ഭാരമുള്ള വലിയ ബാഗും തൂക്കി വളഞ്ഞ് കുത്തി പോകുന്ന കുട്ടികൾ നമ്മുടെ പതിവ് കാഴ്ചയാണ്. എന്നാല്‍ ഒരു പുസ്തകമോ എന്തിന് പെന്‍സില്‍ പോലും സ്കൂളില്‍ കൊണ്ട് പോകേണ്ടാത്ത ഒരു സ്ഥലമുണ്ട്.
സ്കൂൾ കാലം അടുത്തതോടെ കുട്ടികൾക്കായുള്ള ബാഗും മറ്റ് സാധനങ്ങളും ഒക്കെ വാങ്ങുന്ന തിരക്കിലായിരിക്കും രക്ഷിതാക്കൾ. പുസ്തകങ്ങളും മറ്റ് സാധനങ്ങൾ ഒക്കെ ഇട്ട് കഴിയുമ്പോൾ പൊട്ടിപ്പോകാത്തതും കീറി പോകാത്തതും ഒക്കെയായ ഉറപ്പുള്ള സ്കൂൾ ബാഗുകളാണ് സാധാരണയായി നമ്മുടെ നാട്ടിലെ രക്ഷിതാക്കൾ തെരഞ്ഞെടുക്കുക. എന്നാൽ ചൈനയിൽ താമസിക്കുന്ന ഇന്ത്യൻ വംശജയായ ഒരു സ്ത്രീ കഴിഞ്ഞ ദിവസം സമൂഹ മാധ്യമത്തില്‍ പങ്കുവെച്ച ഒരു വീഡിയോ തെല്ലൊന്നുമല്ല നെറ്റിസൺസിനെ അത്ഭുതപ്പെടുത്തിയത്. ലോകത്തിലെ ഏറ്റവും ഭാരം കുറഞ്ഞ സ്കൂൾ ബാഗ് ആയിരുന്നു ഈ യുവതി വീഡിയോയിൽ പരിചയപ്പെടുത്തിയത്.
സ്കൂൾ ബാഗിന്‍റെ ഭാരം കുറയാൻ കാരണം മറ്റൊന്നുമല്ല. ചൈനയിലെ വിദ്യാഭ്യാസ രീതി തന്നെയാണ്. വീഡിയോയിൽ, വാട്ടർപ്രൂഫ് ഡിസൈനുള്ള ഒരു സ്കൂൾ ബാഗാണ് ഈ അമ്മ പ്രദർശിപ്പിക്കുന്നത്. ബാഗ് തുറക്കുമ്പോൾ അതിനുള്ളിൽ ആകെ ഉള്ളത് കുറച്ച് ആവശ്യ വസ്ത്രങ്ങൾ മാത്രമാണ്. രണ്ട് ജോഡി ടി-ഷർട്ടുകൾ, ഒരു ജോഡി ഷോർട്ട്സ്, ഒരു ജോഡി ട്രൗസർ എന്നിങ്ങനെ ഏതാനും വസ്ത്രങ്ങൾ. ബാഗിനുള്ളിൽ പുസ്തകങ്ങളോ നോട്ട്ബുക്കുകളോ ലഞ്ച് ബോക്സോ വാട്ടർ ബോട്ടിലോ ഒന്നുമില്ല.
നമ്മുടെ നാട്ടിലെ വിദ്യാർത്ഥികൾ കൊണ്ടുപോകുന്ന ഭാരമേറിയ ബാഗുകളിൽ നിന്നും തികച്ചും വ്യത്യസ്തമായ ഒരു ബാഗ്. ഭക്ഷണം, വെള്ളം, പഠനോപകരണങ്ങൾ എന്നിവയൊന്നും ബാഗിൽ വച്ച് കൊടുത്ത് വിടേണ്ട ആവശ്യമില്ലെന്നും എല്ലാം സ്കൂൾ തന്നെ നൽകുന്നുണ്ടെന്നുമാണ് അമ്മ വിശദീകരിക്കുന്നത്. ബാഗിൽ ഭംഗിയായി ചേർത്തിരിക്കുന്ന ഒരു നെയിം ടാഗും അമ്മ വീഡിയോയിൽ പരിചയപ്പെടുത്തുന്നുണ്ട്. രാവിലെ എട്ടുമണി മുതൽ വൈകുന്നേരം നാലു വരെയാണ് സ്കൂൾ സമയമെന്നും വീഡിയോയിൽ വ്യക്തമാക്കുന്നു.