Asianet News MalayalamAsianet News Malayalam

വാഷിംഗ് മെഷീനിനുള്ളിൽ പത്തിവിടർത്തി രാജവെമ്പാല, പേടിച്ചോടി വീട്ടുടമ

വാഷിംഗ് മെഷീനുള്ളിൽ പത്തി വിടർത്തി ആക്രമിക്കാനായി ഒരുങ്ങി നിൽക്കുന്ന രാജവെമ്പാലയെ ആണ്. അഞ്ചടിയോളം വലിപ്പമാണ് ഈ പാമ്പിന് ഉണ്ടായിരുന്നത്.

king cobra in washing machine video
Author
First Published Aug 23, 2024, 4:19 PM IST | Last Updated Aug 23, 2024, 4:19 PM IST

രാജസ്ഥാനിൽ വീടിനുള്ളിൽ സൂക്ഷിച്ചിരുന്ന വാഷിംഗ് മെഷീനിനുള്ളിൽ രാജവെമ്പാലയെ കണ്ടെത്തി. അഞ്ചടി വലിപ്പമുള്ള പാമ്പിനെയാണ് വീട്ടുകാർ വാഷിംഗ് മെഷീനുള്ളിൽ കണ്ടത്. വീട്ടുടമ തുണി അലക്കുന്നതിനായി മെഷീനരികിൽ എത്തിയപ്പോഴാണ് പാമ്പിനെ കണ്ടത്. ഇന്ത്യ ടുഡേ റിപ്പോർട്ട് പ്രകാരം കോട്ടയിലെ സ്വാമി വിവേകാനന്ദ് നഗറിലെ ശംഭുദയാലിൻ്റെ വീട്ടിലാണ് സംഭവം. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.

വീട്ടുടമയായ ശംഭു ദയാൽ അലക്കുവാനുള്ള തുണിയുമായി വാഷിംഗ് മെഷീനരികിൽ എത്തിയപ്പോഴാണ് മെഷീനുള്ളിൽ ചുരുണ്ടുകൂടി കിടക്കുന്ന രാജവെമ്പാലയെ കണ്ടെത്തിയത്. പാമ്പിനെ കണ്ടതും ഇയാൾ പെട്ടെന്ന് പിന്നോട്ടു മാറിയതിനാൽ ആക്രമണത്തിൽ നിന്നും രക്ഷപ്പെട്ടു. ഉടൻതന്നെ ഇദ്ദേഹം നാട്ടിലെ പാമ്പുപിടുത്തക്കാരൻ്റെ സഹായം തേടുകയായിരുന്നു.

സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങളിൽ കാണുന്നത് വാഷിംഗ് മെഷീനുള്ളിൽ പത്തി വിടർത്തി ആക്രമിക്കാനായി ഒരുങ്ങി നിൽക്കുന്ന രാജവെമ്പാലയെ ആണ്. അഞ്ചടിയോളം വലിപ്പമാണ് ഈ പാമ്പിന് ഉണ്ടായിരുന്നത്. വാഷിംഗ് മെഷീന് മൂടി ഇല്ലാതിരുന്നതിനാലാണ് പാമ്പ് അകത്തു വീഴാൻ കാരണമായത്. മെഷീനുള്ളിൽ അകപ്പെട്ടുപോയ പാമ്പിന് പിന്നീട് പുറത്തേക്ക് കടക്കാൻ കഴിയാതെ വരികയായിരുന്നു.

മെഷീനുള്ളിൽ നിന്നും പാമ്പിനെ പിടികൂടി ജനവാസ മേഖലയിൽ നിന്നും ഏറെ ദൂരെയുള്ള ലാഡ്‌പുര വനത്തിൽ വിട്ടയച്ചതായി പാമ്പുപിടുത്തക്കാരൻ പറഞ്ഞു. പാമ്പുകൾ പ്രധാനമായും ഇര തേടിയാണ് മനുഷ്യവാസമുള്ള പ്രദേശങ്ങളിൽ എത്താറുള്ളത് എന്നും ഇദ്ദേഹം പറഞ്ഞു. മഴക്കാലമായതുകൊണ്ടുതന്നെ പല പ്രദേശങ്ങളും വെള്ളക്കെട്ടിൽ ആയിരിക്കുമെന്നും അദ്ദേഹം വിശദീകരിച്ചു. 

വിഷപ്പാമ്പുകളെ ജനവാസ മേഖലയിൽ കണ്ടെത്തിയാൽ  വേണ്ടത്ര മുൻകരുതലുകൾ ഇല്ലാതെ ആരും അവയെ പിടികൂടാൻ ശ്രമിക്കരുതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
 

Latest Videos
Follow Us:
Download App:
  • android
  • ios