കാൺപൂരിൽ റണ്ണർമാരുടെ സംഘത്തിനൊപ്പം 38 കിലോമീറ്ററോളം ഓടിയ ഒരു തെരുവുനായ സമൂഹ മാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്. ഇന്ത്യൻ ബാഡ്മിന്‍റൺ താരം പ്രഥം സിങ് പങ്കുവെച്ച വീഡിയോയിലൂടെയാണ് 'പില്ലു ഗോഗിൻസ്' എന്ന് വിളിക്കുന്ന ഈ നായയുടെ അതിശയിപ്പിക്കുന്ന ഓട്ടം പുറത്തുവന്നത്. ഓട്ടത്തിന് ശേഷം നായ സുരക്ഷിതമായി തിരിച്ചെത്തിയെന്നും അദ്ദേഹം വ്യക്തമാക്കി.

കാൻപൂരിൽ റണ്ണർമാരുടെ സംഘത്തിനൊപ്പം ഓടാനെത്തിയ ഒരു തെരുവുനായ ഇപ്പോൾ സമൂഹ മാധ്യമത്തിലെ താരമാണ്. ‘പില്ലു ഗോഗിൻസ്’ എന്ന് റണ്ണർമാർ സ്നേഹത്തോടെ വിളിക്കുന്ന ഈ നായ, മണിക്കൂറുകളോളം സംഘത്തിനൊപ്പം ഓടി ഏകദേശം 38 കിലോമീറ്റർ ദൂരം പിന്നിട്ടതാണ് വൈറലായ വീഡിയോയ്ക്ക് പിന്നിലെ കഥ.

പില്ലു ഓടിയത് 38 കിലോമീറ്റർ

ഇന്ത്യൻ ബാഡ്മിന്‍റൺ താരം പ്രഥം സിങ് ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വീഡിയോയിലാണ് പില്ലുവിന്‍റെ അതിശയിപ്പിക്കുന്ന ഓട്ടം കാണുക. വീഡിയോയിലെ വിവരമനുസരിച്ച്, സംഘത്തിന്‍റെ മൊത്തം ഓട്ടം 43.87 കിലോമീറ്ററായിരുന്നു. 6:53 മിനിറ്റ്/കിലോമീറ്റർ വേഗത്തിൽ 5 മണിക്കൂർ 2 മിനിറ്റായിരുന്നു ഓട്ടത്തിന്‍റെ ദൈർഘ്യം. ഇതിൽ ഏകദേശം 38 കിലോമീറ്ററോളം പില്ലുവും സംഘത്തിനൊപ്പം ഓടി.

View post on Instagram
 

ആദ്യഘട്ടത്തിൽ 8, 16, 18 കിലോമീറ്റർ പിന്നിട്ടപ്പോഴും പില്ലു റണ്ണർമാരെ വിട്ടുപോയില്ല. 21 കിലോമീറ്റർ പൂർത്തിയാക്കിയപ്പോഴും അവർക്കൊപ്പം ഓട്ടം തുടരുകയായിരുന്നു. സംഘത്തിന് ഇനിയും 20–21 കിലോമീറ്റർ പോകാനുണ്ടായിരുന്ന സമയത്ത് പില്ലു വിശ്രമിക്കുകയും ചെയ്തു. ഓട്ടത്തിനിടെ പില്ലു വെള്ളം കുടിക്കുന്നതും ഇടയ്ക്കിടെ വിശ്രമിക്കുന്നതും വീഡിയോയിൽ കാണാം.

പേടിക്കേണ്ട പില്ലു തിരിച്ചെത്തി!

കൽയാൺപുർ ഭാഗത്തെത്തിയപ്പോൾ ഒരു ഘട്ടത്തിൽ പില്ലുവിനെ കാണാതായെങ്കിലും റണ്ണർമാർ അന്വേഷിച്ച് കണ്ടെത്തി. വീണ്ടും വെള്ളം കുടിച്ച് വിശ്രമിച്ച ശേഷം അവൾ സംഘത്തിനൊപ്പം ഓട്ടം തുടർന്നു. വീഡിയോ വൈറലായതോടെ പില്ലുവിന്‍റെ ആരോഗ്യവും സുരക്ഷയും ഉറപ്പാക്കണമെന്ന് നിരവധി പേർ ആവശ്യപ്പെട്ടു. ഭക്ഷണവും വെള്ളവും നൽകണമെന്നും, കഴിയുമെങ്കിൽ ദത്തെടുക്കണമെന്നും ചിലർ കുറിച്ചു. എന്നാൽ, പില്ലുവിനെക്കുറിച്ച് ആശങ്കപ്പെടേണ്ടതില്ലെന്നാണ് പ്രഥം പിന്നീട് വ്യക്തമാക്കിയത്. തന്‍റെ വീടിന് സമീപമാണ് പില്ലു താമസിക്കുന്നതെന്നും അവിടെ നിന്നാണ് ഓട്ടം ആരംഭിച്ചതെന്നും ഒടുവിൽ വീട്ടിനടുത്തുതന്നെ തിരിച്ചെത്തിയെന്നും അദ്ദേഹം പറഞ്ഞു.