വീഡിയോയിൽ ഇസബെല്ല കടുവക്കുഞ്ഞുങ്ങളെ മുലയൂട്ടുന്നതും അവയ്ക്കൊപ്പം കളിക്കുന്നതും അവയെ വീക്ഷിക്കുന്നതും ഒക്കെ കാണാം. അതുപോലെ അവ വലുതായിട്ടുള്ള ദൃശ്യങ്ങളും വീഡിയോയിൽ കാണാൻ സാധിക്കും. 

മൃ​ഗങ്ങൾക്കിടയിലും വളരെ മനോഹരമായ ചില ബന്ധങ്ങളുണ്ട്. നമുക്ക് അവിശ്വസനീയം എന്നുപോലും തോന്നാവുന്നത്ര വ്യത്യസ്തവും മനോഹരവുമായ ബന്ധങ്ങൾ. അതുപോലെ ഒരു ബന്ധമാണ് ഈ ​ഗോൾഡൻ റിട്രീവറും കടുവക്കുഞ്ഞുങ്ങളും തമ്മിലുള്ളത്. അമ്മ നഷ്ടപ്പെട്ട കടുവക്കുഞ്ഞുങ്ങൾക്ക് അമ്മയായി മാറുകയായിരുന്നു ഈ നായ. 

നായ കടുവക്കുഞ്ഞുങ്ങളെ മുലയൂട്ടുന്നതിന്റെയും അവയെ കുഞ്ഞുങ്ങളെ പോലെ നോക്കുന്നതിന്റെയും വീഡിയോ ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുകയാണ്. വീഡിയോയിൽ ഉള്ളത് ഇസബെല്ല എന്ന നായയാണ്. ഈ കടുവക്കുഞ്ഞുങ്ങളുടെ അമ്മ അവയ്ക്ക് ജന്മം നൽകിയ ഉടനെ ചത്തുപോയതാണ്. പിന്നീട്, യുഎസ്‍എയിലെ കൻസാസിലെ ഒരു മൃ​ഗശാലയിലേക്ക് ഇവയെ മാറ്റി. മൃ​ഗശാലയിലെ ഒരു പരിചാരകന്റേതായിരുന്നു ഇസബെല്ല എന്ന നായ. 

തീരെ കുഞ്ഞുങ്ങളായിരിക്കുമ്പോൾ മൃ​ഗശാലയിലെത്തിയ കടുവക്കുഞ്ഞുങ്ങൾക്ക് മുലപ്പാൽ നൽകിയതും ഇസബെല്ലയാണ്. ഇസബെല്ല അവയെ സ്വന്തം കുഞ്ഞുങ്ങളെ പോലെ തന്നെയാണ് കണ്ടത്. കടുവക്കുഞ്ഞുങ്ങൾക്കാകട്ടെ ശരിക്കും അമ്മ തന്നെയായിരുന്നു ഇസബെല്ല. ഈ വീഡിയോയിൽ നിന്നുതന്നെ അത് വ്യക്തവുമാണ്. 

എന്തായാലും, കടുവക്കുഞ്ഞുങ്ങൾ വളർന്നു. എന്നാൽ, ഇതൊന്നും തന്നെ തങ്ങളുടെ വളർത്തമ്മയായ ഇസബെല്ലയോടുള്ള അവയുടെ പെരുമാറ്റത്തിൽ മാറ്റം വരുത്തിയില്ലത്രെ. വളർന്നപ്പോഴും അവ അമ്മയെ പോലെ തന്നെയാണ് ഇസബെല്ലയെ കണ്ടത് എന്നും റിപ്പോർട്ടുകൾ പറയുന്നു. 

View post on Instagram

വളരെ പെട്ടെന്നാണ് വീഡിയോ സോഷ്യൽ മീഡിയയുടെ ശ്രദ്ധയാകർഷിച്ചത്. വീഡിയോയിൽ ഇസബെല്ല കടുവക്കുഞ്ഞുങ്ങളെ മുലയൂട്ടുന്നതും അവയ്ക്കൊപ്പം കളിക്കുന്നതും അവയെ വീക്ഷിക്കുന്നതും ഒക്കെ കാണാം. അതുപോലെ അവ വലുതായിട്ടുള്ള ദൃശ്യങ്ങളും വീഡിയോയിൽ കാണാൻ സാധിക്കും. 

നിരവധിപ്പേർ വീഡിയോ ഇഷ്ടമായി എന്ന് വീഡിയോയ്ക്ക് കമന്റ് നൽകി. അപൂർവം ചിലർ നായയെ കൊണ്ട് കടുവക്കുഞ്ഞുങ്ങളെ മുലയൂട്ടിക്കുന്നത് ക്രൂരതയല്ലേ എന്ന് ചോദിച്ചിട്ടുണ്ട്.