആർക്കും പരിക്കേറ്റിട്ടില്ലെന്നും അധികൃതർ വ്യക്തമാക്കി. അതേസമയം ഹോർമൂസിലൂടെയുള്ള ചരക്ക് ഗതാഗതത്തിന് തടയിടാൻ ഇറാൻ സ്ഥാപിച്ച കടൽ മൈനുകളിൽ ഇടിച്ചാണ് കപ്പൽ മുങ്ങിയതെന്നും ചില റിപ്പോർട്ടുകൾ പറയുന്നു.

Scroll to load tweet…

ദുബായിൽനിന്ന് ചരക്കുകളുമായി എത്തിയ കപ്പലിൽ ഏകദേശം 2,500 കണ്ടെയ്‌നറുകളുണ്ടായിരുന്നുവെന്നാണ് വിവിധ റിപ്പോർട്ടുകൾ പറയുന്നത്. ഐഫോണുകളും വിലകൂടിയ പെർഫ്യൂമുകളും ഉൾപ്പെടെയുള്ള സാധനങ്ങൾ കടലിൽ ഒഴുകിനടക്കുന്നതാണ് വൈറൽ ദൃശ്യങ്ങളിൽ കാണാണെന്നും റിപ്പോർട്ടിൽ പറയുന്നു. അപകടവിവരം അറിഞ്ഞ് സാധനങ്ങൾ ശേഖരിക്കാൻ കടലിലേക്ക് പുറപ്പെടുകയാണെന്ന് ഒരാൾ വീഡിയോയിൽ പറയുന്നതും ശ്രദ്ധേയമാണ്.

Scroll to load tweet…

വ്യത്യസ്ത കാരണങ്ങൾ

അതേസമയം, കപ്പൽ മുങ്ങിയതിന്‍റെ കാരണത്തെക്കുറിച്ച് വ്യത്യസ്ത വിശദീകരണങ്ങളുണ്ട്. നാവിക മൈനിൽ തട്ടിയാണ് കപ്പൽ മുങ്ങിയതെന്ന് ഇറാന്‍റെ റെവല്യൂഷണറി ഗാർഡ്സ് അവകാശപ്പെട്ടപ്പോൾ, കപ്പലിന് നേരെ അജ്ഞാത പ്രൊജക്ടൈൽ ആക്രമണമുണ്ടായെന്നാണ് സിംഗപ്പൂർ അധികൃതരുടെ വിശദീകരണം. ഹോർമുസ് കടലിടുക്കിൽ വാണിജ്യക്കപ്പലുകൾക്കുനേരെയുള്ള ആക്രമണങ്ങൾ വർധിക്കുന്ന സാഹചര്യത്തിലാണ് സംഭവം. ആഗോള എണ്ണ-വാതക വിതരണത്തിന് നിർണായകമായ ഈ സമുദ്രപാതയിലെ സംഘർഷം കപ്പൽഗതാഗത സുരക്ഷയെക്കുറിച്ചുള്ള ആശങ്കകളും വർധിപ്പിക്കുന്നു.