ജാർഖണ്ഡിൽ നിന്നുള്ള സാധാരണ കർഷകനായ നിഷാന്ത് കെർക്കെട്ടയുടെ ഫാഷൻ റീൽസുകൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നു. ഗ്രാമീണ പശ്ചാത്തലത്തിൽ നിന്നുള്ള അദ്ദേഹത്തിന്‍റെ അപ്രതീക്ഷിത മേക്കോവറുകൾ ബോളിവുഡ് താരങ്ങളുടെ വരെ ശ്രദ്ധ പിടിച്ചുപറ്റി. 'ഓറ ഫാർമർ' എന്നറിയപ്പെടുന്ന ഇദ്ദേഹത്തിന്റെ വീഡിയോകൾക്ക് കോടിക്കണക്കിന് കാഴ്ചക്കാരാണുള്ളത്.

പാടത്ത് കൃഷിപ്പണിയെടുക്കുന്ന സാധാരണ കർഷകൻ, നിമിഷങ്ങൾക്കുള്ളിൽ സ്റ്റൈലിഷ് ഫാഷൻ മോഡലായി മാറുന്നു! ജാർഖണ്ഡിൽ നിന്നുള്ള നിഷാന്ത് കെർക്കെട്ടയുടെ ഫാഷൻ റീൽസുകളാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്. ഗ്രാമീണ ജീവിതവും ഫാഷനും സമന്വയിപ്പിച്ചുള്ള അദ്ദേഹത്തിന്‍റെ വീഡിയോകൾക്ക് വൻ സ്വീകാര്യതയാണ് ലഭിക്കുന്നത്. ഒരു റീൽ മാത്രം 1.14 കോടി കാഴ്ചകൾ പിന്നിട്ടതോടെ നിഷാന്തിന്‍റെ സ്റ്റൈൽ ഇന്‍റർനെറ്റിൽ വലിയ ചർച്ചയായിരിക്കുകയാണ്.

അടിമുടി മാറുന്ന കർഷകൻ!

ജാർഖണ്ഡിലെ സിംദേഗ ജില്ലയിലെ അഘർമ ഗ്രാമത്തിൽ നിന്നുള്ള നിഷാന്ത്, കർഷകനും ഫിറ്റ്നസ് പ്രേമിയുമാണ്. വിലകൂടിയ സ്റ്റുഡിയോകളോ പ്രൊഫഷണൽ പശ്ചാത്തലങ്ങളോ ഉപയോഗിക്കാതെ, സ്വന്തം കൃഷിയിടങ്ങളും ഗ്രാമത്തിലെ വീടുകളും റോഡുകളും മരങ്ങളും നദീതീരങ്ങളുമാണ് അദ്ദേഹം ഫാഷൻ വീഡിയോകൾക്കായി തെരഞ്ഞെടുക്കുന്നത്. വൈറലായ റീലിന്‍റെ തുടക്കത്തിൽ ചളിനിറഞ്ഞ പാടത്തിലൂടെ നഗ്നപാദനായി നടക്കുന്ന നിഷാന്തിനെ കാണാം. വിത്ത് വിതയ്ക്കാനുള്ള കൊട്ട അദ്ദേഹത്തിന്‍റെ കൈയിലുണ്ട്. ഗ്രേ ഷോർട്സ് ധരിച്ചുള്ള ഈ സാധാരണ കർഷകന്‍റെ രൂപം പെട്ടെന്ന് മാറുന്നു. പൗഡർ ബ്ലൂ ഷർട്ട്, വൈഡ് ലെഗ് ട്രൗസർ, സൺഗ്ലാസ്, സ്വർണനിറത്തിലുള്ള വാച്ച് എന്നിവയണിഞ്ഞ് അദ്ദേഹം സ്റ്റൈലിഷ് ലുക്കിലെത്തുന്നു. തുടർന്ന് വെള്ള ഷർട്ടും വരകളുള്ള ടൈയും ജീൻസും കറുത്ത ഓവർകോട്ടും ബ്ലേസറും ഉൾപ്പെടുന്ന വ്യത്യസ്ത വേഷങ്ങളും അവതരിപ്പിക്കുന്നു. അവസാനം ജീൻസും ലൂസ് ഷർട്ടും ധരിച്ച കാഷ്വൽ ലുക്കിലാണ് വീഡിയോ അവസാനിക്കുന്നത്.

View post on Instagram
 

'ഓറ ഫാർമർ' എന്ന് നെറ്റിസെൺസ്

ഗ്രാമങ്ങളിൽ നിന്നുള്ള യുവാക്കൾക്ക് മികച്ച രീതിയിൽ വസ്ത്രം ധരിക്കാനാകില്ലെന്ന ധാരണയെ ചോദ്യം ചെയ്യുന്ന അദ്ദേഹത്തിന്‍റെ മറ്റൊരു റീലും വലിയ ശ്രദ്ധനേടിയിരുന്നു. വെള്ള ഷർട്ട്, ഇളംനീല ഡെനിം, പ്രിന്‍റഡ് ടൈ, ബൂട്ട്‌സ്, നീളൻ കോട്ട് എന്നിവയാണ് ആ റീലിലെ വേഷം. ഓവർസൈസ് ഷർട്ടുകൾ, ലൂസ് ട്രൗസറുകൾ, നീളൻ കോട്ടുകൾ, വെള്ള, കറുപ്പ്, ചാരനിറം, ഫേഡഡ് ഡെനിം തുടങ്ങിയ നിറങ്ങൾ എന്നിവയാണ് നിഷാന്തിന്‍റെ ഫാഷൻ ശൈലിയുടെ പ്രധാന പ്രത്യേകത. ഗ്രാമീണ പശ്ചാത്തലത്തിൽ നിന്നുള്ള അദ്ദേഹത്തിന്‍റെ അപ്രതീക്ഷിത മേക്കോവറുകൾ ആരാധകർക്കിടയിൽ 'ഓറ ഫാർമർ' എന്ന വിളിപ്പേരിന് കാരണമായി.

ആരാധകരായി ബോളിവുഡ് താരങ്ങൾ വരെ

ഇൻസ്റ്റഗ്രാമിൽ 41,000 -ത്തിലധികം ഫോളോവേഴ്‌സുള്ള നിഷാന്തിന്‍റെ വീഡിയോകൾ ബോളിവുഡ് താരങ്ങളുടെ വരെ ശ്രദ്ധ പിടിച്ചുപറ്റി. നടി ഭൂമി പെഡ്നേക്കർ 'ക്യാ ബാത്ത് ഹേ' എന്ന് കുറിച്ചപ്പോൾ ഷിബാനി ദണ്ഡേക്കറും അനുഷ ദണ്ഡേക്കറും അദ്ദേഹത്തിന്‍റെ ഫാഷൻ സെൻസിനെ പ്രശംസിച്ചു. കൃഷിയും ഫിറ്റ്നസും ഫാഷനും ഒരുമിപ്പിക്കുന്ന നിഷാന്തിന്‍റെ വീഡിയോകൾ തെളിയിക്കുന്നത് സ്റ്റൈലിന് നഗരമെന്നോ ഗ്രാമമെന്നോ അതിരുകളില്ലെന്നാണ്.