ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിച്ച് 'ഗെയിം ഓഫ് ത്രോൺസി'ലെ ദുരന്ത നിമിഷങ്ങൾ തിരുത്തിയെഴുതുന്ന വീഡിയോ പങ്കുവച്ച് കണ്ടന്റ് ക്രിയേറ്ററായ ഹകം കിക്കി. ഏറ്റെടുത്ത് ആരാധകര്‍.

എട്ടു വർഷം നീണ്ടുനിന്ന ഗെയിം ഓഫ് ത്രോൺസ് (GoT) പരമ്പരയിൽ തങ്ങളുടെ പ്രിയപ്പെട്ട കഥാപാത്രങ്ങൾ ദാരുണമായി കൊല്ലപ്പെടുന്നത് കണ്ട് വിങ്ങിപ്പൊട്ടിയ ആരാധകർക്ക് ആശ്വാസമായി ഒരു എഐ (AI) വീഡിയോ. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിച്ച് വെസ്റ്ററോസിന്റെ ചരിത്രം തിരുത്തിക്കുറിച്ചിരിക്കുകയാണ് പ്രമുഖ കണ്ടന്റ് ക്രിയേറ്ററായ ഹകം കിക്കി. ഷോയിലെ ഏറ്റവും ക്രൂരവും വേദനാജനകവുമായ രംഗങ്ങളിൽ നേരിട്ട് ഇടപെട്ട് 'നല്ലവരായ' കഥാപാത്രങ്ങളെ രക്ഷിക്കുന്ന രീതിയിലാണ് കിക്കി ഈ വീഡിയോ തയ്യാറാക്കിയിരിക്കുന്നത്. 'ഗെയിം ഓഫ് ത്രോൺസിലെ പ്രശ്നങ്ങൾ ഞാൻ പരിഹരിച്ചു' എന്ന കുറിപ്പോടെ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച വീഡിയോ നിമിഷങ്ങൾക്കകമാണ് ആഗോളതലത്തിൽ ശ്രദ്ധിക്കപ്പെട്ടത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

രണ്ട് മിനിറ്റ് ദൈർഘ്യമുള്ള വീഡിയോയിൽ, ആധുനിക വസ്ത്രധാരണത്തോടെ കഥാപരിസരങ്ങളിലേക്ക് കടന്നുചെല്ലുന്ന കിക്കി ആരാധകരുടെ ഹൃദയം തകർത്ത പല നിമിഷങ്ങളും മാറ്റിമറിക്കുന്നു. വിന്റർഫെൽ ഗോപുരത്തിന് മുകളിൽ നിന്നും വീഴുന്ന ബ്രാൻ സ്റ്റാർക്കിനെ താഴെ വീഴാതെ പിടിച്ചുനിർത്തുന്നതിലൂടെ അവന് സംഭവിക്കുന്ന അപകടം ഒഴിവാക്കുന്നു. വധശിക്ഷ നടപ്പാക്കുന്നതിന് തൊട്ടുമുമ്പ് നെഡ് സ്റ്റാർക്കിനെ വാളിന് മുന്നിൽ നിന്നും മാറ്റുന്നു. ആരാധകർ വെറുക്കുന്ന ജോഫ്രി ബറാത്തിയോണിനെ തല്ലുന്നതും, 'ദി മൗണ്ടൻ' ഗ്രിഗർ ക്ലീഗെയ്‌നെ നിലത്തിട്ട് ചവിട്ടുന്നതും വീഡിയോയിലുണ്ട്. തകർന്നുപോയ ഒബെറിൻ മാർട്ടലിനെ ആലിംഗനം ചെയ്യുന്നതിലൂടെ ആ ദുരന്ത രംഗത്തിനും കിക്കി അറുതി വരുത്തുന്നു.

View post on Instagram

65 ലക്ഷത്തിലധികം കാഴ്ചക്കാരുമായി കുതിക്കുന്ന വീഡിയോയ്ക്ക് താഴെ വികാരാധീനമായ കമന്റുകളാണ് ആരാധകർ രേഖപ്പെടുത്തുന്നത്. 'എന്റെ ഉള്ളിലെ ഉണങ്ങാത്ത ഒരു മുറിവാണ് നിങ്ങൾ സുഖപ്പെടുത്തിയത്' എന്ന് ഒരു ആരാധകൻ കുറിച്ചു. മുമ്പും പല ക്രിയേറ്റർമാരും എഐ ഉപയോഗിച്ച് ദൃശ്യങ്ങൾ പുനർനിർമ്മിച്ചിട്ടുണ്ടെങ്കിലും, ഒറിജിനൽ അഭിനേതാക്കളുടെ പ്രകടനം നിലനിർത്തിക്കൊണ്ട് കിക്കി നടത്തിയ എഡിറ്റിംഗ് അത്ഭുതപ്പെടുത്തുന്ന സ്വാഭാവികതയാണ് നൽകുന്നത്. ആരാധകർ ആഗ്രഹിച്ച ഒരു ബദൽ ലോകം എഐയിലൂടെ സാധ്യമാകുമെന്ന് തെളിയിച്ചിരിക്കുകയാണ് ഈ യുവ ക്രിയേറ്റർ.