പുള്ളിപ്പുലി സഫാരിക്ക് എത്തിയ വിനോദ സഞ്ചാരികളുടെ ബസിലേക്ക് വിൻഡോയിലൂടെ തലയിട്ട് പുള്ളിപ്പുലി. ജനലിൽ തൂങ്ങിക്കിടന്ന് അകത്തേക്ക് കയറാനും ശ്രമിക്കുന്ന പുള്ളിപ്പുലിയുടെ കാഴ്ചകൾ കർണാടകയിലെ ബെന്നർഘട്ട ബയോളജിക്കൽ പാർക്കിൽ നിന്നാണ്
ബെംഗളൂരു: സഫാരിക്കായി എത്തിയ മിനിബസിലേക്ക് ജനലിലൂടെ ചാടിക്കയറാൻ ശ്രമിച്ച് പുള്ളിപ്പുലി. കർണാടകയിലെ ബെന്നർഘട്ട ബയോളജിക്കൽ പാർക്കിൽ ഞായറാഴ്ച വൊകുന്നേരമാണ് സംഭവം. സഫാരി ബസിൽ നിരവധിപ്പേരുള്ളപ്പോഴാണ് സംഭവം. ബസിന്റെ പിൻഭാഗത്ത് എത്തിയ പുലി ബസിനുള്ളിലേക്ക് ജനലിലൂടെ വലിഞ്ഞ് കയറാൻ ശ്രമിക്കുന്നതും ബസിനെ ചുറ്റി സഞ്ചരിക്കുന്നതുമായ ദൃശ്യങ്ങൾ ഇതിനോടകം സമൂഹമാധ്യമങ്ങളിൽ വൈറലാണ്.
വിനോദ സഞ്ചാരികൾ പേടിച്ച് ബഹളം വയ്ക്കുന്നതും പുള്ളിപ്പുലി ബസിന്റെ വിൻഡേയിൽ തൂങ്ങി നിൽക്കാൻ ശ്രമിക്കുന്നതം വൈറലായ വീഡിയോയിൽ വ്യക്തമാണ്. എന്നാൽ സഫാരിക്കിടെ ഇത്തരം സംഭവങ്ങൾ പതിവാണെന്നാണ് ബന്നർഘട്ട ബയോളജിക്കൽ പാർക്ക് അധികൃതർ വിശദമാക്കുന്നത്. സംഭവത്തിൽ ആർക്കും പരിക്കില്ലെന്നും അധികൃതർ വിശദമാക്കുന്നത്. ചിലപ്പോഴൊക്കെ പുള്ളിപ്പുലികൾ സഫാരി വാഹനങ്ങളോട് രൂക്ഷമായി പെരുമാറാറുണ്ടെന്നാണ് ബന്നർഘട്ട ബയോളജിക്കൽ പാർക്ക് ഡെപ്യൂട്ടി കൺസർവേറ്റർ മാധ്യമങ്ങളോട് വിശദമാക്കിയത്.
മൃഗങ്ങളുടെ സ്വാഭാവികമായ രീതിയാണ് ഇതെന്നാണ് വിദഗ്ധർ വിശദമാക്കുന്നത്. കാറുകളുടേയും ജീപ്പുകളുടേയും മറ്റ് വാഹനങ്ങളേയും ഇവ പിന്തുടരുന്നത് സ്വാഭാവിക രീതിയാണ്. മൃഗങ്ങൾ സജീവമാകുമ്പോഴാണ് ഇത്തരം സംഭവങ്ങളുണ്ടാകുകയെന്നും വിദഗ്ധർ വിശദമാക്കുന്നു. ജൂൺ 6നാണ് ഇവിടെ പുള്ളിപ്പുലികളെ കാണാനുള്ള സഫാരി ആരംഭിച്ചത്. 19 പുള്ളിപ്പുലികളാണ് സഫാരി ആരംഭിച്ച സമയത്ത് പാർക്കിലുണ്ടായിരുന്നത്.
