ട്രൂത്ത് ആൻഡ് ഡെയർ ഗെയിമിനിടെ ഭാര്യ അവന്തികയോട് വളർത്തുനായയുടെ പാത്രത്തിൽ നിന്ന് വെള്ളം കുടിക്കാൻ യൂട്യൂബർ സൗരവ് ജോഷി ആവശ്യപ്പെട്ടത് വലിയ വിവാദമായി. വിനോദത്തിന് വേണ്ടി ഭാര്യയെ അപമാനിച്ചുവെന്ന് കാണിച്ച് സോഷ്യൽ മീഡിയയിൽ രൂക്ഷ വിമർശനമാണ് ഉയർന്നത്. എന്നാൽ പാത്രം ശുദ്ധമായിരുന്നുവെന്നും നായയെ കുടുംബാംഗത്തെപ്പോലെയാണ് കാണുന്നതെന്നുമാണ് സൗരവിന്റെ വിശദീകരണം
ഭാര്യ അവന്തിക ഭട്ടിനോട് വളർത്തുനായയുടെ പാത്രത്തിൽ നിന്ന് വെള്ളം കുടിക്കാൻ ആവശ്യപ്പെട്ട സംഭവത്തിൽ യൂട്യൂബർ സൗരവ് ജോഷിക്കെതിരെ നെറ്റിസെൺസിന്റെ രൂക്ഷ വിമർശനം. കുടുംബത്തോടൊപ്പം നടത്തിയ ട്രൂത്ത് ആൻഡ് ഡെയർ ഗെയിമിനിടെ നടന്ന സംഭവം സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെയാണ് വിവാദം ശക്തമായത്.
വളർത്തുനായയുടെ പാത്രത്തിൽ നിന്നും വെള്ളം കുടിക്കണം
ഒക്ടോബർ 13 -ന് പങ്കുവച്ച ‘Truth and Dare Part 2’ എന്ന വ്ലോഗിലാണ് സംഭവം. വളർത്തുനായ ഓറിയോ വെള്ളം കുടിക്കുന്ന പാത്രത്തിൽ നിന്ന് വെള്ളം കുടിക്കണമെന്നായിരുന്നു സൗരവ് ഭാര്യയ്ക്ക് നൽകിയ വെല്ലുവിളി. ആദ്യം അത്ഭുതവും മടിയും പ്രകടിപ്പിച്ച അവന്തിക, താൻ അത് ചെയ്യില്ലെന്ന് വ്യക്തമാക്കിയെങ്കിലും സൗരവ് നിർബന്ധം തുടരുകയായിരുന്നു. ഒരു കവിൾ മാത്രം കുടിച്ചാൽ മതിയെന്നും വെള്ളം ശുദ്ധമാണെന്നും പറഞ്ഞതോടെ അവന്തിക ഒടുവിൽ വെല്ലുവിളി പൂർത്തിയാക്കി. മക്കളുടെയും മറ്റ് കുടുംബാംഗങ്ങളുടെയും മുന്നിൽ വച്ചായിരുന്നു ഈ വിചിത്രമായ കാര്യം സൗരവ് ആവശ്യപ്പെട്ടത്.
വീഡിയോയുടെ ദൃശ്യങ്ങൾ റെഡ്ഡിറ്റ് ഉൾപ്പെടെയുള്ള സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചു. വെറും വിനോദത്തിന് വേണ്ടി ഭാര്യയെ അപമാനിക്കുന്ന തരത്തിലുള്ള വെല്ലുവിളികൾ അവതരിപ്പിക്കുന്നത് ശരിയാണോയെന്ന ചോദ്യമാണ് നിരവധി പേർ ഉയർത്തിയത്. സംഭവം ആസൂത്രിതമായിരുന്നാലും ഇത്തരം പ്രവൃത്തികൾ സാധാരണവൽക്കരിക്കുന്നത് ആശങ്കാജനകമാണെന്നും ചിലർ അഭിപ്രായപ്പെട്ടു.
വിർശനത്തിന് പിന്നാലെ വിശദീകരണം
വിമർശനം ശക്തമായതോടെ മറ്റൊരു വ്ലോഗിലൂടെ സൗരവ് വിശദീകരണവുമായി രംഗത്തെത്തി. നായയുടെ പാത്രം നന്നായി കഴുകിയിരുന്നെന്നും അതിൽ ഒഴിച്ച വെള്ളം ശുദ്ധമായിരുന്നെന്നും സൗരവ് അവകാശപ്പെട്ടു. കുടുംബാംഗത്തെപ്പോലെയാണ് വളർത്തുനായയെ കാണുന്നതെന്നും നായയുമായി ഭക്ഷണവും പാത്രങ്ങളും പങ്കിടുന്നതിൽ തനിക്ക് പ്രശ്നമില്ലെന്നും സൗരവ് അവകാശപ്പെട്ടു. അതേസമയം ഭാവിയിൽ ഇതിലും കടുപ്പമുള്ള വെല്ലുവിളികൾ നൽകുമെന്നും അയാൾ കൂട്ടിച്ചേർത്തു. സൗരവിന്റെ വിശദീകരണത്തിന് ശേഷവും സമൂഹ മാധ്യമങ്ങളിൽ വിമർശനം തുടരുകയാണ്.


