മധ്യപ്രദേശിലെ ജബൽപൂരിൽ പാകിസ്ഥാൻ സ്വദേശിയാണെന്ന് അവകാശപ്പെട്ട് ഒരു യുവാവ് പിടിയിലായി. എന്നാൽ പോലീസ് നടത്തിയ അന്വേഷണത്തിൽ ഇയാൾ ഉത്തർപ്രദേശ് സ്വദേശിയായ ശിവം പാഠക് ആണെന്ന് കണ്ടെത്തി. ഇയാൾക്ക് മാനസിക പ്രശ്നങ്ങളുണ്ടെന്ന് കുടുംബം പോലീസിനെ അറിയിച്ചു.

മധ്യപ്രദേശിലെ ജബൽപൂരിൽ പാകിസ്ഥാൻ സ്വദേശിയാണെന്ന് അവകാശപ്പെട്ട യുവാവിനെ ചുറ്റിപ്പറ്റി ആശങ്കയും അഭ്യൂഹങ്ങളും പടർന്നത് കൊടുങ്കാറ്റിന്‍റെ വേഗത്തിൽ. ഒടുവിൽ പോലീസെത്തി ചോദ്യം ചെയ്തപ്പോൾ തെളിഞ്ഞത് മറ്റൊന്ന്. പാകിസ്ഥാനിലെ റാവൽപിണ്ടിയിൽ നിന്നെത്തിയ ‘ഹാമിദ് അൻസാരി’ എന്ന് സ്വയം പരിചയപ്പെടുത്തിയ യുവാവ് യഥാർഥത്തിൽ ഉത്തർപ്രദേശ് സ്വദേശിയായ ശിവം പാഠക് ആണെന്ന് പോലീസ് സ്ഥിരീകരിച്ചു.

'പാകിസ്ഥാനി, അതിർത്തി കടന്ന് നടന്നെത്തി'!

ജബൽപൂരിലെ റാഞ്ചി പോലീസ് സ്റ്റേഷൻ പരിധിയിലുള്ള വൈദ്യനാഥൻ നഗറിലാണ് സംഭവം. സംശയാസ്പദമായി ഒരാൾ പ്രദേശത്ത് ചുറ്റിക്കറങ്ങുന്നത് ശ്രദ്ധയിൽപ്പെട്ടതോടെ നാട്ടുകാർ ഇയാളെ ചോദ്യം ചെയ്തു. 27കാരനായ ഇയാൾ താൻ പാകിസ്ഥാൻ സ്വദേശിയായ ഹാമിദ് അൻസാരിയാണെന്നും അട്ടാരി അതിർത്തിയിലൂടെ കാൽനടയായി ഇന്ത്യയിലെത്തിയതാണെന്നും അവകാശപ്പെട്ടെന്ന് റിപ്പോർട്ടുകൾ പറയുന്നു. വൈദ്യനാഥൻ നഗറിനടുത്ത് പ്രധാന സുരക്ഷാ സ്ഥാപനങ്ങൾ ഉള്ളതിനാൽ യുവാവിന്‍റെ അവകാശവാദം നാട്ടുകാരിൽ വലിയ ആശങ്കയാണ് ഉണ്ടാക്കിയത്.

Scroll to load tweet…

ചോദ്യം ചെയ്ത് നാട്ടുകാർ

യുവാവിന്‍റെ പ്രവർത്തി നാട്ടുകാരിൽ കൂടുതൽ സംശയങ്ങളുയർത്തി. പിന്നാലെ നാട്ടുകാർ യുവാവിനെ ചോദ്യം ചെയ്യുന്ന വീഡിയോകൾ സമൂഹ മാധ്യമങ്ങളിൽ വൈറലായി. ഇതോടെയാണ് റാഞ്ചി പോലീസ് സ്ഥലത്തെത്തിയത്. പോലീസ് ഇയാളെ കസ്റ്റഡിയിൽ എടുത്ത് വിശദമായി ചോദ്യം ചെയ്തു. തുടർന്ന് ഹർദോയ് ജില്ലയിലെ ഗൗസഗഞ്ച് സ്വദേശിയായ ശിവം പാഠകാണ് ഇയാളെന്ന് സ്ഥിരീകരിച്ചു. ഇയാളുടെ സ്വദേശം കസിംപൂർ പോലീസ് സ്റ്റേഷൻ പരിധിയിലാണെന്നും പോലീസ് വ്യക്തമാക്കി.

മാനസിക പ്രശ്നമുണ്ടെന്ന് കുടുംബം

പോലീസ് കുടുംബവുമായി ബന്ധപ്പെട്ടതോടെ കൂടുതൽ വിവരങ്ങളും പുറത്തുവന്നു. ശിവത്തിന്‍റെ പിതാവ് ഉദയകാന്ത് പാഠക് ബിഎസ്എൻഎൽ ജൂനിയർ എൻജിനീയറായി റിട്ടയർ ചെയ്ത ആളാണ്. ശിവത്തിന്‍റെ മാനസികനില സ്ഥിരമല്ലെന്നും ഇയാൾ പലപ്പോഴും ആരോടും പറയാതെ വീട്ടിൽനിന്ന് പോകാറുണ്ടെന്നും കുടുംബം പോലീസിനോട് പറഞ്ഞു. കഴിഞ്ഞ മാസം സമാനമായ സംഭവത്തിന് പിന്നാലെ രാജസ്ഥാനിൽനിന്ന് ഇയാളെ വീട്ടിലെത്തിച്ചിരുന്നതായും കുടുംബം പോലീസിനോട് പറഞ്ഞതായി റിപ്പോർട്ടുകൾ പറയുന്നു.